യൂറോപ്യൻ യൂണിയനിൽ നിന്നും വേറിട്ട് പോകാൻ ബ്രെക്‌സിറ്റിന് അനുകൂലമായി ബ്രിട്ടൻ വോട്ട് ചെയ്ത് അധികം വൈകാതെ ഇപ്പോൾ സ്‌പെയിനിൽ നിന്നും വേറിട്ട് പോയി സ്വതന്ത്രരാജ്യമാകാൻ കാറ്റലോണിയയും തയ്യാറെടുക്കുകയാണ്. എന്നാൽ കാറ്റലോണിയ ഇത്തരം വിഘടനവാദത്തിന്റെ ഒരു തുടക്കം മാത്രമാണെന്നും ലോകത്തിൽ വിവിധ രാജ്യങ്ങളിലെ നൂറോളം ഇടങ്ങളിൽ ഇത്തരം പിളർത്തൽ ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പേകുന്നത്.

ഇതനുസരിച്ച് ഇറ്റലിയിലും ജർമനിയിലും ഫ്രാൻസിലും ബ്രിട്ടനിലും ഉൾപ്പെടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം വിഘടനവാദം നിലനിൽക്കുന്നുണ്ട്. ആന്വൽ ട്രാൻസ്‌ഫോമിങ് വേൾഡ് അറ്റ്‌ലസിന്റെ 2017ലെ എഡിഷനിലാണ് ബാങ്ക് ഓഫ് അമേരിക്ക മെറിലൽ ലിൻച് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ടിനൊപ്പം ഇത്തരം സ്ഥലങ്ങളടങ്ങിയ ഒരു മാപ്പും ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്.

കാറ്റലോണിയക്ക് പുറമെ സ്‌കോട്ട്‌ലൻഡ്, ബാസ്‌ക്യൂ, ഫ്‌ലാൻഡേർസ്, വെനെറ്റോ തുടങ്ങിയ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ രാജ്യമാകുന്നതിനുള്ള പിളർത്തൽ ഭീഷണികൾ നിലനിൽക്കുന്നുവെന്നാണീ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

ഇതിന് പുറമെ ചിലയിടങ്ങൾക്ക് കൂടുതൽ സ്വയംഭരണാധികാരം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയപാർട്ടികളുടെ ശക്തമായ നീക്കവും നടക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. എത്രത്തോളം പ്രദേശങ്ങളാണ് പൂർണമായ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതെന്ന് ഈ മാപ്പ് വെളിപ്പെടുത്തുന്നു. ഇതിന് പുറമെ കൂടുതൽ സ്വതന്ത്രഭരണം ആവശ്യപ്പെടുന്ന പ്രദേശങ്ങൾ എതൊക്കെയാണെന്നും മൊത്തം പിളർപ്പ് ആവശ്യപ്പെടുന്ന ഇടങ്ങൾ ഏതൊക്കെയെന്നും ഈ ഭൂപടം വരച്ച് കാട്ടുന്നു. പൂർണമായി പിളർപ്പ് ആവശ്യപ്പെടുന്ന പ്രദേശങ്ങളെ ബോൾഡായിട്ടാണ് മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ യുകെയിലെ നോർത്തേൺ അയർലണ്ട്, ഐസ്ലെ ഓഫ് മാൻ, കോൺവാൾ എന്നിവ ഉൾപ്പെടുന്നു. ഫ്രാൻസിലെ ബ്രിട്ടനി, ജർമനിയിലെ ബവേറിയ, ഇറ്റലിയിലെ നോർത്തേൺ സൈപ്രസ്, സാർഡീനിയ എന്നിവ പൂർണമായും വേറിട്ട രാജ്യമാകാൻ ആഗ്രഹിക്കുന്ന യൂറോപ്യൻ പ്രദേശങ്ങളിൽ ചിലതാണ്. കൂടുതൽ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രദേശങ്ങളിൽ ഫ്രാൻസിലെ നോർമാൻഡി, യുകെയിലെ ഓർക്‌നെ ഐലന്റ്‌സ്, ഡെന്മാർക്കിലെ ബോൺഹോം എന്നിവ ഉൾപ്പെടുന്നു. യൂറോപ്പിന് പുറമെ ഫിലിപ്പീൻസ് മ്യാന്മാർ, ആഫ്രിക്ക എന്നിവിടങ്ങളിലും ഇത്തരം പ്രദേശങ്ങൾ വർധിച്ച് വരുകയാണ്.

കാറ്റലോണിയൻ പ്രശ്‌നത്തിൽ ഉടക്കി സ്‌പെയിൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ഓഹരി വിലകൾ ഇടിഞ്ഞ് താഴ്ന്നു

കാറ്റലോണിയയിൽ റഫറണ്ടം നടന്നതിന്റെ പശ്ചാത്തലത്തിൽ ഇവിടേക്കുള്ള നിക്ഷേപം സ്‌പെയിൻ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ സ്‌പെയിൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വക്കത്താണെന്നും സൂചനയുണ്ട്. അടുത്തിടെയുണ്ടായ റഫറണ്ടത്തെ സ്‌പെയിൻ നിയമവിരുദ്ധമാക്കി പ്രഖ്യാപിക്കുകയും അതിൽ വോട്ട് ചെയ്യാനെത്തുന്നവരെ പിന്തിരിപ്പിക്കാനായി പൊലീസിനെ വിട്ട് തല്ലിച്ചതയ്ക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കാറ്റലോണിയയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് സ്‌പെയിനിലെ ഓഹരികളുടെയും ബോണ്ടുകളുടെയും വിലകൾ കുത്തനെ ഇടിഞ്ഞിട്ടുമുണ്ട്. ഇബെക്‌സ് 35 സ്‌റ്റോക്ക് മാർക്കറ്റിൽ ബുധനാഴ്ച രണ്ട് പോയിന്റാണ് നഷ്ടമുണ്ടായിരിക്കുന്നത്.

കാറ്റലോണിയയിലെ അനിശ്ചിതത്വം യൂറോസോണിലും പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നു. സ്പാനിഷ് ജനസംഖ്യയുടെ വെറും 16 ശതമാനം പേർ അഥവാ 7.5 മില്യൺ പേരാണ് കാറ്റലോണിയയിൽ വസിക്കുന്നത്. എന്നാൽ സ്‌പെയിനിന്റെ മൊത്തം ജിഡിപിയുടെ 20 ശതമാനത്തിനടുത്ത് ഈ പ്രദേശത്ത് നിന്നാണ് ഉൽപാദിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ സ്‌പെയിനിന്റെ സാമ്പത്തിക ശക്തി കേന്ദ്രമായ കാറ്റലോണിയ വേറിട്ട് പോകുന്നത് കടുത്ത ഭീഷണിയാണ് സ്‌പെയിനിനുണ്ടാക്കുക. ഇത് യൂറോപ്യൻ യൂണിയനും ഗുണകരമല്ല.