സിഡ്നി: 1950 നും 2015നുമിടയിൽ ഓസ്ട്രേലിയയയിലെ ഏഴു ശതമാനം കത്തോലിക്കാ പുരോഹിതന്മാരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയ റോയൽ കമ്മീഷൻ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്.

യുഎസ്, അയർലൻഡ്, ബ്രസീൽ, നെതർലൻഡ്സ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതന്മാർ കുട്ടികളെ ലൈംഗികമായി ആക്രമിച്ചതിന്റെ വിവരങ്ങൾ ഇതിനകംതന്നെ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയിലെ കണക്കുകളും പുറത്തുവരുന്നത്.

പീഡനത്തിനിരയായ കുട്ടികളുടെ ശരാശരി പ്രായം പതിനൊന്നു വയസ്സാണ്. ആയിരത്തിലധികം കത്തോലിക്കാ സ്ഥാപനങ്ങളിൽ നിന്നായി 4444 പേരാണു പുരോഹിതരുടെ പീഡനത്തിനിരയായത്. പീഡനത്തിനിരയായ പെൺകുട്ടികളുടെ ശരാശരി പ്രായം 10.5 വയസ്സും ആൺകുട്ടികളുടേത് 11.5 വയസ്സുമാണ്. ചില രൂപതകളിലെ 15% പുരോഹിതന്മാരും കുട്ടികളെ ലൈംഗികമായി ആക്രമിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സെന്റ് ജോൺ ഓഫ് ഗോഡ് ബ്രദേഴ്സിലെ 40% കൊച്ചച്ചന്മാരും കുട്ടികളെ പീഡിപ്പിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു.

കണക്കെടുപ്പിൽ 1900 കുറ്റവാളികളെ കണ്ടെത്തി. കുറ്റകൃത്യം ചെയ്ത 500 പേരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.

മുതിർന്ന കൗൺസൽ അസിസ്റ്റന്റ് ഗെയിൽ ഫർനെസ്സാണ് കണക്കുകൾ പുറത്തുവിട്ടത്. 'ഇത്തരം വിഷയങ്ങളിൽ രൂപതകൾ വലിയ അലംഭാവം വരുത്തിയെന്നാണ് കമ്മീന്റെ വിലയിരുത്തൽ. കമ്മീഷന്റെ കണക്കെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലാണ്.