കണ്ണൂർ: മരണത്തിലും വേർപിരിയാത്ത കൂട്ടുകാരായിരുന്നവർ ഇനി ഒന്നിച്ചുള്ള കല്ലറയിൽ ഉറങ്ങും.. ചമതച്ചാലിനടുത്ത് തിരൂർ പുഴയിൽ ശനിയാഴ്ച മുങ്ങിമരിച്ച അഞ്ച് സ്‌കൂൾ വിദ്യാർത്ഥികളുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌ക്കരിച്ചു. കുരുന്നുകളെ അവസാനമായി ഒരു നോക്ക് കാണാൻ വേണ്ടി ആയിരങ്ങളാണ് പൊതുദർശനത്തിന് വച്ചവേളയിൽ എത്തിയത്. പലരും പിഞ്ചോമനകളുടെ മൃതശ്ശരീരം കണ്ട് കണ്ണീരയ്ക്കാൻ പെടാപെട്ടു. അഞ്ചു പേരുടെയും സഹപാഠികൾ അടക്കമുള്ളവർ പ്രിയകൂട്ടുകാർക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി അർപ്പിച്ചു.

ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് പോസ്റ്റുമോർട്ടം ചെയ്യാതെയാണ് മൃതദേഹം നാട്ടിലെത്തിയച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രാവിലെ ഒൻപതിന് പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലും പത്തിന് ഇരൂഡ് സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിലും പൊതുദർശനത്തിനു വച്ചു. തിരൂർ സെന്റ് അസീസി പള്ളിയിൽ പ്രത്യേകം തയാറാക്കിയ പന്തലിലേക്കു മൃതദേഹം എത്തിച്ചപ്പോൾ ആയിരങ്ങൾ അത്യാജ്ഞലി അർപ്പിച്ചു. വൈകീട്ട് 5. 30തോടെ പള്ളിയിലെ സെമിത്തേരിയിൽ അഞ്ച് കുട്ടികൾക്കായി ഒരുക്കിയ കല്ലറയിൽ സംസ്‌കരിച്ചു.

മരിച്ച കുട്ടികളിൽ ഒരിജ, സ്റ്റഫാൻ എന്നിവർ സെന്റ് ആൻസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെയും അഖിൽ, ആയൽ, മാനിക്ക് എന്നിവർ ഇരൂഡ് സേക്രഡ് ഹാർട്ട് സ്‌കൂളിലെയും വിദ്യാർത്ഥികളാണ്. കുട്ടികളുടെ മരണത്തിൽ അനുശോചിച്ച് ഇന്ന് പയ്യാവൂർ, പടിയൂർ പഞ്ചായത്തുകളിൽ ഹർത്താൽ ആചരിച്ചിരുന്നു. മരണത്തിലും വേർപിരിയാത്ത അഞ്ച് കൂട്ടുകാർക്ക് തിരൂർ സെന്റ് ഫ്രാൻസിസ് അസീസ് സെമിത്തേരിയിൽ ഒരുങ്ങുന്നത് ഒന്നിച്ചുള്ള കല്ലറയാണ് ഒരുക്കിയത്. സംസ്‌കാര ശുശ്രൂഷകൾക്ക് കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർ നേതൃത്വം നൽകി.

സാധാരണയായി കുടുംബ കല്ലറകളിലാണ് ശവസംസ്‌കാരം ഒരുക്കാറുള്ളതെങ്കിലും മരണത്തിലും വേർപിരിയാത്ത കൂട്ടുകാർക്കായി തിരൂർ പള്ളി സെമിത്തേരിയിൽ പ്രത്യേക ശവക്കല്ലറകൾ ഉണ്ടാക്കാൻ ഇടവക അധികൃതരും നാട്ടുകാരും തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ മുതൽ ശവക്കല്ലറ നിർമ്മാണത്തിനായി ജാതിമത ഭേദമെന്യേ നാട്ടുകാർ ഒത്തുചേർന്നിരുന്നു. സെമിത്തേരിയുടെ പ്രവേശനകവാടത്തിന് സമീപമാണ് അഞ്ചുകൂട്ടുകാർക്കുംവേണ്ടി കല്ലറകൾ ഒരുക്കുന്നത്.

പിഞ്ചോമനകളുടെ ദുരന്തവാർത്ത ഉൾക്കൊള്ളാനാവാതെ നടുക്കമാണ് കുടിയേറ്റ ഗ്രാമത്തിൽ നിഴലിച്ചു നിന്നത്. അന്തിമോപചാര ചടങ്ങിൽ മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ഷൈലജ തുടങ്ങിയവരും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മണ്ഡലത്തിലെ എംഎൽഎ കെ സി ജോസഫും, സണ്ണി ജോസഫ് തുടങ്ങിയവരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. അഞ്ച് കുരുന്നുകളുടെ ജീവൻ ഒരേസമയം നഷ്ടമായതിന്റെ ആഘാതത്തിലായിരുന്നു നാട്. കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയുമായിരുന്നില്ല.

പുഴയെ നന്നായി അറിയുന്നവരാണ് പുഴയോരത്തെ മിക്ക കുട്ടികളും. അതുകൊണ്ടുതന്നെ പുഴയിൽ പോകുന്ന കുട്ടികളെ ആരും തടയാറുമില്ലായിരുന്നു. ആക്കാപറമ്പിൽ സലിജന്റെ വീട്ടിലെ രണ്ടുകുട്ടികളും മരണക്കയത്തിൽ മരിച്ചു താഴ്ന്നപ്പോൾ ബന്ധുവായ ബിനോയിയുടെ മകൻ മാണിക് ബിനോയും സലിജന്റെ സഹോദരി അനിതയുടെ മക്കളായ അഖിലും ആയലും ഇതേ ദുരന്തത്തിൽ ജീവൻ വെടിഞ്ഞു. ബന്ധുക്കൾക്കും നാട്ടുകാർക്കും ആശ്വസിപ്പിക്കാനാവാത്ത സ്ഥിതിയിലായിരുന്നു മരിച്ച കുട്ടികളുടെ വീടുകൾ.