തിരുവനന്തപുരം: സർവീസ് ചട്ടലംഘന ഹർജിയിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ സിബിഐ എടുക്കുന്ന നിലപാടിൽ അവ്യക്തത. ജേക്കബ് തോമസിനെ കുടുക്കാൻ നടത്തുന്ന ശ്രമങ്ങളിൽ കേന്ദ്ര ഏജൻസിയുടെ താൽപ്പര്യമാണ് ചർച്ചയാകുന്നത്. 2009ൽ കെടിഡിഎഫ്‌സി മാനേജിങ് ഡയറക്ടറായിരിക്കെ മൂന്നു മാസത്തെ അവധിയെടുത്തു കൊല്ലം ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഡയറക്ടറായി ജോലി ചെയ്‌തെന്നും പ്രതിഫലം പറ്റിയെന്നുമാണു പരാതി. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ജേക്കബ് തോമസ് വിശദീകരിക്കുകയും അത് മുഖവിലയ്‌ക്കെടുക്ക് കേരള സർക്കാർ നടപടികൾ പൂർത്തിയാക്കിയതുമാണ്. ഇക്കാര്യത്തിൽ കിട്ടയ പണം ജേക്കബ് തോമസ് തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ സിബിഐ എന്ത് അന്വേഷണം നടത്താനാണെന്നതാണ് ഉയരുന്ന ചോദ്യം. എല്ലാം സുവ്യക്തമാണ്.

അതിനിടെ തനിക്കെതിരെ അന്വേഷണം നടത്താൻ തയാറാണെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയ സിബിഐക്കെതിരെ പരാതിയുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സിബിഐ ഡയറക്ടർക്കു കത്തയച്ചു. തനിക്കെതിരെ സിബിഐ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം നടപടിക്രമം പാലിക്കാതെയാണെന്നു ജേക്കബ് തോമസ് കത്തിൽ ചൂണ്ടിക്കാട്ടി. സിബിഐയ്‌ക്കെതിരെ വിജിലൻസ് കേസെടുക്കാനുള്ള തീരുമാനം വന്നതിന്റെ പ്രതികാരമാണ് ഈ നടപടിയെന്നും വിലയിരുത്തലുണ്ട്. എറണാകുളം പൊതുമരാമത്തു റസ്റ്റ് ഹൗസ് ഉപയോഗിച്ച ഇനത്തിൽ ഒൻപതു ലക്ഷം രൂപ വാടക നൽകാത്ത സംഭവത്തിൽ എറണാകുളം ജില്ലാ കലക്ടർ, സിബിഐ കൊച്ചി സൂപ്രണ്ട്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ എതിർകക്ഷികളാക്കി വിജിലൻസ് കേസെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് സിബിഐ നടപടിയെന്നാണ് ആക്ഷേപം.

1999-2007 വർഷത്തിലാണു സിബിഐ വാടക കുടിശിക വരുത്തിയത്. റസ്റ്റ് ഹൗസിലെ 18,19 നമ്പർ മുറികളാണു സിബിഐ സ്ഥിരമായി കൈവശം വച്ച് ഉപയോഗിച്ചത്. സംഭവത്തിൽ കേസെടുക്കണമെന്ന ഹർജിയെ തുടർന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയാണു കേസെടുക്കാൻ ഉത്തരവിട്ടത്. വാടകകുടിശിക പിരിച്ചെടുക്കാൻ 2015 ൽ വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടും വീഴ്ചവരുത്തിയ കുറ്റത്തിനാണു ജില്ലാ കലക്ടർക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും കേസിൽ ഉൾപ്പെടുത്തിയത്. വാടക നൽകാതെ എട്ടുവർഷം റസ്റ്റ് ഹൗസിലെ രണ്ടു മുറികൾ കൈവശം വച്ചതിന്റെ വിശദീകരണം ആരാഞ്ഞു സിബിഐക്കും വിജിലൻസ് കത്തു നൽകിയിരുന്നു. അതും അവഗണിക്കപ്പെട്ടതോടെയാണു നിയമനടപടികളുമായി മുന്നോട്ടു പോയത്. വടകര, തലശേരി, കൊല്ലം റസ്റ്റ് ഹൗസുകളും സിബിഐ വാടക നൽകാതെ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. സിബിഐയ്‌ക്കെതിരെ കേസെടുത്താൽ ജേക്കബ് തോമസിനേയും വെറുതെവിടില്ലെന്നാണ് കേന്ദ്ര ഏജൻസിയുടെ നിലപാട്. അങ്ങനെ കേരളത്തിലെ അഴിമതിക്കാരുടെ ഗൂഢാലോചനയിൽ സിബിഐയും വീണു.

സിബിഐയുടെ കേസെടുക്കൽ തീരുമാനത്തിൽ ഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥനെ സംബന്ധിച്ച കാര്യത്തിൽ നിലപാടെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമം പാലിച്ചില്ല. സിബിഐ നിലപാട് അസാധാരണമാണ്. സിബിഐ ഡയറക്ടറുടെ അറിവോടെയാണോ ഈ സത്യവാങ്മൂലം നൽകിയതെന്നതും നിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് സിബിഐ ഡയറക്ടർക്ക് ജേക്കബ് തോമസ് കത്തയച്ചത്. ജേക്കബ് തോമസിന്റെ നടപടി കുറ്റകരമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നും സിബിഐയുടെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്തടിസ്ഥാനത്തിലാണ് ഈ പരാമർശമെന്നും കത്തിൽ ചോദിക്കുന്നു. സത്യവാങ്മൂലത്തിന്റെ പകർപ്പ് സർക്കാരിനു കൈമാറാൻ പോലും സിബിഐ തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജേക്കബ് തോമസ് സർവീസ് ചട്ടം ലംഘിച്ചെന്ന പരാതി അന്വേഷിക്കാൻ തയാറാണെന്നാണു കഴിഞ്ഞ ദിവസം സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. സീനിയർ ഉദ്യോഗസ്ഥൻ വ്യക്തിഗത നേട്ടത്തിനായി ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നും മറ്റുമുള്ള ഗുരുതര ആരോപണങ്ങൾ ഹർജിയിൽ ഉള്ളതിനാൽ കേസ് ഏറ്റെടുക്കാമെന്നാണു സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കൂത്തുപറമ്പ് സ്വദേശി സത്യൻ നൽകിയ ഹർജിയിലായിരുന്നു സിബിഐയുടെ വിശദീകരണം. ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയെന്ന വാദത്തിൽ കഴമ്പില്ലെന്നു സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നു ചൂണ്ടിക്കാട്ടി സിബിഐ രംഗത്തെത്തിയത്. സിബിഐ ഡയറക്ടർക്ക് അയച്ച കത്തിന്റെ പകർപ്പ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും ജേക്കബ് തോമസ് കൈമാറി.