കോഴിക്കോട്: സിമന്റ് നിർമ്മാതാക്കളായ വൻ കമ്പനികൾ തങ്ങൾക്ക് തരാനുള്ള കോടികളുടെ കമ്മീഷൻ കുടിശ്ശികയാക്കിയതോടെ കേരളത്തിലെ സിമന്റ് വ്യാപാരികൾ സമരത്തിൽ. ഇതോടെ സംസ്ഥാനത്തെ നിർമ്മാണമേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും സിമന്റ് കിട്ടാതായതോടെ നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ചിരക്കയാണ്.

ഒമ്പതുലക്ഷം ടൺവരെയാണ് കേരളത്തിലേക്ക് പ്രതിമാസമുള്ള ശരാശരി സിമന്റ് ഇറക്കുമതി. അതിപ്പോൾ നാല് ടൺവരെയായി താഴ്ന്നു. ജൂൺ ഒന്നിനുശേഷം സിമന്റ് വരവ് നിലച്ചിരിക്കുകയാണ്. മൂന്നാഴ്ചയായി സംസ്ഥാനത്ത് സിമന്റിന് നേരിടുന്ന ക്ഷാമം സമരത്തോടെ രൂക്ഷമാകുമെന്ന ആശങ്കയിലാണ് നിർമ്മാണമേഖല. ചെറുകിട നിർമ്മാതാക്കളെയും സാധാരണക്കാരെയും പൊതുമരാമത്ത് കരാറുകാരെയുമാണ് ക്ഷാമം ദുരിതത്തിലാക്കിയിരിക്കുന്നത്. സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ബുധനാഴ്ച മുതൽ സമരം ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തെ വിവിധ സിമന്റ് ഗുഡ്‌സ് ഷെഡുകളിലത്തെിയ വാഗണുകളിൽനിന്ന് സിമന്റ് ഇറക്കാനാവാത്തത് റെയിൽവേക്കും ബാധ്യതയായി.

തുക മുഴുവൻ മുൻകൂർ വാങ്ങിയാണ് വ്യാപാരികൾക്ക് നിർമ്മാതാക്കൾ സിമന്റ് നൽകുന്നത്. ഇതിൽനിന്ന് വ്യാപാരികൾക്കുള്ള കമ്മിഷൻ സാമ്പത്തിക വർഷാവസാനം ഒരുമിച്ച് നൽകുകയാണ് പതിവ്. ജൂൺവരെയുള്ള ക്രെഡിറ്റിൽ കമ്പനികളിൽനിന്ന് കമ്മിഷൻ ഇനത്തിലുള്ള തുക ലഭിക്കാതായതോടെയാണ് വ്യാപാരികൾ സമരത്തിനിറങ്ങിയത്. ആദ്യഘട്ടമായി വിദേശ കമ്പനികളായ എ.സി.സിയുടെ സിമന്റുകളാണ് ബഹിഷ്‌കരിച്ചത്. 20 മുതൽ സുവാരി കമ്പനിയുടെ സിമന്റും ബഹിഷ്‌കരിക്കുമെന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ആർ. ഫ്രാൻസിസ് പറഞ്ഞു. സംസ്ഥാനത്തെ അയ്യായിരത്തോളം സിമന്റ് വ്യാപാരികൾക്കായി കോടികൾ ലഭിക്കാനുണ്ട്. ചെറുകിട വ്യാപാരികൾക്ക് മാത്രം 15 മുതൽ 40 ലക്ഷം രൂപവരെ കമ്മിഷൻ ഇനത്തിൽ കിട്ടാനുണ്ട്. വൻകിട വ്യാപാരികൾക്കിത് ഒരു കോടി രൂപ വരെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിലവർധ ലക്ഷ്യമിട്ട് സിമന്റ് നിർമ്മാതാക്കൾ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും ആക്ഷേപമുണ്ട്. സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനിൽ അംഗങ്ങളായ വമ്പൻ കമ്പനികളാണ് കൃത്രിമക്ഷാമം ഉണ്ടാക്കുന്നതെന്ന് സിമന്റ് വ്യാപാരികൾ പറയുന്നു. ആവശ്യത്തിന് ആഭ്യന്തര ഉൽപാദനം നടന്നിട്ടുണ്ടെങ്കിലും അത് പൂഴ്‌ത്തിവച്ച് ക്ഷാമം സൃഷ്ടിച്ച് വിലവർധിപ്പിക്കാനാണ് ശ്രമം.
സിമന്റിന് നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന വിലയുള്ളത് കേരളത്തിലാണ്. കശ്മീരിൽ 285 രൂപ വിലയുള്ള സിമന്റിന് 335 മുതൽ 420 വരെയാണ് സംസ്ഥാനത്തെ വില. മുംബൈയിലും ആന്ധ്ര മാർക്കറ്റിലും സിമന്റിന് ചില്ലറ വിപണിയിൽ 50 കിലോ ചാക്കൊന്നിന് 230 മുതൽ 250 രൂപവരെമാത്രം വിലയുള്ളപ്പോഴാണ് കേരളത്തിൽ വലിയ വിലയും ക്ഷാമവും. മാർച്ച്വരെ 390 രൂപവരെയുണ്ടായിരുന്ന സിമന്റിന് ഇപ്പോൾ 410 രൂപയായി. 500 രൂപയിൽ എത്തിക്കാനാണ് നിർമ്മാണക്കമ്പനികളുടെ ശ്രമമെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.

അതേസമയം, ഉൽപാദകരുമായി സഹകരിച്ച് സിമന്റ് ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റത്തിനാണ് ഡീലേഴ്‌സ് അസോസിയേഷൻ സമരത്തിന്റെ ലക്ഷ്യമെന്നാണ് വ്യാപാരികളുടെ മറ്റൊരു സംഘടനയായ സ്റ്റേറ്റ് സിമന്റ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി അറിയിച്ചു. സമരം കാരണം സിമന്റ് ലഭിക്കാത്തവർ തങ്ങളുടെ ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെട്ടാൽ പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമരം തുടങ്ങിയതുമൂലം കോഴിക്കോട് കല്ലായി ഗുഡ്‌സ് യാർഡിലടക്കം എത്തിയ സിമന്റ് വാഗൺ ഇന്നലെ ഇറക്കാനായില്ല. സമരക്കാർ സിമന്റ് ഇറക്കാൻ അനുവദിക്കാത്തതിനെതുടർന്ന് ബുധനാഴ്ച രാവിലെ കല്ലായിയിലത്തെിയ 42 വാഗൺ സിമന്റാണ് ഇറക്കാൻ സാധിക്കാത്തത്. 265 ലോറികളും നൂറിലധികം ചുമട്ടുതൊഴിലാളികൾക്കും ഇതോടെ തൊഴിലെടുക്കാനായില്ല.

വാഗണിൽനിന്ന് ചരക്ക് ഇറക്കാതെ നിർത്തിയിടുന്ന ഓരോ മണിക്കൂറിനും റെയിൽവേക്ക് ഭീമമായ തുക പിഴയിനത്തിൽ നൽകേണ്ടിവരുന്നത് സിമന്റിന്റെ വില വർധനക്കും ഇടയാക്കും. ഒരു മണിക്കൂർ വൈകിയാൽ ബോഗി ഒന്നിന് 150 രൂപയും അതിന്റെ 4.5 ശതമാനം തുക നികുതിയായും നൽകണം. ഇത്തരത്തിൽ 42 ബോഗികളടങ്ങുന്നതാണ് ഒരു റേക്ക് ഗുഡ്‌സ് ട്രെയിൻ. ഒരു ദിവസം മുഴുവൻ വാഗൺ പിടിച്ചിടേണ്ടിവന്നാൽ 1.60 ലക്ഷം രൂപ അധിക തുകയായി നൽകേണ്ടിവരും. വൈകീട്ട് മൂന്നുവരെയുള്ള സൗജന്യസമയത്തിന് ശേഷമുള്ള 12 മണിക്കൂർ സമയത്തിന് ഇതിന്റെ ഇരട്ടി തുകയാണ് നൽകേണ്ടത്.

ബുധനാഴ്ച സമരം തുടങ്ങിയതോടെ യാർഡിലെ ലോറികൾക്കും ചുമട്ട് തൊഴിലാളികൾക്കും തൊഴിലില്ലാത്ത അവസ്ഥയാണ്. കൂടാതെ വിവിധ സിമന്റ് വ്യാപാരികൾക്ക് എത്തിക്കേണ്ട ലോഡുകൾ മുടങ്ങിയതോടെ നിർമ്മാണമേഖലയിലെ ആയിരക്കണക്കിന് പേരും വലയും. കനത്ത മഴയെ തുടർന്ന് പൊതുവിൽ നിർമ്മാണമേഖലയിലെ പണി കുറഞ്ഞ സാഹചര്യത്തിലാണ് സിമന്റിന്റെ വരവ് കൂടി നിലച്ചത്. ഇത് തൊഴിലാളികൾക്കെന്നപോലെ ഫ്‌ളാറ്റ് ഉൾപ്പെടെയുള്ള വൻകിട നിർമ്മാണത്തെയും ബാധിക്കും. സമരം ഒത്തുതീർപ്പാകുന്നതവരെ ഗുഡ്‌സ് വാഗൺ മടക്കി അയക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് റെയിൽവേ അധികൃതരും. പിടിച്ചിട്ട വാഗൺ തിരിച്ചയച്ചാലേ അടുത്ത വാഗണുകൾക്ക് എത്താൻ കഴിയൂ എന്നതും പ്രതിസന്ധിക്കിടയാക്കുന്നതാണ്.