ന്യൂഡൽഹി: സംസ്ഥാന പൊലീസിന്റെ പകരക്കാരനല്ല കേന്ദ്രസേനയെന്ന് ആഭ്യന്തരമന്ത്രാലയം. സംസ്ഥാന പൊലീസിനു പകരമായി കേന്ദ്രസേനയെ നിയോഗിക്കാനാവില്ല. അടിയന്തരഘട്ടങ്ങളിൽ മാത്രമാണ് കേന്ദ്രസേനയെ നിയോഗിക്കുകയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡാർജിലിങ്, കലിംപോംഗ് ജില്ലകളിൽനിന്നു സായുധസൈന്യത്തെ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്ത കൽക്കട്ട ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.

രാജ്യവിരുദ്ധ ആക്രമണങ്ങൾ, കലാപങ്ങൾ തുടങ്ങി അതിർത്തി സുരക്ഷയുൾപ്പെടെ സമ്മർദ്ദമുള്ള ഉത്തരവാദിത്വങ്ങൾ കേന്ദ്രസേന നിർവഹിക്കേണ്ടതായുണ്ട്. കേന്ദ്രസേനയുടെ ആവശ്യകത വേണ്ട സന്ദർഭം നിർണയിക്കാൻ സംസ്ഥാനങ്ങൾ കമ്മിറ്റികൾ രൂപീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.

സ്വതന്ത്രസംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന ഡാർജിലിങ് മലനിരകളിൽനിന്ന് സായുധസൈന്യത്തെ ഒക്ടോബർ 27 വരെ പിൻ വലിക്കരുതെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഡാർജിലിങ്, കലിംപോംഗ് ജില്ലകളിൽനിന്നു സായുധസൈന്യത്തെ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്ക ത്തിനെതിരേയാണ് പശ്ചിമബംഗാൾ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.