ന്യൂഡൽഹി: എന്തിനും ഏതിനും സിബിഐയെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന നാടാണ് കേരളം. എന്നാൽ, കേന്ദ്ര ഏജൻസിയോട് കടക്കുപുറത്തെന്ന് പറഞ്ഞിരിക്കുകയാണ് ആന്ധ്രപ്രദേശും ബംഗാളും. സംസ്ഥാനത്തെ കാര്യങ്ങൾ അന്വേഷിക്കുന്നതിന് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ.ക്ക് അനുമതി നൽകുന്ന 'ജനറൽ കൺസന്റ്' ആണ് ആന്ധ്രയും ബംഗാളും പിൻവലിച്ചത്. ഇതോടെ, ഈ സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് കീഴിലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിന് സിബിഐക്ക് ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ അനുമതി വാങ്ങേണ്ടിവരും. എന്നാൽ, കേന്ദ്ര ജീവനക്കാർക്കെതിരെ അന്വേഷിക്കുന്നതിന് തടസ്സമില്ല.

അടുത്തിടെയുണ്ടായ വിവാദങ്ങൾ സിബിഐയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും കേന്ദ്ര സർക്കാരിന്റെ ചട്ടുകമായാണ് സിബിഐ പ്രവർത്തിക്കുന്നതെന്നുമാരോപിച്ചാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സിബിഐയെ ആന്ധ്രയിൽനിന്ന് പുറത്താക്കിയത്. അഭിഭാഷരുടെയും ബുദ്ധിജീവികളുടെയും ഉപദേശപ്രകാരമാണിതെന്നും കർണാടകയിലും സിബിഐക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി എൻ ചിന രാജപ്പയും പറഞ്ഞു. ബിജെപിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന സിബിഐക്ക് വിശ്വാസ്യതയില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പറഞ്ഞു.

എന്നൽ, സിബിഐയെ പുറത്താക്കാനുള്ള ചന്ദ്രബാബു നായിഡുവിന്റെയും മമത ബാനർജിയുടെയും ബിജെപിയുമായുള്ള സഖ്യം ഒഴിവാക്കി കോൺഗ്രസ്സുമായി കൂട്ടുചേർന്ന ചന്ദ്രബാബു നായിഡുവിനെതിരേ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനാണ് നായിഡു അന്വേഷിക്കുന്നതിനുള്ള അനുമതി സിബിഐക്ക് നിഷേധിച്ചതെന്നും വിലയിരുത്തലുണ്ട്.

കേന്ദ്ര സർക്കാരും ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അവസാനത്തെ ഉദാഹരണങ്ങളാണ് സിബിഐയെ പുറത്താക്കിക്കൊണ്ടുള്ള ആന്ധ്രയുടെയും ബംഗാളിന്റെയും നടപടികൾ. തങ്ങളുടെ അതിർത്തിക്കുള്ളിൽനിന്നുകൊണ്ട് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതിനാണ് ഇവർ വിലക്ക് ഏർപ്പെടുത്തിയത്. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ ചുമതലയാണെന്നും സംസ്ഥാനങ്ങളിലുണ്ടാകുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അനുമതിയില്ലാതെ അന്വേഷിക്കാൻ സിബിഐകക്ക് അധികാരമില്ലെന്നുമാണ് ആന്ധ്രയുടെയും ബംഗാളിന്റെയും നിലപാട്.

എന്നാൽ, സംസ്ഥാനങ്ങളുടെ വിലക്ക് സിബിഐയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കില്ലെന്നും വിലയിരുത്തുന്നു. സുപ്രീം കോടതിയോ സംസ്ഥാനത്തെ ഹൈക്കോടതിയോ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ അവർക്കത് നിർവഹിക്കാവുന്നതേയുള്ളൂ. ഒരു പ്രത്യേക കേസിൽ തങ്ങളുടെ ഇടപെടൽ ആവശ്യമാണെന്നുതോന്നിയാൽ സിബിഐക്കും സുപ്രീംകോടതിയെയോ ഹൈക്കോടതികളെയോ സമീപിച്ച് അനുകൂല വിധി നേടാനും അന്വേഷണം നടത്താനും സാധിക്കും.