കൊച്ചി: കവിയൂർ കേസ് സിബിഐ അവസാനിപ്പിക്കുന്നു. കേസിലെ വിഐപി സാന്നിധ്യം കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ ഹൈക്കോടതിയിൽ. കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ അന്വേഷണം തുടരണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്

പെൺകുട്ടിയെ വിഐപികളുടെ അടുത്തുകൊണ്ടുപോയെന്ന് അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്ന് കോടതിയെ സിബിഐ അറിയിച്ചു. സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിട്ടുണ്ട്. മൂന്ന് വട്ടം അന്വേഷണം നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തെളിവുണ്ട്. എന്നാൽ വീടിന് പുറത്ത് നിന്നാരും പീഡിപ്പിച്ചെന്ന് തെളിയിക്കാനായിട്ടില്ല. കേസ് ഇനി അന്വേഷിക്കാനാവില്ലെന്നും തുടരന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.

സംഭവം നടന്ന് ഏറെനാൾ കഴിഞ്ഞാണ് കേസ് സിബിഐ.ക്ക് കിട്ടിയത്. അതിനാൽ ഡി.എൻ.എ. സാമ്പിളുകൾ കണ്ടെത്താനായില്ല. ഡി.എൻ.എ. സാമ്പിളുകൾ കണ്ടെത്താൻ ശ്രമിച്ച് പരാജയപ്പെട്ടെന്നും ഇനി അത് കണ്ടെത്താനാവില്ലെന്നും സിബിഐ. ഹർജിയിൽ പറയുന്നു. മുൻ റിപ്പോർട്ടുകളിലേത് പോലെ പെൺകുട്ടിയെ പീഡിപ്പിച്ചത് അച്ഛനോ ബന്ധുക്കളോ ആകാമെന്ന സംശയമാണ് സിബിഐ. ഇപ്പോഴും ചൂണ്ടിക്കാണിക്കുന്നത്.

ചില മൊഴികളുടെ അടിസ്ഥാനത്തിൽ സംശയമുന അച്ഛനിലേക്കാണെന്നും എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ലെന്നുമാണ് സിബിഐ.യുടെ റിപ്പോർട്ട്. ടി പി നന്ദകുമാർ പരാതിപ്പെട്ടത് പോലെ ലത നായർ വിഐപികളുടെ അടുത്തു കൊണ്ടുപോയെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. ടി പി നന്ദകുമാർ ഉന്നയിച്ചത് കളവുകളാണെന്നും സിബിഐ സംഘം സിബിഐ കോടതിയെ അറിയിച്ചു.

കവിയൂർ കൂട്ട മരണക്കേസിൽ സിബിഐയുടെ നാലാമത്തെ റിപ്പോർട്ടും കോടതി ഈ വർഷം ആദ്യം തള്ളിയിരുന്നു. കേസിൽ തുടരന്വേഷണം നടത്തണമെന്നും തിരുവനന്തപുരം സിബിഐ കോടതി കേസ് അന്വേഷിക്കുന്ന സിബിഐക്ക് നിർദ്ദേശം നൽകിയിരുന്നു. കൂട്ടമരണം ആത്മഹത്യയാണെന്നാണ് സിബിഐ നാലാമത്തെ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നത്. ഇതേ തുടർന്നാണ് സിബിഐ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.

കവിയൂർ കേസിൽ പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചെന്ന വാദത്തിൽ നിന്ന് മലക്കംമറിഞ്ഞ് സിബിഐ സമർപ്പിച്ച റിപ്പോർട്ടാണ് തിരുവനന്തപുരം സിബിഐ കോടതി തള്ളിയത്. വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടു. ആരാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്താൻ കഴിയാത്തതിനാലാണ് നാലാം റിപ്പോർട്ടും തള്ളിയത്. എന്നാൽ പെൺകുട്ടി ക്രൂര പീഡനത്തിന് ഇടയായെന്നും റിപ്പോർട്ടിലുണ്ട്. പിതാവ് പീഡിപ്പിച്ചെന്ന വാദത്തിനു തെളിവില്ലെന്നു കണ്ടെത്തിയതിനാൽ മൂന്നു റിപ്പോർട്ടുകളും കോടതി തള്ളുകയും തുടരന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നടത്തി സമർപ്പിച്ച നാലാം റിപ്പോർട്ടിലും പിതാവ് പീഡിപ്പിച്ചതിനു ശാസ്ത്രീയ തെളിവില്ലെന്നാണ് സിബിഐ വ്യക്തമാക്കിയത്.

2004 സെപ്റ്റംബർ 28 നാണ് കവിയൂരിൽ ക്ഷേത്രപൂജാരിയെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജാരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. കുട്ടിയെ രാഷ്ട്രീയ നേതാക്കൾക്ക് അടക്കം കാഴ്ച വെച്ചിരുന്നതായും ഇതിൽ മനംനൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നത്. കിളിരൂർ കേസിലെ മുഖ്യപ്രതിയായ ലതനായർ, കുട്ടിയെ പെൺവാണിഭത്തിന് ഇടയാക്കി എന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്. കേസിൽ അന്വേഷണം ആരംഭിച്ച സിബിഐ കുടുംബം ആത്മഹത്യ ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി ആദ്യ റിപ്പോർട്ട് നൽകി.

കിളിരൂർ കേസിലെ പ്രതി ലതാനായർക്ക് പൂജാരിയും കുടംബവും താമസിക്കാൻ അഭയം നൽകിയിരുന്നു. ഇത് പുറത്തറിഞ്ഞതിലുള്ള മാനഹാനി മൂലമാണ് ഇവർ ആത്മഹത്യ ചെയ്തതെന്നായിരുന്നു സിബിഐയുടെ നിഗമനം. പെൺകുട്ടിയെ ലതാ നായർ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ചില സിനിമക്കാർക്കും മറ്റും കാഴ്ചവച്ചതിന്റെ അപമാനത്താൽ കുടുംബം ആത്മഹത്യ ചെയ്തുവെന്നാണു ബന്ധുക്കളുടെ ആരോപണം.

2004 സെപ്റ്റംബർ 28നാണു കുടുംബത്തിലെ അഞ്ചു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കിളിരൂർ കേസിലെ മുഖ്യ പ്രതി ലതാ നായരാണു കേസിലെ ഏക പ്രതി. ലതാ നായർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കാണു സിബിഐ കേസ് എടുത്തത്. മറ്റു പല ഉന്നതർക്കും കേസിൽ ബന്ധമുണ്ടെന്നാണു ഹർജികളിലെ ആരോപണം. കേസിലെ വിഐപി ബന്ധം അടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പിതാവിന്റെ സഹോദരൻ, ക്രൈം പത്രാധിപർ ടി.പി.നന്ദകുമാർ എന്നിവരാണു കോടതിയിൽ ഹർജി സമർപ്പിച്ചത്.