ബാംഗ്ലൂർ: ബിസിനസിലെ പങ്കാളിയും കമ്പനിയുടെ സിഇഒയുമായ യുവതിയോട് പിറന്നാൾ ദിനത്തിൽ ഒരുമുറിയിൽ കഴിയണമെന്ന് ആവശ്യപ്പെട്ട മാനേജിങ് ഡയറക്ടർ ജയിലിലായി. പൊതുസ്ഥലത്തുവച്ച് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഓഫീസിലെ ലിഫ്റ്റിനുള്ളിൽവച്ച് അപമര്യാദയായി പെരുമാറിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ബെംഗളൂരുവിലാണ് സംഭവം. ബ്രൈസ് ജോൺ എന്ന മാനേജിങ് ഡയറക്ടർക്കെതിരെ ശിൽപ എന്ന സിഇഒയാണ് ബൊമ്മനഹള്ളി പൊലീസിൽ പരാതിപ്പെട്ടത്. വ്യക്തിഗത ആരോഗ്യ വിവരം സംബന്ധിച്ച കാർഡുകൾ നിർമ്മിക്കുന്ന ബിടിഎം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഹെൽത്ത്‌കെയർ സ്ഥാപനത്തിന്റെ സിഇഒയാണ് പരാതിക്കാരി. ഇതേ സ്ഥാപനത്തിന്റെ എംഡി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ബൊണ്ണഹള്ളി പൊലീസിനായിരുന്നു ഇവർ പരാതി നൽകിയത്. തന്നെ മോശമായ രീതിയിൽ സ്പർശിക്കുന്നതായും കമ്പനിയിൽ ഇയാൾ വൻതുക നിക്ഷേപിച്ചിട്ടുള്ളതിനാൽ പ്രതികരിക്കാൻ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു. എന്നാൽ, വലിയ പണം നിക്ഷേപിച്ച് തുടങ്ങിയ സ്ഥാപനത്തിന്റെ ഭാവിയോർത്ത് തുടക്കത്തിൽ ഒന്നും മിണ്ടാതെയിരുന്നുവെന്നും അവർ പറയുന്നു.

ജൂലൈ 21-നായിരുന്ന ബ്രൈസിന്റെ പിറന്നാൾ. അന്നുമുഴുവൻ തന്നോടൊപ്പം കഴിയണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്.ഇല്ലെങ്കിൽ കമ്പനിയുടെ ലാഭവിഹിതം തരില്ലെന്നും ഭീഷണിപ്പെടുത്തിയത്രെ. ഓഗസ്റ്റ് ഒന്നിന് ചെന്നൈയിലേക്ക് ട്രിപ്പ് പോകാനും ക്ഷണിച്ചുവെന്നും ശില്പ പറയുന്നു. ശല്യം സഹിക്കവയ്യാതായതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.

ഇയാളുമായി പരാതിക്കാരിക്ക് സൗഹൃദത്തിനപ്പുറമുള്ള ബന്ധം ഉണ്ടായിരുന്നതായും ഇവർ മുമ്പ് സഹപ്രവർത്തകരായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഭർത്താവുമായി പിണങ്ങിയ ശില്പ പിന്നീട് ബ്രൈസുമായി അടുക്കുകയും ഇരുവരും ചേർന്ന് സ്ഥാപനം തുടങ്ങുകയുമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ശില്പയും ബ്രൈസും ബിസിനസ് പങ്കാളികൾ എന്നതിനെക്കാൾ കൂടുതൽ അടുപ്പം പുലർത്തിയിരുന്നുവെന്നും ഇരുവരും ബിസിനസ് യാത്രകൾക്കായി പോകുമ്പോൾ ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇരുവരും ഒരുമിച്ച് രാജ്യത്തെ പലസ്ഥലങ്ങളിലും കറങ്ങിയിരുന്നു. എന്നാൽ അടുത്തിടെയായി ബിസിനസിന്റെ നടത്തിപ്പിനെച്ചൊല്ലി ഇരുവർക്കുമിടയിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. കമ്പനിയുടെ സോഫ്റ്റ്‌വേർ ഓപ്പറേഷൻസ് ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ഇവരെ അകറ്റിയത്. താൻ സഹകരിച്ചില്ലെങ്കിൽ ഇത്തരം ഇടപാടുകളുടെ ലാഭം തരില്ലെന്ന് ബ്രൈസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ശിൽപ പറയുന്നു.

ബിസിനസിലെ തർക്കമാണോ ഇപ്പോഴത്തെ പരാതിക്ക് അടിസ്ഥാനമെന്ന് വ്യക്തമല്ല. ഏതായാലും ശിൽപയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബ്രൈസിനെതിരെ പൊലീസ കേസ്സെടുത്തു. ശിൽപയെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസ്സെടുത്തിട്ടുള്ളത്.

ബിസിനസ് ട്രിപ്പായി ഇവർ തിരുവനന്തപുരവും ചെന്നൈയും ഉൾപ്പെടെ അനേകം പ്രദേശങ്ങളിൽ പോകുകയും ഒരേ ഹോട്ടലിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇയാളെ തൃപ്തിപ്പെടുത്താനുള്ള നിർദേശങ്ങൾ നിരസിച്ചിരുന്നതായിട്ടാണ് യുവതി പറയുന്നത്. അതേസമയം യുവതിയും എംഡിയും സുഹൃത്തുക്കൾക്ക് അപ്പുറമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും അടുത്ത കാലത്ത് മാത്രമാണ് ഇവരുടെ തർക്കം രൂക്ഷമായതെന്നും പൊലീസ് പറയുന്നു. തന്റെ സുരക്ഷയ്ക്ക് അപ്പുറത്ത് ഒന്നും ഓർത്തല്ല പരാതി നൽകിയതെന്നാണ് യുവതി പറയുന്നത്.