ന്യൂഡൽഹി: എൻഡി ടി വി ചെയർമാനും സ്ഥാപകനുമായ പ്രണോയ് റോയിയുടെ വീട്ടിൽ സിബിഐ റെയ്ഡ്. വിദേശ പണമിടപാടുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് നടത്തുന്നത്. ദേശീയ തലത്തിൽ ബിജെപിക്കും സർക്കാറിനുമെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന ചാനൽ കൂടിയാണ് എൻഡിടിവി. അടുത്തകാലത്തായി ചാനൽ പ്രതിസന്ധിയിൽ ആയിരുന്നു.

പ്രണോയ് റോയിയുടെ ഭാര്യ രാധിക റോയ് എന്നിവരാണ് എൻഡി ടിവിയുടെ സ്ഥാപകർ. 396 കോടി രൂപ ഐസിഐസിഐ ബാങ്ക് വഴി ലോണെടുത്തതുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ നാലിടങ്ങളിലായി ഇപ്പോൾ പരിശോധന നടക്കുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെയാണ് ഡൽഹി ഗ്രേറ്റർ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് തുടങ്ങിയത്.

ഐസിഐസിഐ ബാങ്കിന് 48 കോടിയുടെ നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട് പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹിയിലും ഡെറാഡൂണിലുമായി നാലിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. 2015 ൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഫെമ ചട്ടം ഉപയോഗിച്ച് കോടികളുടെ ഫണ്ട് കൈമാറ്റം നടത്തിയതിന് എൻഡിടിവിക്ക് നോട്ടീസ് നൽകിയിരുന്നു. ഫണ്ട് കൈമാറ്റത്തിൽ ആർബിഐ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാട്ടി പ്രണോയ് റോയ്, ഭാര്യ രാധിക റോയ്, സീനിയർ എക്സിക്യുട്ടീവ് കെ.വി.എൽ നാരായണ റാവു എന്നിവർക്കാണ് അന്ന് നോട്ടീസ് നൽകിയത്.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് എൻഡിടിവി അവരുടെ വെബ്സൈറ്റിൽ ഈ വർഷം ആദ്യം വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. എൻഡിടിവിയുടെ ബിസിനസ് ചാനലായ പ്രോഫിറ്റ് അടുത്തിടെയാണ് അടച്ചുപൂട്ടിയത്. ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തക ബർക്ക ദത്തും അടുത്തിടെയാണ് ചാനലിൽ നിന്നും രാജിവെച്ചത്.