ചെന്നൈ: മുൻ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും നില പരുങ്ങലിൽ. യുപിഎ സർക്കാരിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നിൽ സിബിഐ നിലപാട് കടുപ്പിച്ചു. അധികാരത്തിൽ എത്തി മൂന്ന് മാസം അഴിമതിക്കേസുകളിൽ തുടർന്ന മെല്ലപ്പോക്ക് മോദി സർക്കാർ അവസാനിപ്പിക്കുകയാണ്. ഇതിന്റെ സൂചനയാണ് ചിദംബരത്തിന്റെ ചെന്നൈയിലെ വീടുകളിലും ഓഫീസുകളിലും സിബിഐ. പരിശോധന. നിരവധി ആരോപണങ്ങൾ ചിദംബരത്തിനെതിരെ ഉയർന്നിരുന്നു. എന്നാൽ ഒന്നിലും ക്രിയാത്മ നടപടി എടുത്തതുമില്ല. ഇതിന് വിരമാമിടുന്ന സൂചന നൽകിയാണ് സിബിഐയുടെ റെയ്ഡ്.

ഡൽഹി, ഗുരുഗ്രാം, മുംബൈ തുടങ്ങി 14 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കേ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് (എഫ്.ഐ.പി.ബി.) വഴി മാധ്യമസ്ഥാപനമായ ഐ.എൻ.എക്സ്. മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കാൻ അനധികൃത ഇടപെടൽ നടന്നുവെന്ന കേസിലാണ് നടപടി. കാർത്തിയുടെ പേരിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, സർക്കാർ ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ കേസുകളും 2007-ൽ വിദേശസ്ഥാപനങ്ങൾക്ക് ഓഹരി വിറ്റ കേസും സിബിഐ. ചുമത്തിയിട്ടുണ്ട്. പരിശോധന നടക്കുമ്പോൾ ചിദംബരം ഡൽഹിയിലും കാർത്തി ചെന്നൈയിലുമായിരുന്നു.

മാധ്യമശൃംഖലാ ഉടമ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരാണ് ഐ.എൻ.എക്സ്. മീഡിയയുടെ ഡയറക്ടർമാർ. പീറ്റർമുഖർജിയുടെ മുംബൈയിലെ വീട്ടിലും ചൊവ്വാഴ്ച സിബിഐ. റെയ്ഡ് നടത്തി. ഇന്ദ്രാണിയുടെ മുൻ ബന്ധത്തിലുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ അവരും ഭർത്താവ് പീറ്റർ മുഖർജിയും ഇപ്പോൾ വിചാരണ നേരിടുകയാണ്. കേന്ദ്രസർക്കാർ വകുപ്പുകളിലെ അഞ്ച് സെക്രട്ടറിമാരടങ്ങുന്നതാണ് എഫ്.ഐ.പി.ബി. ചെന്നൈയിൽ ചിദംബരവും മകൻ കാർത്തിയും താമസിക്കുന്ന നുങ്കമ്പാക്കത്തെ വീട്ടിലും കിൽപ്പോക്കിലെ ഓഫീസിലും കാരൈക്കുടിയിൽ കാർത്തിയുടെതന്നെ മറ്റൊരു വീട്ടിലുമായിരുന്നു പരിശോധന.

രാവിലെ ചെന്നൈയിൽ ആരംഭിച്ച റെയ്ഡ് ഏഴുമണിക്കൂർ നീണ്ടുനിന്നു. 2007-ൽ ഐ.എൻ.എക്സ്. മീഡിയയ്ക്ക് 486 കോടി രൂപ വിദേശനിക്ഷേപപ്രോത്സാഹന ബോർഡ് വഴി അനുവദിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് സിബിഐ. ആരോപിക്കുന്നത്. വ്യവസ്ഥകൾപ്രകാരം കമ്പനിക്ക് 4.6 കോടിമാത്രമേ ലഭിക്കാൻ അർഹതയുള്ളൂ. ഇതിൽ വൻ അഴിമതിയാണ് നടന്നതെന്ന് സിബിഐ. ആരോപിക്കുന്നു. ഈ കാലയളവിൽ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഇതുസംബന്ധിച്ച സേവനങ്ങൾക്കായി ഐ.എൻ.എക്സിൽനിന്ന് കൺസൾട്ടേഷൻ ഫീസ് വാങ്ങിയതായും സിബിഐ. കണ്ടെത്തി.

കാർത്തിയുടെ ഓഫീസിൽനിന്ന് കംപ്യൂട്ടറുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയിൽ സുപ്രധാനരേഖകൾ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ. അധികൃതർ ന്യൂഡൽഹിയിൽ പറഞ്ഞു. ചിദംബരത്തിന്റെ വീട്ടിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. തന്റെ വായ അടപ്പിക്കാനാണ് മോദിസർക്കാർ പരിശോധനയിലൂടെ ശ്രമിക്കുന്നതെന്ന് പി. ചിദംബരം പ്രതികരിച്ചു. ''പരിശോധന തീർത്തും അസംബന്ധമാണ്. കാർത്തിയെയും സുഹൃത്തുക്കളെയും നിശ്ശബ്ദരാക്കാൻ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് നൂറുകണക്കിന് കമ്പനികൾക്ക് പണം അനുവദിച്ചിട്ടുണ്ട്. അത് നിയമപ്രകാരമാണ് അനുവദിക്കുന്നത്. എനിക്കെതിരേ പരാതിയുമില്ല''- ചിദംബരം പറഞ്ഞു.

രാഷ്ട്രീയപ്രതികാരത്തിന്റെ പേരിലാണ് പരിശോധന നടന്നതെന്ന് കാർത്തി പറഞ്ഞു എന്റെ പേരിലുള്ള ആരോപണങ്ങൾ തെളിയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കാർത്തി, പീറ്റർ, ഇന്ദ്രാണി, ഐഎൻഎക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കാർത്തിയുടെ ചെസ് മാനേജ്മെന്റ് സർവ്വീസസ് ലിമിറ്റഡ്, അതിന്റെ ഡയറക്ടർ പത്മ വിശ്വനാഥൻ, ധനമന്ത്രാലയത്തിലെ പേരു വെളിപ്പെടുത്താത്ത ചില ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് സിബിഐ അഴിമതിക്കും കുറ്റകരമായ ഗൂഢാലോചനക്കും കേസെടുത്തിരിക്കുന്നത്. ചിദംബരത്തിനെതിരെ കേസ് എടുത്തിട്ടില്ലെങ്കിലും സിബിഐയുടെ നിരീക്ഷത്തിലാണെന്നാണ് സൂചന. ഐഎൻഎക്സ് കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകാൻ വിദേശ നിക്ഷേപ പ്രൊമോഷൻ ബോർഡ് ശുപാർശ ചെയ്യുകയും അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ശുപാർശ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. 2006 ആഗസ്റ്റിൽ സ്ഥാപിച്ച കമ്പനിക്ക് വിദേശത്തു നിന്ന് ഓഹരി മൂലധനമായി പണം പിരിക്കാൻ അനുമതി തേടി വിദേശ നിക്ഷേപ ബോർഡിന് അപേക്ഷ നൽകി. അപേക്ഷ സ്വീകരിച്ച ബോർഡ് വിവിധ വകുപ്പുകളുടെ നിലപാട് തേടി കത്തുകളയച്ചു. ഓഹരി വിറ്റ് 4.62 കോടി രൂപ സമാഹരിക്കാൻ ബോർഡ് അനുമതിയും നൽകി.

ഐഎൻഎക്സ് മീഡിയക്ക് ഐഎൻഎക്സ് ന്യൂസ് ചാനലിൽ ഫണ്ട് നിക്ഷേപിക്കണമെന്നുണ്ടെങ്കിൽ വേറെ അപേക്ഷ നൽകണമെന്നും ബോർഡ് വ്യക്തമാക്കി. അതിന് അനുമതി നൽകിയുമില്ല. പക്ഷേ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം രണ്ടിനും അനുമതി നൽകി. സകല നിബന്ധനകളും ലംഘിച്ച് ഐഎൻഎക്സ് ന്യൂസിൽ 26 ശതമാനം നിക്ഷേപം നടത്തി. 4.62 കോടി സമാഹരിക്കാനായിരുന്നു അനുമതിയെങ്കിലും 305 കോടിയാണ് സമാഹരിച്ചത്. ഇത് ആദായ നികുതി വകുപ്പ് കണ്ടെത്തുകയും നടപടി തുടങ്ങുകയും ചെയ്തു. അതോടെ കാർത്തിയും പീറ്ററും മറ്റും ചേർന്ന്, ധനമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ച് തലയൂരുകയായിരുന്നവെന്നാണ് ആരോപണം. സഹായം ചെയ്തു നൽകിയതിന് ഐഎൻഎക്സ് മീഡിയ കാർത്തിക്ക് വൻതോതിൽ പണവും നൽകി. പ്രഥമ വിവര റിപ്പോർട്ടിൽ സിബിഐ പറയുന്നു.