- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരവനെയെ ബിപിൻ റാവത്തിന്റെ പിൻഗാമിയാക്കിയേക്കില്ല;സംയുക്ത സേനാ മേധാവിയുടെ തസ്തികയിലേക്കുള്ള ഉദ്യോഗസ്ഥന്റെ യോഗ്യത പുതുക്കിയത് കൂടുതൽ പേരെ പരിഗണിക്കാൻ; സിഡിഎസ് പദവിയിലേക്ക് ഉടൻ പുതിയ മുഖം എത്തിയേക്കും
ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയുടെ തസ്തികയിലേക്കുള്ള ഉദ്യോഗസ്ഥന്റെ യോഗ്യത സംബന്ധിച്ചു പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. ഇതുവരെ സായുധ സേനാ മേധാവികളെ മാത്രമാണ് സി.ഡി.എസ് ആയി നിയമിച്ചിരുന്നത്.
62 വയസ്സിൽ താഴെയുള്ള, നിലവിൽ സേനയിൽ ജോലി നോക്കുന്ന അല്ലെങ്കിൽ വിരമിച്ച ലഫ്. ജനറൽ, എയർ മാർഷൽ, വൈസ് അഡ്‌മിറൽ എന്നിവരെയാകും സംയുക്ത സേന മേധാവിയുടെ തസ്തികയിലേക്കു പരിഗണിക്കുക. 62 വയസ്സ് പ്രായപരിധി ഉണ്ടെങ്കിലും അടുത്തിടെ വിരമിച്ച സേനാ മേധാവികളും ഉപ മേധാവികളും ഈ തസ്തികയിലേക്ക് യോഗ്യരായിരിക്കുമെന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു.
ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായ ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് പുതിയ സേനാ മേധാവിക്കു വഴിയൊരുങ്ങിയത്. ബിപിൻ റാവത്തിന് പിൻഗാമിയെ കണ്ടെത്തിയിട്ടില്ല. അടുത്തിടെ വിരമിച്ച മുൻ കരസേനാ മേധാവി ജനറൽ എം.എം. നരാവനെയുടെ പേര് പറഞ്ഞു കേട്ടെങ്കിലും യോഗ്യതകളിൽ മാറ്റം വരുത്തിയതോടെ സർക്കാരിന്റെ പരിഗണനയിൽ മറ്റാരോ ഉണ്ടെന്ന് ഉറപ്പായി. നിലവിൽ താൽകാലി ചുമതല നരവനെയ്ക്ക് നൽകിയിട്ടുണ്ട്.
ഇനി മുതൽ കരസേനയിലെ ജനറൽ, ലെഫ്. ജനറൽ, നാവിക സേനയിലെ അഡ്‌മിറൽ, വൈസ് അഡ്‌മിറൽ, വ്യോമസേനയിലെ എയർചീഫ് മാർഷൽ, എയർമാർഷൽ തസ്തികകളിലുള്ളവർക്കും അവസരം ലഭിക്കും. ഈ പദവികളിലിരുന്ന് വിരമിച്ച 62 വയസ് തികയാത്തവരെയും പരിഗണിക്കുമെന്ന് മൂന്ന് സേനകളും വെവ്വേറെ ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സി.ഡി.എസിന്റെ കാലാവധി ആവശ്യമെങ്കിൽ 65 വയസു വരെ നീട്ടാമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വിരമിച്ച ഓഫീസർമാർക്ക് 62 തികയരുതെന്ന ഉപാധി സായുധ സേനാ മേധാവികളുടെ സി.ഡി.എസ് സാദ്ധ്യത ഇല്ലാതാക്കും. സായുധ സേനാ മേധാവികൾക്ക് മൂന്നു വർഷം അല്ലെങ്കിൽ 62 വയസുവരെയാണ് കാലാവധി. എന്നാൽ, യോഗ്യതയിൽ മാറ്റം വന്നതിനാൽ അർഹതയുള്ള നിരവധി ഉദ്യോഗസ്ഥരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ കഴിയുമെന്നാണ് പ്രതിരോധ മന്ത്രാലയം നൽകുന്ന വിശദീകരണം.
സംയുക്ത സേന മേധാവിയുടെ താൽക്കാലിക ചുമതല കരസേനാ മേധാവി ജനറൽ എം.എം നരവനെക്കാണ് കേന്ദ്ര സർക്കാർ നൽകിയിട്ടുള്ളത്. സംയുക്ത സേന മേധാവിയായിരുന്ന ബിപിൻ റാവത്ത് അപടത്തിൽ മരിച്ചതിനെ തുടർന്നാണ് എം.എം നരവനെ ചുമതല ഏറ്റെടുത്തത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ പിൻഗാമിയെ കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കും.
കര, നാവിക, വ്യോമ സേനാ മേധാവികൾ ഉൾപ്പെടുന്ന സമിതിയാണ് സൈനിക വിഷയങ്ങൾ തീരുമാനിക്കുന്ന പ്രധാന സമിതി. ചൈനയുമായും പാക്കിസ്ഥാനുമായും അതിർത്തി പ്രശ്നങ്ങളുണ്ട് ഇന്ത്യക്ക്. ഭാവിയിൽ മൂന്ന് സേനാ വിഭാഗങ്ങളേയും ഒരുമിച്ച് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനിക മേധാവി എന്ന പദവി സൃഷ്ടിച്ചത്.
മറുനാടന് മലയാളി ബ്യൂറോ