- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണ കരാർ നേടാൻ കോഴ കൊടുത്തുവെന്ന സന്തോഷ് ഈപ്പന്റെ മൊഴി; ലൈഫ് മിഷൻ കേസിൽ അന്വേഷണം തുടരാൻ സിബിഐ; സരിത്തിന് നോട്ടീസ്; ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും ചോദ്യംചെയ്യും
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ അന്വേഷണം തുടരാൻ സിബിഐ. കേസിലെ പ്രതി സരിത്തിനോട് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ നോട്ടീസ് നൽകി. രാവിലെ 11ന് തിരുവനന്തപുരം സിബിഐ ഓഫീസിൽ എത്താനാണ് നിർദ്ദേശം.
യുണിടാക് എംഡി സന്തോഷ് ഈപ്പനെ കേസിൽ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷനിൽ പാർപ്പിട നിർമ്മാണ കരാർ നേടാൻ കോഴകൊടുത്തുവെന്ന് നേരത്തെ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു.
കേസിൽ എം ശിവശങ്കർ, സ്വപന സുരേഷ് എന്നിവരേയും ചോദ്യം ചെയ്യും. സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസുമായി മുന്നോട്ട് പോകാൻ സുപ്രീംകോടതി സിബിഐയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
അന്വേഷണം സ്റ്റേ ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രമണ്യം എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷൻ സിഇഒ, സന്തോഷ് ഈപ്പൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണ് അഴിമതി കേസുകൾ സിബിഐ അന്വേഷിക്കുന്നത്. എന്നാൽ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണെന്ന് ലൈഫ് മിഷന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ വി വിശ്വനാഥ് ചൂണ്ടിക്കാട്ടിയിരുന്നു.
സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയിരുന്നതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഈ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇതിനെത്തുടർന്നാണ് സിബിഐ കേസുമായി മുന്നോട്ട് പോകുന്നത്.ലൈഫ് മിഷൻ കേസിൽ തിടുക്കം വേണ്ടെന്ന് സിബിഐക്ക് നേരത്തെ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായി വിവരങ്ങൾ ഉണ്ടായിരുന്നു.
ലൈഫ് മിഷൻ കേസിൽ കോടതിയിൽ നിന്നും ഇനി തിരിച്ചടിയുണ്ടാകാതെ നോക്കണമെന്നും കേന്ദ്രസർക്കാർ നിർദേശത്തിൽ പറയുന്നു. ലൈഫ് മിഷൻ കേസിൽ ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായി തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സിബിഐയ്ക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ