തിരുവനന്തപുരം :രാജ്യത്തെ വിവിധ രാഷ്ട്രീയ, മത, ജാതി, സമുദായ സംഘടനകളുടെ ഈ മാസം 31 ന് അവസാനിക്കും. ഒട്ടുമിക്ക സംഘടനകൾക്കും പുതുക്കി നല്കാനിടയില്ലെന്നാണ് ദ ഇക്കണോമിക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ ക്രൈസ്തവ സഭകളുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റുകളുടേയും സംഘടനകളുടേയും എഫ് സി. ആർ എ ലൈസൻസ് കേന്ദ്ര സർക്കാർ നിരീക്ഷണത്തിലായിരുന്നു. മാർത്തോമ്മ സഭയുടെ ഉടമസ്ഥതയിലുള്ള 35 എഫ് സി ആർ എ അക്കൗണ്ടുകളിൽ നടന്ന കോടികളുടെ തിരിമറികളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ( ഇ ഡി ) അന്വേഷണം നടത്തുന്നതായി കഴിഞ്ഞയാഴ്ച മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

വിദേശ സംഭാവനകൾ സ്വീകരിച്ച സംഘടനകളും വ്യക്തികളും ഈ മാസം 31 ന് മുമ്പ് കൃത്യമായ വരവ് ചെലവ് കണക്കുകൾ സമർപ്പിക്കണമെന്ന് ധനമന്ത്രാലയം കർശന നിർദ്ദേശം നൽകിയിരുന്നു. ഈ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ലൈസൻസ് പുതുക്കി നൽകുന്നത്. കർശന പരിശോധന കേന്ദ്രം തുടങ്ങിയതോടെ രാജ്യത്തെ ആറായിരത്തോളം സർക്കാർ ഇതര സംഘടനകൾക്ക് (എൻ ജി ഒ) വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസൻസ് നഷ്ടമായി.

കാലാവധി അവസാനിക്കും മുമ്പ് പുതുക്കാത്തതാണ് ഭൂരിഭാഗം സംഘടനകൾക്കും ലൈസൻസ് നഷ്ടപ്പെടാൻ കാരണമായത്. ചില സംഘടനകളുടെ പുതുക്കൽ അപേക്ഷ കേന്ദ്രം നിരസിക്കുകയും ചെയ്തിരുന്നു. ഇതിലേറെയും ക്രിസ്ത്യൻ എൻജിഒ കളും പരിസ്ഥിതി സംഘടനകളുടേതുമായിരുന്നു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ 2020 സെപ്റ്റംബറിൽ കാലാവധി അവസാനിക്കേണ്ട പല സംഘടനകളുടേയും ലൈസൻസ് കാലാവധി രണ്ട് പ്രാവശ്യം നീട്ടിക്കൊടുത്തു. പിന്നീടത് 2022 മാർച്ച് 31 വരെ എന്നാക്കി നിജപ്പെടുത്തി. മിക്കവരുടേയും ലൈസൻസ് പുതുക്കി നൽകാനിടയില്ലെന്നാണ് കേന്ദ്ര ധന- ആഭ്യന്തര മന്ത്രാലയങ്ങൾ നൽകുന്ന സൂചന.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ട്രസ്റ്റ് ( ആർ ജിടി )

രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് (ആർ ജി സി ടി) എന്നിവയ്ക്ക് പുറമേ ഹെൽപേജ് ഇന്ത്യ, എസ് ഒ എസ് ചിൽഡ്രൻ വില്ലേജ് ഓഫ് ഇന്ത്യ, ആഗാഖാൻ ഫൗണ്ടേഷൻ തുടങ്ങിയ പ്രമുഖ എൻ ജി ഒ കളുടേയും ലൈസൻസ് പുതുക്കൽ തുലാസിലാണ്. കോൺഗ്രസിന്റെ രണ്ട് സംഘടനകൾക്കും ലൈസൻസ് പുതുക്കിക്കിട്ടില്ലെന്നാണ് സൂചന.2020 മുതൽ തന്നെ സോണിയ ഗാന്ധി നേതൃത്വം നൽകുന്ന ആർ ജി ടി, ആർ ജിസിടി എന്നി രണ്ട് സംഘടനകളുടേയും സാമ്പത്തിക ഇടപാടുകൾ ഇ ഡി, ഇൻകം ടാക്‌സ്, ഡി ആർ ഐ തുടങ്ങിയ ഏജൻസികൾ കർശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആരംഭിച്ച രണ്ട് എൻജിഒകൾക്ക് ലഭിച്ച വിദേശ സംഭാവനകളെച്ചൊല്ലി ബിജെപിയും അവരുടെ നേതാക്കളും ഒരു പാട് ആരോപണങ്ങൾ പാർലമെന്റിലും പുറത്തും ഉന്നയിച്ചിരുന്നു.

ഈയടുത്ത കാലത്താണ് മദർ തെരേസ ആരംഭിച്ച മിഷനറീസ് ഓഫ് ചാരിറ്റീസിന്റ എഫ് സി ആർ എ ലൈസൻസ് മരവിപ്പിക്കുകയും പിന്നീട് പുതുക്കി നൽക്കുകയും ചെയ്തത്. ഏതൊരു അസോസിയേഷനും എൻജിഒയ്ക്കും വിദേശ ധനസഹായം ലഭിക്കുന്നതിന് എഫ് സി ആർ എ രജിസ്ട്രേഷൻ നിർബന്ധമാണ്. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ലൈസൻസ് പുതുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് രാജ്യവ്യാപകമായി നിരവധി സംഘടനകൾക്ക് എഫ് സി ആർ എ ലൈസൻസ് നഷ്ടമായത്.

വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള എഫ് സി ആർ എ ഭേദഗതി പാർലമെന്റ് രണ്ട് കൊല്ലം മുമ്പ് പാസാക്കിയിരുന്നു.

കർശന വ്യവസ്ഥകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിദേശ സംഭാവനയായി പണം സ്വീകരിക്കാനുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള എഫ് സി ആർ എ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്) അമെൻഡ്‌മെന്റ് ആക്ട് (വിദേശ സംഭാവനാ നിയന്ത്രണ നിയമം) ഭേദഗതി ബിൽ ലോക് സഭ 2020 സെപ്റ്റംബറിൽ പാസാക്കി. പുതിയ നിയമഭേദഗതി പ്രകാരം സർക്കാരിതര സന്നദ്ധ സംഘടനകൾക്ക് (എൻജിഒ) വിദേശത്ത് നിന്ന് സംഭാവനകൾ സ്വീകരിക്കണമെങ്കിൽ ഇനി ആധാർ നിർബന്ധമാണ്.