നിലയ്ക്കൽ: ശബരിമല സന്ദർശിക്കാനായി ബിജെപി നോതാവും കേന്ദ്രമന്ത്രിയുമായ പൊൻ രാധാകൃഷ്ണൻ എത്തി. നിലയ്ക്കലിൽ ബിജെപി നേതാക്കൾക്കും അണികൾക്കും ഒപ്പം എത്തിയ മന്ത്രിയുമായി എസ്‌പി യതീഷ് ചന്ദ്ര സംസാരിച്ചു. മന്ത്രിയുടെ വാഹനം കടത്തിവിടാമെന്നും ഒപ്പം വന്നവരുടെ സ്വകാര്യ വാഹനം കടത്തിവിടാൻ ആകില്ലെന്ന് എസ്‌പി മന്ത്രിയെ അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ പോയാൽ ഗതാഗത തടസമുണ്ടാകുമെന്ന് എസ്‌പി പറഞ്ഞു. മന്ത്രി ഉത്തരവിട്ടാൽ ഗതാഗതം അനുവദിക്കാം. തങ്കൾ ഉത്തരവാദിത്തം ഏറ്റെടുക്കാമോയെന്നും യതീശ് ചന്ദ്ര ചോദിച്ചു.

ഇതോടെ ഇവിടെ പൊലീസും കേന്ദ്രമന്ത്രിയുമായി വാക്കുതർക്കം ഉണ്ടായി. മന്ത്രിയോട് മര്യാദക്ക് സംസാരിക്കണെന്നും പറഞ്ഞ് യതീഷ് ചന്ദ്രയോട് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ കയർത്തു. മന്ത്രിയുടെ വാഹനം കടത്തിവിടാമെന്നും മറ്റു വാഹനങ്ങൾ അനുവദിക്കില്ലെന്നും എസ്‌പി വ്യക്തമാക്കിയതോടെ പൊലീസ് നടപടിയിൽ അതൃപ്തി അറിയിച്ച ശേഷം ബസിൽ പ്രവർത്തകർക്കൊപ്പം പമ്പയിലേക്ക് പൊൻ രാധാകൃഷ്ണൻ പുറപ്പെട്ടു. അതേസമയം ശബരിമലയിലെ യുവതി പ്രവേശനത്തെ കുറിച്ചുള്ള അഭിപ്രായത്തോട് മന്ത്രി പ്രതികരിച്ചില്ല.

അതേസമയം ചെറുപ്പം മുതൽ താൻ ശബരിമലയിൽ എത്തിയിട്ടുണ്ടെങ്കിലും ഇതുപോലൊരു മോശം അവസ്ഥ ആദ്യമാണെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ വേണ്ടിക്കൂട്ടിയാണ് മന്ത്രി എത്തിയത്. കൂടാതെ, പമ്പയിലേക്കുള്ള റോഡിനെ കുറിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറോട് കേന്ദ്രമന്ത്രി വിവരങ്ങൾ തേടി. സ്വകാര്യ വാഹനങ്ങൾ പമ്പയിൽ പോകുന്നതിന് കുഴപ്പമില്ല. പമ്പയിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാധിക്കില്ലെന്നും തീർത്ഥാടകരെ ഇറക്കിയ ശേഷം തിരികെ വരണമെന്നും ഡ്രൈവർ പറഞ്ഞു.

പൊലീസ് നിയന്ത്രണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അയൽ സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകർ കെ.എസ്.ആർ.ടി.സി ബസുകൾ ബുക്ക് ചെയ്ത് വരേണ്ട സ്ഥിതിയാണുള്ളതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രിയോട് ശബ്ദമുയർത്തി സംസാരിച്ചെന്ന് ആരോപിച്ച് ഒപ്പമുണ്ടായിരുന്ന ബി.െജ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ യതീശ് ചന്ദ്രയോട് കയർത്തു. നിങ്ങൾ എന്തിനാണ് മന്ത്രിയോട് ചൂടാവുന്നതെന്ന് രാധാകൃഷ്ണൻ ചോദിച്ചു. മുഖത്ത് നോക്കി പേടിപ്പിക്കുകയാണോ? ഞങ്ങളുടെ മന്ത്രിയോട് മര്യാദക്ക് സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ വാഹനങ്ങൾ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് നിലക്കലിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കേന്ദ്രമന്ത്രിയും എ.എൻ രാധാകൃഷ്ണനും പമ്പയിലേക്ക് പുറപ്പെട്ടത്. നാഗർകോവിലിലെ ക്ഷേത്രത്തിൽ നിന്ന് ഇരുമുടികെട്ട് നിറച്ചാണ് ശബരിമല ദർശനത്തിന് കേന്ദ്രമന്ത്രി എത്തിയത്.