- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് അസുഖം ബാധിച്ച് കിടപ്പിലായതോടെ കുട്ടികളുടെ പഠനം മുടങ്ങുന്ന അവസ്ഥ; മരുന്നുവാങ്ങാനും പണമില്ല; ഒടുവിൽ സ്വന്തമായി ഒരുസംരംഭം; കോഴിക്കടയിലെ എല്ലാ ജോലിയും ഒറ്റയ്ക്ക്; ഭർത്താവിന്റെ ഹൃദയശസ്ത്രക്രിയക്ക് പണം കണ്ടെത്തുക വെല്ലുവളി; കുറ്റിപ്പുറത്തെ സുലൈഖയ്ക്ക് ഇത് അതിജീവനത്തിനായുള്ള പോരാട്ടം
മലപ്പുറം: കോഴിക്കടയിൽ കോഴികളെ അറുത്തു ഇറച്ചി വിൽപന നടത്തി ഉപജീവനം നടത്തുകയാണ് മലപ്പുറം കുറ്റിപ്പുറം എടച്ചലത്തെ സുലൈഖ. കുന്നുമ്പുറത്ത് ബിസ്മി ചിക്കൻ കട നടത്തുന്ന പെരുവള്ളിപ്പറമ്പിൽ നാസറലിയുടെ ഭാര്യയായ സുലൈഖയുടെ ഈ ഇറച്ചിക്കോഴി വിൽപന അതിജീവനത്തിനായി പുതിയ മേഖല കൂടയാണ്.
ഭർത്താവിന് അസുഖം ബാധിച്ച് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് കുട്ടികളുടേ പഠനവും മരുന്ന് വാങ്ങുന്നതും നിലച്ചുപോകുമെന്നായതോടെയാണ് സുലൈഖ വീടിന് സമീപത്ത് കോഴിക്കട തുടങ്ങിയത്. വെളുപ്പിനെത്തി കട തുറന്ന് കോഴിക്കൂടുകളെല്ലാം വൃത്തിയാക്കി പത്ത് മണിവരെ കച്ചവടം നടത്തിയതിന് ശേഷം വീട്ടിലെത്തിയാണ് ഭക്ഷണം പാകം ചെയ്യുക.
ഒറ്റയ്ക്ക് കോഴിയെ അറുത്ത് വൃത്തിയാക്കി നൽകുമ്പോഴും കൈനീട്ടാതെ ജിവിക്കാനുള്ള പോരാട്ടത്തിലായിരുന്നു സുലൈഖ. എട്ട് വർഷം മുന്നെ തുടങ്ങിയ കോഴിക്കടയിൽ ലോക്ക് ഡൗണിന് ശേഷം കച്ചവടം കുറഞ്ഞതോടെ അതിജീവന പോരാട്ടത്തിൽ ആശങ്കയെത്തിയത്. ഓരോ ദിവസവും മരുന്ന് വാങ്ങാനും ചെലവിനുമായുള്ള തുക ലഭിക്കാൻ രാത്രി വരെ കട തുറന്നിരിക്കേണ്ട അവസ്ഥയാണ് സുലൈഖയിപ്പോൾ. കടയൊന്ന് വിപുലപ്പെടുത്തി കഠിനാധ്വാനം ചെയ്ത് കുടുംബം പോറ്റാനും മരുന്നിനുമായുള്ള തുക കണ്ടെത്തെണമെന്ന ആഗ്രഹമുണ്ടെങ്കിലും കടയുടെ വിപുലീകരണത്തിന് ആവശ്യമായ പണം കണ്ടെത്താനാകാതെ പകച്ച് നിൽക്കുകയാണിപ്പോൾ.
കോഴികൾക്ക് തീറ്റകൊടുക്കുന്നതും, ആളുകളുടെ ആവശ്യാനുസരണം കോഴികളെ തൂക്കത്തിനനുസരിച്ച് പിടിച്ചു ഇവയെ കത്തികൊണ്ടു അറുക്കുന്നതും പിന്നീട് തോല് ഒഴിവാക്കി ഇറച്ചിക്കഷ്ണങ്ങളാക്കി തൂക്കി കവറിലാക്കി നൽകുന്ന ജോലി മുഴുവൻ സുലൈഖ തന്നെയാണ് ചെയ്യുന്നത്. ഭർത്താവ് പെരുവള്ളിപ്പറമ്പിൽ നാസറലിക്ക് ഹൃദയസംബന്ധമായ അസുഖംകാരണം വലിയൊരുസർജറിക്കു ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇതിനായി വലിയ തുക കണ്ടെത്തണമെന്നും സുലൈഖ പറയുന്നു.
ഈ തുക കണ്ടെത്താൻകൂടിയാണ് താൻ ജീവന്മരണ പോരാട്ടമായി കോഴിഇറച്ചി വിൽപനയിലേക്കിറങ്ങിയതെന്നാണ് സുലൈഖ പറയുന്നത്. വീട്ടിലെ അവസ്ഥയും വളരെ ദയനീയമാണ്. കോഴി ഇറച്ചി വിൽപനയിലൂടെ ലഭിക്കുന്ന തുച്ഛമായ തുകമാത്രമാണ് കുടുംബത്തിന്റെ ഏകവരുമാന മാർഗം. ഈതുകകൊണ്ടുവേണം വീട്ടിലെ ദൈന്യംദിനചെലവുകൾ നടത്താൻ. നിർധന കുടുംബമായതിനാൽ തന്നെ മറ്റുയാതൊരു വരുമാന മർഗവുമില്ല. വീട് നിൽക്കുന്ന ചെറിയ വീടും സ്ഥലവും മാത്രമാണ് സ്വന്തമായുള്ളത്. നിത്യവരുമാന മാർഗത്തിനായി
ചെറിയൊരു കോഴിഫാം നടത്തണമെന്ന ആഗ്രഹമുണ്ടെങ്കിലും ഇത് ആരംഭിക്കാൻ കയ്യിൽ പണമില്ല.
ഏതെങ്കിലും രീതിയിൽ ഇത്തരത്തിലൊരു സംരംഭം തുടങ്ങാൻ സാധിച്ചാൽ ഇത് തന്നെകൊണ്ടു നല്ല രീതിയിൽ നടത്താൻ സാധിക്കുമെന്ന വിശ്വാസവും സുലൈക്കക്ക് ഉണ്ട്. ഭർത്താവിന്റെ ചികിത്സാചെലവിലേക്ക് തന്നെ വലിയൊരു തുക ആവശ്യമാണെന്നിരിക്കെ ഇത് എങ്ങിനെ കണ്ടെത്താനാകുമെന്ന പ്രയാസത്തിലാണിപ്പോൾ. ഭർത്താവിനെയുംകൊണ്ട് ആശുപത്രിയിൽ പോകുന്ന സമയത്തും കച്ചവടം നിലച്ചുപോകുന്ന സ്ഥിതിവിശേഷമുണ്ടാകും.
നിലവിൽ ഉച്ചയ്ക്കു 12മണിമുതൽ വൈകിട്ട് നാലുമണിവരെ ഹൈസ്‌കൂളിൽ പഠിക്കുന്ന ചെറിയ മകനെ കടയിൽ നിർത്തിയിട്ടാണ് സുലൈഖ തന്റെ വീട്ടിലെ മറ്റു ജോലികളെല്ലാം ചെയ്തു തീർക്കുന്നത്. വീട്ടിലെ ഭക്ഷണം പാകംചെയ്യൽ, വസ്ത്രം അലക്കൽ, ഭർത്താവിന് മരുന്ന് നൽകൽ, വീട് വൃത്തിയാക്കൽ തുടങ്ങിയ ജോലികളെല്ലാം ഈ സയത്തിനുള്ളിലാണ് ചെയ്തു തീർക്കുന്നത്. എട്ടാക്ലാസുകാരനായ മകൻ ഈ സമയത്ത് കടയിൽ വന്നിരിക്കുന്നതിനാൽ തന്നെ അവന്റെ ഓൺലൈൻ ക്ലാസിനെയും മറ്റും ഇത് പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. സുലൈഖ വീട്ടുജോലിചെയ്യുന്ന സമയത്ത് കൂലിക്ക് മറ്റൊരാളെ നിർത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് മകനെ തന്നെ ഈ സമയത്ത് കടയിൽ നിർത്തുന്നത്. ഗ്രാമപ്രദേശത്തെ വളരെ ചെറിയൊരു അങ്ങാടിയിലാണ് കച്ചവടമെന്നതിനാൽ തന്നെ വളരെ കുറഞ്ഞ കച്ചവടം മാത്രമാണ് ഇവിടെ നടക്കുന്നുള്ളു.
വിരലിലെണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണ് നിലിവിൽ ഇവിടെ നിന്നും കോഴിയും ഇറച്ചിയും വാങ്ങിച്ചുപോകുന്നത്. പരിസര പ്രദേശങ്ങളിലുള്ളവർകൂടി തന്റെ കടയിലേക്ക് കൂടുതലയായി വരണമെന്ന പ്രാർത്ഥനയിലുമാണിപ്പോൾ ഈ കുടുംബം.