തൃശ്ശൂർ: തൃശ്ശൂരിൽ അക്രമികളുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബാറുടമ കൃഷ്ണരാജ് ചികിത്സയിൽ തുടരുന്നു. കൃഷ്ണരാജിന്റെ സഹായിയെ അക്രമിസംഘം കുത്തി കൊലപ്പെടുത്തിയിരുന്നു. ബാറിലെ മുൻജീവനക്കാരായ അതുൽ, വിഷ്ണു എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. അമലും വിഷ്ണുവും നടത്തിയ സാമ്പത്തിക തിരിമറി പിടിക്കപ്പെട്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. അതുൽ, വിഷ്ണു, അജ്മൽ, യാസിം, അമിത്, ധനേഷ്, അമൽ എന്നിവരാണ് പിടിയിലായത്.

കാട്ടൂർ സ്വദേശികളാണ് ഇവർ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽപേർ പിടിയിലായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി. ക്യാമറ ഉൾപ്പെടെയുള്ളവ പൊലീസ് പരിശോധിച്ചിരുന്നു. കാറിലാണ് അക്രമിസംഘം ബാറിലേക്ക് എത്തിയത്. ആക്രമിക്കണമെന്ന ഉദ്ദേശത്തോടെയാണ് സംഘം ബാറിലേക്ക് എത്തിയതെന്നാണ് സൂചന.

കഞ്ചാവ്-ക്രിമിനൽ സംഘാംഗങ്ങളാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അക്രമവുമായി ബന്ധപ്പെട്ട് ഏഴു പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. കാട്ടൂർ സ്വദേശികളാണ് ഇവർ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽപേർ പിടിയിലായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിൽ ചൊവ്വാഴ്ച രാത്രി 9.40-നായിരുന്നു ആക്രമണമുണ്ടായത്.

അക്രമിസംഘം ബാർ ഉടമയായ കൃഷ്ണരാജി (35) നെ ക്രൂരമായി ആക്രമിക്കുകയും ഇദ്ദേഹത്തിന്റെ സഹായി ബൈജു (45) വിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. പത്തുദിവസം മുമ്പ് മാത്രം തുടങ്ങിയ ബാറാണിത്. ബാർ തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം മുതൽ അതുലും വിഷ്ണുവും ബില്ലിൽ ക്രമക്കേട് കാണിച്ചിരുന്നു. രണ്ടുലക്ഷത്തിൽതാഴെ രൂപ കൈക്കലാക്കുകയും ചെയ്തു. ഇത് കൃഷ്ണരാജ് കണ്ടെത്തുകയും പണം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഇവരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇതിൽ പ്രകോപിതരായ ഇരുവരും ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി, അക്രമിസംഘം ബാറിന്റെ റിസപ്ഷനിലെത്തുകയും കൃഷ്ണരാജിനോട് സംഭവത്തേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അതിനിടെ തൊട്ടടുത്തുനിന്നയാൾ കൃഷ്ണരാജിനെ കത്തികൊണ്ട് രണ്ടുവട്ടം കുത്തി. ഇതോടെ കൃഷ്ണരാജ് കാബിന് അകത്തേക്ക് ഓടിക്കയറി വാതിൽ അടച്ച് രക്ഷപ്പെട്ടു. തുടർന്ന് പുറത്തേക്കിറങ്ങിയ അക്രമിസംഘം, പുറത്തുനിൽക്കുകയായിരുന്ന ബൈജുവുമായി വാക്കേറ്റമുണ്ടാവുകയും അദ്ദേഹത്തെ കുത്തുകയുമായിരുന്നു. രണ്ടുവട്ടമാണ് അക്രമികൾ ബൈജുവിനെ കുത്തിയത്. അക്രമിസംഘത്തിലുണ്ടായിരുന്ന ഒരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.