- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാറിൽ പന്ത് 'മോദിയുടെ കോർട്ടിലേക്ക്'; കൈക്കൂലി നൽകിയത് ചാന്ദനി ചൗക്കിനടുത്തെന്ന സരിതയുടെ വെളിപ്പെടുത്തൽ വഴിത്തിരിവാകുമോ? കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന ഡൽഹി പൊലീസ് നിലപാട് നിർണ്ണായകം; സോളാർ കേസിൽ സിബിഐ അന്വേഷണം വരുമോ?
ന്യൂഡൽഹി: സിപിഎമ്മിനെ കതിരൂർ മനോജ് വധക്കേസിൽ കുരുക്കിയത് സിബിഐയാണ്. അതുകൊണ്ട് തന്നെയാണ് സോളാറും ബാർ കോഴയും സിബിഐയുടെ കൈയിലെത്താതിരിക്കാൻ കരുതലോടെ സംസ്ഥാന സർക്കാർ നീങ്ങിയത്. പേരിനെങ്കിലും വിജിലൻസ് അന്വേഷണം നടത്തിയത് അതുകൊണ്ട് കൂടിയാണ്. ഹൈക്കോടതിയിൽ ഈ വിഷയം എത്തിയപ്പോഴും പലന്യായങ്ങൾ പറഞ്ഞ് എതിർത്തു. അതിലെല്ലാം ഒരു പരിധി വരെ വി
ന്യൂഡൽഹി: സിപിഎമ്മിനെ കതിരൂർ മനോജ് വധക്കേസിൽ കുരുക്കിയത് സിബിഐയാണ്. അതുകൊണ്ട് തന്നെയാണ് സോളാറും ബാർ കോഴയും സിബിഐയുടെ കൈയിലെത്താതിരിക്കാൻ കരുതലോടെ സംസ്ഥാന സർക്കാർ നീങ്ങിയത്.
പേരിനെങ്കിലും വിജിലൻസ് അന്വേഷണം നടത്തിയത് അതുകൊണ്ട് കൂടിയാണ്. ഹൈക്കോടതിയിൽ ഈ വിഷയം എത്തിയപ്പോഴും പലന്യായങ്ങൾ പറഞ്ഞ് എതിർത്തു. അതിലെല്ലാം ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.
എന്നാൽ ഇനി അത് നടക്കില്ല. ബിജെപി വിചാരിച്ചാൽ സോളാർ കേസ് അന്വേഷണം സിബിഐയുടെ കൈയിലെത്തും. മുഖ്യമന്ത്രിയെ തന്നെ കേസിൽ പ്രതിയുമാക്കാം. ഇതിന്റെ സാധ്യതകൾ കരുതലോടെ പരിശോധിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. സോളാറിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെടുകുയം ചെയ്തിട്ടുണ്ട്.
സോളാർ കമ്മീഷനിലെ സരിതയുടെ മൊഴിയാണ് നിർണ്ണായകം. ചാന്ദ്‌നി ചൗക്ക് ഷോപ്പിങ് മാളിലെ പാർക്കിങ് ഏരിയയിൽ പണം കൈമാറൽ, ഒടുവിൽ പഞ്ചാബി ധാബയിൽ ചായ കുടിച്ച് പിരിയൽ. സോളാർ പദ്ധതിക്കു വേണ്ടിയുള്ള പണം കൈമാറ്റത്തിന്റെ കേന്ദ്രമായത് ഡൽഹിയായിരുന്നെന്നാണ് സരിത എസ്. നായർ പറയുന്നത്. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗമായ ജിക്കുവിന്റെ നിർദ്ദേശപ്രകാരമാണ് പണം കൈമാറൽ ഡൽഹിയിലാക്കിയത്. ബുധനാഴ്ച സോളാർ അന്വേഷണ കമ്മിഷൻ മുമ്പാകെ നടന്ന മൊഴിയെടുക്കലിൽ ഡൽഹിയിൽ നടന്ന കാര്യങ്ങൾ വിശദമായാണ് സരിത പറഞ്ഞത്. ഇതാണ് കോൺഗ്രസിനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും വിനയാകുന്നത്. അഴിമതി പണം നൽകിയത് ഡൽഹിയിലാണ്. അതുകൊണ്ട് തന്നെ സംഭവം നടന്ന സ്ഥലത്ത് കേസ് എടുക്കാം.
അതിനിടെ, മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്നു ഡൽഹി പൊലീസിനു പരാതി ലഭിച്ചു. ബിജെപി പ്രവർത്തകനാണു മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത്. ഡൽഹിയിൽ വച്ച് പണം കൈമാറി എന്ന വെളിപ്പെടുത്തൽ വന്നതിനെ തുടർന്നാണു പരാതി നൽകിയത്.
പ്രാഥമികമായ അന്വേഷണത്തിനൊടുവിൽ പൊലീസിനു എഫ്‌ഐആറും രജിസ്റ്റർ ചെയ്യാം. ഇവിടെ തീരുമാനം എടുക്കേണ്ടത് ഡൽഹി പൊലീസാണ്. അരവിന്ദ് കെജ്രിവാളാണ് ഡൽഹി ഭരിക്കുന്നത്. എന്നാൽ പൊലീസിന്റെ നിയന്ത്രണം കേന്ദ്ര സർക്കാരിനും. രാജ്യ തലസ്ഥാനത്തെ പ്രത്യേക സാഹചര്യമാണ് ഇതിന് കാരണം. ഇനി ഡൽഹി പൊലീസിന്റെ ചുമതല കെജ്രിവാളിന്റെ കൈയിലാണെങ്കിലും കാര്യമില്ല. അഴിമതിയുടെ കാര്യത്തിൽ കെജ്രിവാളും കടുംപിടിത്തക്കാരനാണ്. ഈ സാഹചര്യത്തിൽ സോളാറിലെ കോഴ കൈമാറ്റം ഡൽഹി പൊലീസ് അന്വേഷിക്കുമെന്നാണ് സൂചന. അതിന് ശേഷം കേരളവും ഡൽഹിയും കേന്ദ്ര സ്ഥാനത്ത് വരുന്നതിനാൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ സാധ്യതകൾ അനിവാര്യമാണെന്ന് ഡൽഹി പൊലീസിന് ആവശ്യപ്പെടാം. ഈ ഒറ്റ റിപ്പോർട്ട് മതി സിബിഐയിലേക്ക് കാര്യങ്ങളെത്താൻ.
അഴിമതിയിൽ നേരിട്ട് കേസ് എടുക്കാൻ സിബിഐയ്ക്ക് അവകാശമുണ്ട്. എന്നാൽ അത് കേന്ദ്ര സർക്കാരിന്റെ വിഷയങ്ങളിലാണ്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ഇതിനുള്ള അധികാരം വിജിലൻസിനും. ഏതെങ്കിലും ക്രിമിനൽ കേസുകൾ നേരിട്ട് അന്വേഷിക്കാൻ സിബിഐയ്ക്ക് കഴിയില്ല. അതായത് സോളാറിൽ അന്വേഷണം നടത്താൻ വിജിലൻസിനും പൊലീസിനും മാത്രമേ അവകാശമുള്ളൂ. ഈ അന്വേഷണം സിബിഐയ്ക്ക് ഏറ്റെടുക്കണമെങ്കിൽ ഹൈക്കോടതിയോ സംസ്ഥാന സർക്കാരോ ആവശ്യപ്പെടണം. സോളാറിൽ യുഡിഎഫ് സർക്കാർ അത്തരമൊരു നിർദ്ദേശത്തിന് മുതിരില്ല. കോടതിയുടെ നിലപാട് എന്താകുമെന്ന് ആർക്കും അറിയില്ല. എന്നാൽ ബിജെപിക്ക് കോൺഗ്രസിനെ തളയ്ക്കാൻ സിബഐ അന്വേഷണത്തിന് താൽപ്പര്യവുമുണ്ടായിരുന്നു. സരിതയുടെ പുതിയ മൊഴിയോടെ ഇതിനുള്ള സാധ്യതയാണ് തെളിയുന്നത്.
ആരെങ്കിലും ഡൽഹി പൊലീസിന് പരാതി നൽകിയാൽ പോലും കോഴ കൈമാറ്റം അന്വേഷിക്കും. ഇനി ഡൽഹിയിലെ കോടതിയിൽ ഇക്കാര്യത്തിൽ ഹർജിയും നൽകാം. അതും ഉമ്മൻ ചാണ്ടിക്ക് ആശ്വാസമാകില്ല. കേരളത്തിലെ കോടതികളെ പോലെ ഡൽഹിയിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ കാര്യക്ഷമമാകണമെന്നില്ല. അതിലുപരി ഡൽഹി പൊലീസ് കേസെടുക്കുന്ന സാഹചര്യമാകും ഇനി സോളാറിനെ നിർണ്ണായകമാവുക. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം ദേശീയ രാഷ്ട്രീയത്തിൽ സജീവമാണ്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൂടിയാകും ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും കുമ്മനം രാജശേഖരനും ഇക്കാര്യത്തിൽ ആശയ വിനിമയം സജീവമാക്കിയിട്ടുണ്ട്.
സോളാറിൽ സരിതയുടെ മൊഴി ഇങ്ങനെയാണ്- 012 ഡിസംബർ 27നാണ് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയത്. ആദ്യം സോളാർ കമ്പനി ജനറൽ മാനേജർ മോഹൻദാസും കൂടെ വരാമെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ പണവുമായി വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ പിന്നീട് തീരുമാനം മാറ്റി. പണം ഡൽഹിയിൽ എത്തിക്കാനുള്ള സംവിധാനം മോഹൻദാസ് ചെയ്തിരുന്നു. ഡൽഹിയിൽ എത്തിയ ഉടനെ ജിക്കുവിനെ ഫോണിൽ വിളിച്ചു. ജിക്കുവാണ് തോമസ് കുരുവിളയുടെ നമ്പർ തന്നത്. കുരുവിളയെ വിളിച്ചപ്പോൾ കേരള ഹൗസിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ മുഖ്യമന്ത്രി ഉണ്ടായിരുന്നു.
വിജ്ഞാൻ ഭവനിലെ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ വൈകീട്ട് മൂന്നിന് അവിടെ എത്താനായിരുന്നു അടുത്ത നിർദ്ദേശം. അതനുസരിച്ച് വിജ്ഞാൻ ഭവനിലെത്തി മുഖ്യമന്ത്രിയെ കണ്ടു. അവിടെ വച്ച് എന്തായി കാര്യങ്ങളെന്നും പണം കൈയിലുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചെന്നും സരിത കമ്മിഷനോട് പറഞ്ഞു. മോഹൻദാസ് പറഞ്ഞതനുസരിച്ച് ധീരജ് എന്നയാളാണ് തന്നോടൊപ്പം പണവുമായി എത്തിയത്. മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ വിട്ട ശേഷം കാണാമെന്നു പറഞ്ഞാണ് കുരുവിള പോയത്. ചാന്ദ്‌നി ചൗക്കിലെ ഷോപ്പിങ് മാളിലെ കാർ പാർക്കിങ് ഏരിയയിൽ കാത്തുനിൽക്കാനാണ് കുരുവിള പറഞ്ഞത്. രണ്ട് മണിക്കൂറിനു ശേഷമാണ് കുരുവിള എത്തിയത്. ഒപ്പമുണ്ടായിരുന്ന ഡ്രൈവറോട് പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞ ശേഷം കുരുവിള തന്നെ കാറിനകത്തേക്ക് വിളിച്ചു.
കാറിലിരുന്നാണ് തങ്ങൾ സംസാരിച്ചത്. തുടർന്ന് താൻ ധീരജിനെ വിളിച്ച് പണം നിറച്ച ബാഗ് കുരുവിളയുടെ കാറിൽ വെയ്ക്കാൻ പറഞ്ഞുവെന്നും സരിത കമ്മിഷനോട് പറഞ്ഞു. പണം കാറിൽ വച്ച ശേഷം കുരുവിള തന്നോട്, താമസിക്കുന്നത് എവിടെയാണെന്ന് അന്വേഷിച്ചെന്നും സരിത പറഞ്ഞു. പാർക്കിങ് ഏരിയയിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ കുരുവിള വീണ്ടും വിളിച്ചു. അടുത്തൊരു പഞ്ചാബി ധാബയുണ്ടെന്നും അവിടെ നിന്ന് ഭക്ഷണം കഴിക്കാമെന്നും പറഞ്ഞു. മര്യാദയുടെ പേരിൽ താൻ അവിടെ ചെന്നുവെന്നും ചായ കുടിച്ച് പിരിഞ്ഞെന്നും സരിത സോളാർ കമ്മിഷനോട് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഡൽഹി കേന്ദ്രീകരിച്ചുള്ള ക്രിമിനൽ പ്രവർത്തികളാണ്. ഇവ പ്രാഥമികമായി നിലനിൽക്കുന്നുവെന്ന് വന്നാൽ പോലും ഡൽഹി പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്.
അതിൽ സരിതയുടെ മൊഴിയിലുള്ളവരെയെല്ലാം പ്രതികളാക്കാം. കൈക്കൂലി നൽകൽ കേസായതിനാൽ സരിതയുടെ ഇതിൽ പ്രതിസ്ഥാനത്ത് വരുമെന്ന് മാത്രം. പ്രതി മാപ്പുസാക്ഷിയായി മാറിയാൽ കൂട്ടുപ്രതികൾക്ക് ശിക്ഷയും ഉറപ്പാകും.