ന്യൂഡൽഹി: ഹീറോ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മിഡ്ഫീൽഡർ സർദാർ സിങ് നയിക്കുന്ന 18 അംഗ ടീമിൽ മലയാളി ഗോൾകീപ്പർ ശ്രീജേഷാണ് ഉപനായകൻ. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് ടീം പ്രഖ്യാപനം. ഡിസംബർ ആറു മുതൽ 14 വരെ ഭുവനേശ്വറിലാണ് ടൂർണമെന്റ്. ജർമനിക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

എട്ട് രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഏഷ്യൻ ഗെയിംസ് സ്വർണവും ഓസ്‌ട്രേലിയയിലെ പരമ്പര വിജയവും നല്കുന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്കെത്തുന്നത്. ഡിസംബർ ആറിന് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ജർമനിയാണ്. ഏഴിന് അർജന്റീനയ്‌ക്കെതിരേയും ഒൻപതിന് നെതർലൻഡ്‌സിനെതിരെയും ഇന്ത്യ കളിക്കും.

ടീം: ക്യാപ്റ്റൻ സർദാർ സിങ്, ഗോൾകീപ്പർമാർ പി ആർ ശ്രീജേഷ്, ഹർജോത് സിങ്. ഡിഫൻഡർമാർ രുപീന്ദർ പാൽ സിങ്, വി ആർ രഘുനാഥ്, ബിരേന്ദ്ര ലക്ര, കോതജിത് സിങ്, ഗുർബാജ് സിങ്, ഗുർജിന്ദർ സിങ്. മിഡ്ഫീൽഡർമാർ മൻപ്രീത് സിങ്, ധരംവിർ സിങ്, ഡാനിഷ് മുജ്തബ, എസ് കെ ഉത്തപ്പ. ഫോർവേഡുകൾ രമൺദീപ് സിങ്, എസ് വി സുനിൽ, ആകാശ് ദീപ് സിങ്, നിക്കിൻ തിമ്മയ്യ, ലളിത് ഉപദ്യായ്.