ത് ഇറാഖിലെ അൽവാദി അൽ-സലാം സെമിത്തേരിയാണ്. ഇറാഖിൽ ദശാബ്ദങ്ങളായി തുടരുന്ന യുദ്ധങ്ങളുടെ ഞെട്ടിപ്പിക്കുന്ന തിരുശേഷിപ്പാണീ സെമിത്തേരി. പത്ത് കിലോമീറ്റർ നിറഞ്ഞ് 50 ലക്ഷം കല്ലറകളാണിവിടെയുള്ളത്. ലോകത്തെ ഏറ്റവും വലിയ ഈ സെമിത്തേരിയിൽ എന്നിട്ടും ഇടം തികയുന്നില്ലെന്നാണ് റിപ്പോർട്ട്. ഇറാഖ് യുദ്ധത്തിന്റെ ക്രൂരമായ മാനുഷിക മുഖം കാണാൻ ഇവിടെ ഒരു നിശ്ചലമായ അടയാളമായി ഈ ശവപ്പറമ്പ് നിലകൊള്ളുകയാണ്. ഐസിസിന്റെ ആക്രമണം സമീപ വർഷങ്ങളിൽ ഇറാഖിൽ അധികരിച്ചതിനെ തുടർന്ന് ഇവിടെ അടക്കം ചെയ്യപ്പെടുന്നവരുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുന്ന വിഷമാവസ്ഥയുമുണ്ട്.

പീസ് വാലി എന്ന് കൂടി അറിയപ്പെടുന്ന ഈ സെമിത്തേരിക്ക് ഷിയാ മുസ്ലീങ്ങളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. ഇവരുടെ ആദ്യ ഇമാമായ അലി ബിൻ അബി താലിബിന്റെ മുസോളിയം ഇതിനെ വലയം ചെയ്താണ് നിലകൊള്ളുന്നത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കസിനും മകളുടെ ഭർത്താവുമാണ് താലിബ്. ഇദ്ദേഹത്തെ ഇവിടെ കബറടക്കിയതിന് ശേഷം ഈ സെമിത്തേരി ലോകത്തിലെ ഏറ്റവും വലിയ സെമിത്തേരിയായി മാറുകയായിരുന്നു.

ഇറാഖിൽ സമീപകാലത്തുണ്ടായ യുദ്ധങ്ങളെ തുടർന്ന് ഈ സെമിത്തേരിയിൽ അടക്കാൻ കൊണ്ടു വരുന്നവരുടെ എണ്ണം വർധിച്ചിരുന്നു. 2014 മുതൽ ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് വിളയാടാൻ തുടങ്ങി ആയിരങ്ങളെ കൊന്നൊടുക്കിയതോടെ ഇവിടേക്കെത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടായി. അതിനെ തുടർന്ന് ദിവസേന ചുരുങ്ങിയത് 200 മൃതദേഹങ്ങളെങ്കിലും ഇവിടെ സംസ്‌കരിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഐസിസ് കൂട്ടഹത്യകൾ ആരംഭിക്കുന്നതിന് മുമ്പ് ഇവിടെ ദിവസേന 80ഓളം കബറടക്കങ്ങൾ മാത്രമേ ഇവിടെ നടക്കാറുണ്ടായിരുന്നുള്ളൂവെന്നാണ് ഈ സെമിത്തേരിയുടെ ചരിത്രകാരനായ ജിഹാദ് അബു സായ്ബി വെളിപ്പെടുത്തുന്നത്.

ഇവിടെ നാൾക്ക് നാൾ ശവമടക്കുന്നതിനുള്ള സ്ഥലം കുറഞ്ഞ് വരുന്നതിനാൽ ഇവിടെ അടക്കുന്നതിനുള്ള ചെലവും വർധിച്ച് വരുന്നുണ്ട്. നിലവിൽ 3000 പൗണ്ട് ചെലവാക്കിയാൽ മാത്രമേ ഇവിടെ ശവമടക്കാൻ സാധിക്കുകയുള്ളൂ. ഇതിലൂടെ സ്റ്റാൻഡേർഡ് 25 സ്‌ക്വയർ മീറ്റർ സ്ഥലമാണ് ലഭിക്കുന്നത്. നാല് സ്‌ക്വയർ മൈൽസ് കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന സെമിത്തേരിയിൽ വിവിധ ആകൃതികളിലുള്ള കുഴിമാടങ്ങൾ കാണാം. ലോകമാകമാനമുള്ള ഷിയാ വിശ്വാസികൾ ഈ വിശുദ്ധ സ്ഥലത്ത് ശവമടക്കാനായി എത്തുന്നുണ്ട്. ഇറാഖികൾ കഴിഞ്ഞാൽ അയൽക്കാരായ ഇറാനികളുടെ മൃതദേഹങ്ങളാണ് കൂടുതലായി ഇവിടെ അടക്കുന്നത്.

1700 ഇറാഖി സൈനികരെ അരും കൊല ചെയ്ത 36 ഐസിസ് ഭീകരരെ ഈ ആഴ്ച ഇറാഖിൽ തൂക്കിക്കൊന്നിരുന്നു. മനുഷ്യാവകാശ ഗ്രൂപ്പുകളിൽ നിന്നും കടുത്ത എതിർപ്പുണ്ടായിട്ടും ഇറാഖിലെ ജയിലിൽ വച്ച് നടത്തിയ ഈ കൂട്ട വധശിക്ഷയ്ക്ക് ഇറാഖി പ്രസിഡന്റ് അംഗീകാരം നൽകുകയായിരുന്നു. ഐസിസുകാർ ഇറാഖിലെ സ്പെയ്ച്ചെർ പട്ടാളക്യാമ്പ് ആക്രമിച്ച് പട്ടാളക്കാരെ തട്ടിക്കൊണ്ട് പോയി വധിച്ചത് 2014 ജൂൺ 12നായിരുന്നു.