- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ മിനിറ്റിലും 40 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാം; മണിക്കൂറിൽ 2,400 ലിറ്റർ; 23 മൊബൈൽ ഓക്സിജൻ നിർമ്മാണ പ്ലാന്റുകൾ ജർമനിയിൽ നിന്ന് ആകാശമാർഗ്ഗം കൊണ്ടുവരും; ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുക ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് ആശുപത്രികളിൽ എന്ന് പ്രതിരോധ മന്ത്രാലയം; മഹാരാഷ്ട്രയിലേക്കും യുപിയിലേക്കും ഓക്സിജൻ എക്സ്പ്രസുകൾ; ഓക്സിജൻ ക്ഷാമം നേരിടാൻ ദ്രുതഗതിയിൽ നീക്കം
ന്യൂഡൽഹി: രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ ഓക്‌സിജൻ വിതരണത്തിനായി അടിയന്തര നടപടികൾ തുടങ്ങി. ആശുപത്രികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജർമനിയിൽ നിന്ന് 23 മൊബൈൽ ഓക്‌സിജൻ ജനറേറ്റിങ് പ്ലാന്റുകൾ ആകാശമാർഗ്ഗം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഓരോ പ്ലാന്റിനും ഓരോ മിനിറ്റിലും 40 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയും. അങ്ങനെ ഓരോ മണിക്കൂറിലും 2,400 ലിറ്റർ.
ഓക്‌സിജൻ പ്ലാന്റുകൾ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് ആശുപത്രികളിൽ ആയിരിക്കും സ്ഥാപിക്കുകയെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് എ.ഭരത് ഭൂഷൺ ബാബു അറിയിച്ചു. ജർമനിയിൽ നിന്ന് ഓക്‌സിജൻ പ്ലാന്റുകൾ കൊണ്ടുവരാൻ ചരക്ക് വിമാനം വായൂസേന തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം, ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി വിശാഖപട്ടണത്ത് നിന്ന് മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ആദ്യത്തെ ഓക്്‌സിജൻ എക്സ്‌പ്രസ് വെള്ളിയാഴ്ച വൈകിട്ട് നാഗ്പൂരിലെത്തി. രണ്ടാമത്തെ ഓക്‌സിജൻ എക്സ്‌പ്രസ് ബൊക്കാറോയിൽ നിന്ന് ലക്‌നൗവിലേക്ക് ശനിയാഴ്ച എത്തും. അടുത്ത ഏതാനും ദിവസം ഓക്‌സിജനുമായി എക്സ്‌പ്രസ് ട്രെയിനുകൾ ഓടുമെന്ന് റെയിൽവെ അറിയിച്ചു.
ഓക്‌സിജൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചു
അതേസമയം, മുൻനിര ഓക്‌സിജൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി ഇന്ന് സംസാരിച്ചു. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനുള്ള വഴികളാണ് മോദി ആരാഞ്ഞത്. ഓക്‌സിജൻ സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം അത് വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനുള്ള സൗകര്യങ്ങളും ചർച്ചാവിഷയമായി. മറ്റുവാതകങ്ങൾ കൊണ്ടുപോകുന്ന ടാങ്കറുകൾ കൂടി ഉപയോഗിച്ച് ഓക്‌സിജൻ വിതരണം സുഗമമാക്കാൻ അദ്ദേഹം വ്യവസായികളോട് ആവശ്യപ്പെട്ടു. സർക്കാരും ഓക്‌സിജൻ നിർമ്മാതാക്കളും തമ്മിൽ ഇക്കാര്യത്തിൽ കൂടുതൽ സഹകരണം ആവശ്യമാണ്.
ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണം
ഡൽഹിയിലുടനീളം ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്നും കെജ്രിവാൾ യോഗത്തിൽ പറഞ്ഞു. കോവിഡ് രോഗികൾക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടാതിരിക്കാൻ ഡൽഹിയിലെ നിരവധി സ്വകാര്യ ആശുപത്രികൾ ബുദ്ധിമുട്ടുകയാണ്. നിരവധിപ്പേർ ഓക്‌സിജൻ കിട്ടാതെ മരിക്കുന്ന സാഹചര്യവുമുണ്ടായി.
'ഡൽഹിയിൽ വലിയ തോതിലുള്ള ഓക്സിജൻ ക്ഷാമമുണ്ട്. ഡൽഹിയിൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റില്ലെങ്കിൽ ഇവിടുള്ളവർക്ക് ഓക്സിജൻ ലഭിക്കില്ലേ',് കെജ്രിവാൾ ചോദിച്ചു.'ഓക്‌സിജന്റെ അഭാവം മൂലം ഡൽഹിയിലെ ആശുപത്രിയിലെ ഒരു രോഗി മരിക്കാൻ കിടക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി നിർദ്ദേശിക്കുക? ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ ഞങ്ങൾക്കാവില്ല. കർശന നടപടിയെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അല്ലാത്തപക്ഷം വലിയ ദുരന്തമാണ് ഡൽഹിയിൽ ഉണ്ടാവാൻ പോകുന്നത്', അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ഡൽഹിക്ക് അനുവദിച്ച ഓക്സിജൻ ക്വാട്ട 378 മെട്രിക് ടണ്ണിൽ നിന്ന് 480 മെട്രിക് ടണ്ണായി കേന്ദ്രം അടുത്തിടെ ഉയർത്തിയിരുന്നു. എന്നാൽ 380 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് നഗരത്തിന് ലഭിച്ചതെന്ന് കെജ്രിവാൾ വെള്ളിയാഴ്ച പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ ഡൽഹിയിലേക്കുള്ള ഓക്സിജൻ വിതരണം തടഞ്ഞതായും കെജ്രിവാൾ ആരോപിച്ചു. ട്രക്കുകൾ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് സംസാരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.
'ഓക്സിജൻ കിട്ടാൻ ഞങ്ങളെ സഹായിക്കണം. മുഖ്യമന്ത്രിയായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. രാത്രി ഉറങ്ങാനാവുന്നില്ല. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ദയവായി ക്ഷമിക്കുക,'' അരവിന്ദ് കെജ് രിവാൾ പറഞ്ഞു.ഒഡീഷയിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും ഡൽഹിയിലേക്ക് വരാനിരിക്കുന്ന ഓക്സിജൻ ടാങ്കറുകൾ വിമാനത്തിൽ കയറ്റിയോ ഓക്സിജൻ എക്സ്പ്രസ് വഴിയോ എത്തിക്കണമെന്നും കെജ് രിവാൾ ആവശ്യപ്പെട്ടു.ഇതിനുപുറമെ കോവിഡ് വാക്സിന്റെ കാര്യത്തിൽ സംസ്ഥാനത്തിനും കേന്ദ്ര സർക്കാരിനും ഒരേ വില നിശ്ചയിക്കണമെന്നും അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.
ഏകോപനമില്ലേയെന്ന് ഡൽഹി ഹൈക്കോടതി
ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരിനും കേന്ദ്ര സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഓക്‌സിജൻ ക്ഷാമം ഉന്നയിച്ച് രണ്ട് ആശുപത്രികൾ കൂടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്. പരിമിതമായ ഓക്‌സിജൻ സ്റ്റോക്കേ കൈയിലുള്ളൂവെന്ന് ആശുപത്രികൾ കോടതിയെ അറിയിച്ചു. കാര്യങ്ങൾ ശരിയായ രീതിയിൽ നീങ്ങുന്നുണ്ടെന്ന് ഡൽഹി സർക്കാരും ആശുപത്രികൾ നോഡൽ ഓഫീസർമാരെയാണ് സമീപിക്കേണ്ടതെന്ന് കേന്ദ്രസർക്കാരും വാദിച്ചു.
പരാതികൾ പരിഹരിക്കാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. പ്രതിസന്ധികൾ അറിയിക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ട്. നോഡൽ ഓഫീസർമാരുടെ വിവരങ്ങൾ ആശുപത്രികൾക്ക് കൈമാറാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയെന്നും കേന്ദ്രം അറിയിച്ചു. പ്രതിസന്ധി പരിഹരിക്കും വരെ പോരാടണമെന്ന് പറഞ്ഞ കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ ഏകോപനമായില്ലേയെന്ന് ചോദിച്ചു. പുതിയ പ്ലാന്റുകളുടെ കാര്യം എന്തായി എന്നും കേന്ദ്രത്തിന്റെ ദൈനംദിന വിതരണത്തിൽ പാളിച്ചയുണ്ടോയെന്നും കോടതി ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ