- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ ദുരവസ്ഥ കണ്ട് കേന്ദ്രം കനിഞ്ഞു; കേരളത്തിന് 5000 കോടി കടമെടുക്കാൻ കേന്ദ്രാനുമതി ലഭിച്ചു; കെ എൻ ബാലഗോപാൽ രക്ഷപെട്ടത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശമ്പളം മുടക്കിയ ധനമന്ത്രി എന്ന ചീത്തപ്പേരിൽ നിന്നും; ഈ വർഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകാത്തതിൽ ആശങ്ക
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന കേരളത്തിന് താൽക്കാലിക ആശ്വാസം. കേന്ദ്രം കനിഞ്ഞതോടെ അടുത്ത മാസം സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകാനും നിത്യവൃത്തിക്കും വഴിയായി. അയ്യായിരം കോടിരൂപ പൊതുവിപണിയിൽ നിന്ന് കടമെടുക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം കടമെടുപ്പിന് താത്കാലിക അനുമതി നൽകിയത്.
വായ്പ എടുക്കാൻ സാധിക്കാത്തതിനാൽ ട്രഷറി നിയന്ത്രണടക്കം സംസ്ഥാന സർക്കാർ പരിഗണിച്ചുകൊണ്ടിരിക്കെയാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്.കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതരയിരുന്നു സംസ്ഥാനം.
20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാൽ ഈ വർഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല. ഇത് ആശങ്കയായി നിലനിൽക്കുന്നു.
നിലവിൽ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത് എന്നാണ് സൂചന. ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത മാസം മുതൽ ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു. കേരളം നേരിടുന്ന വായ്പപ്രതിസന്ധി ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ഉന്നയിച്ചിരുന്നു. കേരളം വായ്പ എടുക്കുന്നതിൽ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ബാലഗോപാൽ മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായും ധനമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം വായ്പയെടുക്കാൻ അനുമതി നേടാൻ ധനകാര്യ മന്ത്രാലയവുമായുള്ള കത്തിടപാട് തുടരാൻ മുഖ്യമന്ത്രി ധനമന്ത്രിയോട് നിർദ്ദേശിക്കുകയായിരുന്നു.
മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രം അനുമതി നൽകാതിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബിയും എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ പരിധിയിൽപ്പെടുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇതിൽ നിന്ന് പിന്നോട്ട് പോകാനും കേന്ദ്രം തയ്യാറായിട്ടില്ല.
32,425 കോടി രൂപയാണ് സാമ്പത്തികവർഷം കേരളത്തിന് കടമെടുക്കാൻ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രിൽ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകൾ. എൽ.ഐ.ണ്ടസി തുടങ്ങിയവയിൽനിന്നുള്ള വായ്പകളും ഇതിൽപ്പെടും.
റിസർവ് ബാങ്ക് വായ്പാ കലണ്ടർപ്രകാരം ഏപ്രിൽ 19-ന് (1000 കോടിരൂപ) ,മെയ് രണ്ട് (2000 കോടിരൂപ) മെയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു. കലണ്ടറിൽ ഉൾപ്പെടുത്തിയാലും കടമെടുക്കാൻ അതത് സമയം കേന്ദ്രാനുമതി വേണം. ഇപ്പോൾ അയ്യായിരം കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയത് താത്കാലിക ആശ്വാസമാണ്.
കിഫ്ബി ബാധ്യതകളെ സംസ്ഥനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്നും കിഫ്ബി പ്രത്യേക അധികാരമുള്ള സാമ്പത്തിക സ്ഥാപനമാണെന്നും കേരളം കേന്ദ്രത്തിന്റെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ കേരളം വ്യക്തമാക്കിയുരുന്നു. കിഫ്ബിയെ മാതൃകയാക്കിയുള്ള കേന്ദ്രത്തിന്റെ ധനശേഖര നടപടികളും കേരളം മറുപടിയിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങളും കേന്ദ്രത്തിന് കൈമാറി. കഴിഞ്ഞ വർഷത്തെ വായ്പ കണക്കിൽ ഉന്നയിച്ച ചോദ്യങ്ങൾക്കും കേരളം മറുപടി നൽകി.
ശമ്പള വിതരണത്തിനും പെൻഷൻ വിതരണത്തിനുമായി ജൂൺ ആദ്യം സംസ്ഥാനത്തിന് വേണ്ടത് 4500 കോടി രൂപയാണ്. മറ്റ് ചെലവുകൾക്കും, ശന്പള പെൻഷൻ വിതരണത്തിനുമായി രണ്ട് ഘട്ടങ്ങളിലായി 2000 കോടി രൂപ വീതം വായ്പയെടുക്കാനായിരുന്നു കേരളത്തിന്റെ ശ്രമം. ഇതിനാണ് കേന്ദ്രം തടസ്സം ഉന്നയിച്ചത്. ആഭ്യന്തര വരുമാനത്തിന്റെ മൂന്നര ശതമാനം തുകയാണ് സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനാവുക. ഇതനുസരിച്ച് കേരളത്തിന് ഈ വർഷം 32450 കോടി രൂപ വായ്‌പെയെടുക്കാം. വായ്പയെടുക്കുന്ന തുക, റവന്യൂ കമ്മി പരിഹരിക്കുന്നതിന് കേന്ദ്രം നൽകുന്ന തുക, സംസ്ഥാനത്തിന്റെ നികുതി വരുമാനം എന്നിവയെ ആശ്രയിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്.
ജൂലൈ മുതൽ കേന്ദ്രത്തിൽ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം കിട്ടാതെയാകും. വായ്പ എടുക്കുന്നത് കൂടി മുടങ്ങിയാൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയിൽ കാര്യമായ പ്രതിസന്ധിയുണ്ടാകും. കിഫ്ബി വായ്പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്രനിർദ്ദേശത്തോടും സംസ്ഥാനത്തിന് കടുത്ത വിയോജിപ്പ് ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ