ന്യൂഡൽഹി: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 30:30:40 സ്‌കീമിൽ ലഭിക്കുന്ന മാർക്കിൽ തർക്കമുള്ളവരുടെ പരാതി പ്രത്യേക സമിതി പരിഗണിക്കും. മാർക്കിൽ തൃപ്തിയില്ലാവർക്ക് പരീക്ഷ എഴുതുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തും. സി.ബി.എസ്.ഇ. ആണ് സത്യവാങ്മൂലത്തിലൂടെ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

അനുകൂലമായ സമയത്താകും രജിസ്റ്റർ ചെയ്തവരുടെ പരീക്ഷ നടത്തുക. മെയിൻ വിഷയങ്ങളിൽ മാത്രമാകും പരീക്ഷ. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആ മാർക്കാകും അന്തിമഫലം. ഓഗസ്റ്റ് 15-നും സെപ്റ്റംബർ 15-നും ഇടയിൽ പരീക്ഷ നടത്താനാണ് ആലോചനയെന്നും സി.ബി.എസ്.ഇ. പരീക്ഷ കൺട്രോളർ സുപ്രീം കോടതിയെ അറിയിച്ചു.

കമ്പാർട്മെന്റ് പരീക്ഷയും ഓഗസ്റ്റ് പതിനഞ്ചിനും സെപ്റ്റംബർ പതിനഞ്ചിനും ഇടയിൽ നടത്താനാണ് ആലോചിക്കുന്നതെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.