- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോണ് തട്ടിപ്പ് ആപ്പുകൾക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രം; നീക്കം രണ്ടുമാസത്തെ തുടർച്ചയായുള്ള നിരീക്ഷണത്തിന് പിന്നാലെ; നടപടിയിൽ നിർണ്ണായകമായത് തട്ടിപ്പ് നിയന്ത്രിച്ചത് ചൈനീസ് പൗരന്മാരെന്ന പ്രതികളുടെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ചൈനീസ് ലോൺതട്ടിപ്പ് ആപ്പുകൾ പൂട്ടാനൊരുങ്ങി കേന്ദ്രം.ലോൺ തട്ടിപ്പ് ആപ്പുകൾക്കെതിരായ നടപടി കടുപ്പിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.കഴിഞ്ഞ രണ്ടുമാസമായി ലോൺ ആപ്പുകളുടെ പ്രവർത്തനം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മഹാരാഷ്ട്ര, ഡൽഹി, കർണ്ണാടക, ഉത്തർപ്രദേശ് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിൽ ലോൺ തട്ടിപ്പിനുപിന്നിലെ റാക്കറ്റുകളുടെ പ്രവർത്തനം സജീവമാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ചൈനയുടെ നൂറിലധികം ലോൺ തട്ടിപ്പ് ആപ്പുകളാണ് രാജ്യത്തുള്ളത്. ലോൺ ആപ്പുകളിലൂടെ ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ നൂറിലധികം ആപ്പുകളിലൂടെ 500 കോടി രൂപ തട്ടിയെടുത്ത
സംഘത്തിലെ 22 പേരാണ് അടുത്തിടെ പൊലീസിന്റെ പിടിയിലായത്. ലക്നൗവിലെ കോൾ സെന്റർ കേന്ദ്രീകരിച്ചായിരുന്നു ഈ സംഘം പ്രവർത്തിച്ചിരുന്നത്.ഇവരിൽനിന്ന് നാലുലക്ഷം രൂപയും 51 മൊബൈൽ ഫോണുകളും 25 ഹാർഡ് ഡിസ്‌ക്കുകളും 9 ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു.
സ്മാർട്ട് വാലറ്റ്, ക്യാഷ്പോർട്ട്, റുപേ വേ, ലോൺ ക്യൂബ്, വാലറ്റ്‌വിൻ, സ്വിഫ്റ്റ് റുപ്പീ തുടങ്ങി നിരവധി പേരുകളിലാണ് ആപ്പുകൾ പ്രചരിക്കുന്നത്. ചൈനീസ് പൗരന്മാരുടെ നിർദേശപ്രകാരമാണ് റാക്കറ്റ് പ്രവർത്തിക്കുന്നതെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
തുടക്കത്തിൽ ലോൺ ആപ്പിലൂടെ ചെറിയ വായ്പകൾ നൽകിയാണ് ഇവർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ഇതിലൂടെ ഉടൻതന്നെ ലോൺ ലഭ്യമാകും. പിന്നീട് ഉപഭോക്താക്കളുടെ രഹസ്യങ്ങൾ ചോർത്തിയ ശേഷം വിവിധ നമ്പറിൽനിന്ന് വിളിച്ചും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കാണിച്ചും ഭീഷണിപ്പെടുത്തി പണം തട്ടിയതായി തട്ടിപ്പിനിരയായവർ പരാതി നൽകിയതായി ഡൽഹി പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ