കൈയിൽ രക്ഷാബന്ധൻ കെട്ടുന്നവരെയെല്ലാം ആർഎസ്എസുകാരായി കണക്കാക്കുന്ന പ്രവണത മിക്കവർക്കുമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നാം സായിപ്പന്മാരെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം യുകെയിലെ ഹിന്ദുസമൂഹം ബ്രിട്ടീഷ് സൈനികർക്ക് രാഖി കെട്ടിക്കൊണ്ടാണ് രക്ഷാബന്ധൻ മഹോത്സവം ആഘോഷിച്ചിരിക്കുന്നത്.

ആംഡ് ഫോഴ്സസ് ഹിന്ദു നെറ്റ് വർക്കാണ് രാജ്യവ്യാപകമായി ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് ആർമി, റോയൽ നേവി, റോയൽ എയർഫോഴ്സ് എന്നിവയിലെ അംഗങ്ങൾ ഇതിൽ പങ്കെടുത്ത് രാഖി കെട്ടാൻ സജീവമായി രംഗത്തെത്തിയിരുന്നു.ബോൽട്ടൻ, ബെർമിങ്ഹാം, കാർഡിഫ്, ലണ്ടൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് മുഖ്യമായും ആഘോഷപരിപാടികൾ അരങ്ങേറിയിരിക്കുന്നത്.

സായുധ സേനയിലെ മുതിർന്ന ഓഫീസർമാരും അംഗങ്ങളും വിവിധ ഇടങ്ങളിൽ നടന്ന പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. റിട്ടയേഡ് ഹോണറബിൾ ഹൗസ് ഓഫ് ലോർഡ്സിലെ എംഒഡി മിനിസ്റ്റർ ഓഫ് സ്റ്റേറ്റായ ഏൾ ഹോവ്,വൈസ് ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫായ ജനറൽ സർ ഗോർഡൻ മെസഞ്ചർ,നേവൽ റീജിയണൽ കമാൻഡർ ഫോർ നോർത്തേൺ ഇംഗ്ലണ്ടായ കോമഡോർ ഗാരി ഡോയ്ലെ, സർജൻ ജനറലായ സർജൻ വൈസ് അഡ്‌മിറൽ അലാസ്ഡെയിൽ വാക്കർ, വെയിൽസിലെ എയർ ഓഫീസറായ എയർ കോമോഡോർ ഡായ് വില്യംസ് തുടങ്ങിയ നിരവധി പ്രമുഖർ വിവിധ ക്ഷേത്രങ്ങളിൽ നടന്ന രക്ഷാബന്ധൻ മഹോത്സവത്തിൽ ഭാഗഭാക്കായിരുന്നു.

കുടുംബത്തിലും സമൂഹത്തിലും അംഗങ്ങൾ തമ്മിലുള്ള പരസ്പര പിന്തുണയും സംരക്ഷണവും വളർത്തുന്നതിന്റെ പ്രതീകമായിട്ടാണ് രക്ഷാബന്ധൻ മഹോത്സവം കൊണ്ടാടുന്നത്. ഇതിന്റെ ഭാഗമായി കൈത്തണ്ടകളിൽ പരസ്പരം രാഖി കെട്ടിക്കുകയും ചെയ്തിരുന്നു. ലണ്ടനിലെ ശ്രീ സ്വാമിനാരായൻ മന്ദിറിൽ നടന്ന ആഘോഷ പരിപാടിയിലാണ് ഹൗസ് ഓഫ് ലോർഡ്‌സിലെ എംഒഡി മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് പങ്കെടുത്തിരിരിക്കുന്നത്. ഇപ്പോൾ കൈകളിൽ പരസ്പരം അണിയിച്ചിരിക്കുന്ന രാഖി ഹിന്ദു മതക്കാർക്കിടയിലെ ബന്ധം വളർത്താൻ വേണ്ടി മാത്രമല്ലെന്നും സൈന്യത്തിലെ എല്ലാവർക്കുമിടയിലുള്ള ബന്ധവും പരസ്പരം വിശ്വാസവും പരിപോഷിപ്പിക്കാൻ ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ഹിന്ദുമത വിശ്വാസ പ്രകാരം സ്വർഗരാജാവായ ഇന്ദ്രൻ അസുര ചക്രവർത്തിയായ ബലിയുമായി പോരാടാനിറങ്ങുമ്പോൾ ഇന്ദ്രന്റെ ഭാര്യ സാചി ഭർത്താവിന്റെ രക്ഷക്കായി കെട്ടിയ നൂലിന്റെ ഓർമയെന്നോണമാണ് രക്ഷാബന്ധൻ വേളയിൽ രാഖി കെട്ടുന്നതെന്നാണ് ഒരു വിശ്വാസം. ഹിന്ദു പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഉള്ള കഥാപാത്രങ്ങൾ പ്രകടിപ്പിക്കുന്ന മൂല്യങ്ങളും ധൈര്യവും അച്ചടക്കവും ആദരവും ഐക്യവും സൈനികർ വർത്തമാനകാലത്തിലും നിർബന്ധമായി പുലർത്തേണ്ടുന്ന മൂല്യങ്ങളാണെന്നാണ് ഡിഫെൻസ് സ്റ്റാഫിന്റെ വൈസ് ചീഫായ ജനറൽ ഗോർഡൻ മെസൻജൻ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്. ബെർമിങ്ഹാമിലെ ശ്രീ ഗീതാ ഭവൻ ക്ഷേത്രത്തിൽ വച്ചായിരുന്നു രക്ഷാബന്ധൻ മഹോത്സവം അരങ്ങേറിയത്. ഇതിൽ സർജൻ ജനറലായ സർജൻ വൈസ് അഡ്‌മിറൽ അലാസ്‌ദൈയിർ വാക്കർ മുഖ്യാതിഥിയായിരുന്നു.സൈനികർക്ക് സമാധാനം നിലനിർത്തുക, മനുഷ്യത്വപരമായ സേവനങ്ങൾ ചെയ്യുക, എന്നീ കർത്തവ്യങ്ങൾ കൂടിയുണ്ടെന്നും എബോള ബാധിച്ചപ്പോൾ പട്ടാളക്കാർ ഇത്തരം കാര്യങ്ങളിൽ പുലർത്തിയ ഉത്തരവാദിത്വം കണ്ടറിഞ്ഞതാണെന്നും അദ്ദേഹം എടുത്തു കാട്ടുന്നു.

ഹിന്ദുക്കൾ ബ്രിട്ടനിലെ സൈന്യത്തിന് നൽകിയ അനിവാര്യമായ സംഭാവനകൾ അവിസ്മരണീയമാണെന്നാണ് സർക്കാർ വെബ്‌സൈറ്റ് ഈ അവസരത്തിൽ പരാമർശിക്കുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ വിവിധ രാജ്യങ്ങളിൽ 1,750,000 ഹിന്ദുക്കളുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് 1.2 മില്യൺ ഹിന്ദുക്കൾ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്നു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, തുടങ്ങിയ ഇടങ്ങളിൽ ഇവരെ വിന്യസിച്ചിരുന്നു. ഇപ്പോൾ രാജ്യത്തിലെ സൈന്യത്തിൽ 2500 ഹിന്ദുമത വിശ്വാസികളാണുള്ളതെന്നാണ് ആംഡ് ഫോഴ്‌സസ് ഹിന്ദു നെറ്റ് വർക്ക് ചാമ്പ്യനായ റിയർ അഡ്‌മിറൽ ഗ്രായ്‌മെ മാക്കേ ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടനിലെ ഹിന്ദുസമൂഹവും ആംഡ് ഫോഴ്സുകളും തമ്മിലുള്ള സൗഹൃദവും സാഹോദര്യവും പരസ്പര പിന്തുണയും സുരക്ഷയും വളർത്താനാണ് ഈ രക്ഷാബന്ധൻ വേള പ്രയോജനപ്പെടുത്തുന്നതെന്നാണ് ആംഡ് ഫോഴ്സസ് ഹിന്ദു നെറ്റ് വർക്ക് ചെയറായ സർജൻ ലെഫ്റ്റനന്റ് കമാൻഡർ മനിഷ് തയാൽ പറയുന്നത്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ