ചണ്ഡീഗഢ്: ഗുരുഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി പ്രദ്യുമ്‌നൻ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇക്കാര്യം അറിയിച്ചത്.

സ്‌കൂളിന്റെ ഗുരുഗ്രാം ശാഖയുടെ നടത്തിപ്പ് അടുത്ത മൂന്നുമാസത്തേക്ക് ഹരിയാന സ്‌കൂൾ ബോർഡ് ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂൾ നടത്തിപ്പ് കാര്യങ്ങളുടെ മേൽനോട്ടം ജില്ലാ കളക്ടർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ഇന്ന് സന്ദർശിച്ചു. സെപ്റ്റംബർ എട്ടിനായിരുന്നു പ്രദ്യുമ്‌നനെ സ്‌കൂളിലെ ശൗചാലയത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സ്‌കൂൾ ബസ് ഡ്രൈവറെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സി ബി ഐയെ കേസ് അന്വേഷണം ഏൽപിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് പ്രദ്യുമനന്റെ പിതാവ് പ്രതികരിച്ചു.