- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരകാല സ്വപ്നം പൂവണിയാൻ ഇനി ഒരു കടമ്പ മാത്രം; കേരളത്തിന് എയിംസ് അനുവദിക്കാൻ അനുകൂല നിലപാടുമായി കേന്ദ്ര സർക്കാർ; ആവശ്യത്തിന് തത്ത്വത്തിൽ അംഗീകാരം നൽകാൻ ആരോഗ്യ മന്ത്രാലായത്തിന്റെ ശുപാർശ; ധന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാൽ പദ്ധതിക്ക് പച്ചക്കൊടി
ന്യൂഡൽഹി: ഒടുവിൽ അത് സംഭവിക്കുന്നു. കേരളത്തിന്റെ ദീർഘകാല ആവശ്യം സഫലമാകാൻ വഴിയൊരുങ്ങി. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കാൻ അനുകൂല നിലപാടുമായി കേന്ദ്ര സർക്കാർ. എയിംസിന് തത്വത്തിൽ അംഗീകാരം നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തു. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ കെ. മുരളീധരൻ എംപിയെയാണ് ഇക്കാര്യം അറിയിച്ചത്. ഇനി ധനമന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാൽ സ്വപ്നം യാഥാർഥ്യമാകും.
ആധുനിക ചികിത്സാ സൗകര്യമുള്ള എയിംസ് വേണമെന്ന് കേരളം ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. എയിംസിനായി സംസ്ഥാന സർക്കാർ നാല് സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏത് വേണമെന്ന് കേന്ദ്രത്തിന് പരിശോധിച്ച് തീരുമാനം എടുക്കാവുന്നതാണ്. കേന്ദ്ര അനുമതി ലഭിച്ചാൽ ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടികളിലേക്ക് കടക്കാനാകും.
എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഇതിന്റെ ഭാഗമായിട്ടുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ധനമന്ത്രാലയം ആണെന്നും കേന്ദ്രമന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും തുടർനടപടികളെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മറുപടി തൃപ്തികരമാണെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. ധനവകുപ്പ് അനുമതി നൽകിയാൽ കേരളം നിർദ്ദേശിച്ചിട്ടുള്ള നാലു സ്ഥലങ്ങളും വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. ധനവകുപ്പിന്റെ അനുമതിയാണ് കേരളത്തിന് മുന്നിലുള്ള കടമ്പയെന്നും മുരളീധരൻ പറഞ്ഞു. സാമ്പത്തിക കാര്യങ്ങളുൾപ്പെടെ പരിശോധിച്ചതിനുശേഷമാവും കേരളത്തിലെ എയിംസ് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാവുക. കർണാടക, കേരളം, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് എയിംസിനായി ആവശ്യം ഉന്നയിച്ചത്. രാജ്യത്ത് നിലവിൽ 19 സ്ഥലങ്ങളിലാണ് എയിംസ് പ്രവർത്തിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ