അഗർത്തല: ദാരിദ്ര്യമായിരുന്നു ചന്ദ്രശേഖർ ഘോഷിന്റെ പാഠപുസ്തകം. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കിയത് ചെറുപ്പത്തിൽ അനുഭവിച്ച ദാരിദ്ര്യവും പട്ടിണിയുമാണ്. ഇന്ന് ഓഹരിവിപണിയിൽ കുതിപ്പോടെ കടന്നുവന്ന ബന്ധൻ ബാങ്കിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായിരിക്കുമ്പോഴും ചന്ദ്രശേഖർ ഘോഷ് താൻ കടന്നുവന്ന വഴികൾ മറക്കുന്നില്ല. വടക്കുകിഴക്കേ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഗ്രാമങ്ങളിൽ പാവപ്പെട്ടവർക്കിടയിൽ പ്രവർത്തിച്ച പരിചയമാണ് അദ്ദേഹത്തെ ഇന്നും നയിക്കുന്നത്.

ചൊവ്വാഴ്ചയാണ് ബന്ധൻ ബാങ്ക് ഓഹരിവിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കിയത്. എൻഎസ്ഇയിൽ 375499 രൂപയ്ക്ക് ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരി ഒറ്റദിവസംകൊണ്ട് 35 ശതമാനം വളർച്ച നേടി 499 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്. 4473 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിഞ്ഞത്. ബാങ്കിങ് മേഖലയിൽ അതിവേഗം വളർച്ച കൈവരിക്കുന്ന ബന്ധൻ ബാങ്കിന് 2017 ഡിസംബർ 31 വരെയുള്ള കണക്കുപ്രകാരം 887 ബ്രാഞ്ചുകളും 430 എടിഎമ്മുകളുമുണ്ട്. 21 ലക്ഷത്തിലേറെ അക്കൗണ്ട് ഉടമകളും ബാങ്കിനുണ്ട്.

ത്രിപുരയിലെ ഒരു ഗ്രാമത്തിൽ കൂട്ടുകുടുംബത്തിലാണ് 1960-ൽ ചന്ദ്രശേഖർ ഘോഷ് ജനിച്ചത്. ആറുമക്കളുള്ള കുടുംബത്തിന് പശുവളർത്തലായിരുന്നു ഉപജീവനമാർഗം. പാലുവിറ്റും ട്യൂഷനെടുത്തുമാണ് തനിക്ക് പഠിക്കാനുള്ള വരുമാനം ഘോഷ് കണ്ടെത്തിയത്. ബംഗ്ലാദേശിലെ ധാക്ക യൂണിവേഴ്‌സിറ്റിയിൽനിന്ന് 1978-ൽ എംഎ സ്റ്റാറ്റിസ്റ്റിക്‌സ് പൂർത്തിയാക്കി. അവിടുത്തെ ഗ്രാമങ്ങളിലെ സ്ത്രീകൾക്കിടയിൽ പ്രവർത്തിക്കുന്ന എൻജിഒയായ ബി.ആർ.എ.സിയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് അദ്ദേഹം ജീവിതയാഥാർഥ്യങ്ങളെ കൂടുതൽ അടുത്തുനിന്ന് കാണാൻ തുടങ്ങിയത്.

കടുത്ത ദാരിദ്യവും ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നുമുള്ള പീഡനവും സഹിച്ച് ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം അദ്ദേഹത്തിന്റെ കണ്ണുനനയിപ്പിച്ചു. ഇവരെ സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ബംഗ്ലാദേശിലെയും പശ്ചിമബംഗാളിലെയും ഗ്രാമങ്ങളിൽ ചെറിയ പലിശയ്ക്കുള്ള വായ്പകളിലൂടെ അദ്ദേഹം സ്ത്രീകൾക്ക് സഹായം നൽകാനെത്തി. ബന്ധൻ-കൊന്നഗർ എന്ന കമ്പനിയിലൂടെയായിരുന്നു തുടക്കം.

ബന്ധുക്കളിൽനിന്നും മറ്റും കടംവാങ്ങിയ രണ്ടുലക്ഷം രൂപയുമായാണ് തുടക്കം കുറിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു വീട്ടാവശ്യങ്ങൾക്കുമായി വായ്പയെടുക്കാൻ അദ്ദേഹം സ്ത്രീകളെ പ്രേരിപ്പിച്ചു. തുടക്കത്തിൽ സംശയത്തോടെയാണ് എല്ലാവരും വീക്ഷിച്ചതെങ്കിലും പിന്നീട് ജനങ്ങളുമായി അദ്ദേഹം അടുത്തം സ്ഥാപിച്ചു. ബന്ധൻ എന്ന പേരുതിരഞ്ഞെടുക്കാനുണ്ടായ സാഹചര്യം ജനങ്ങളുമായുള്ള അടുപ്പം വ്യക്തമാക്കുന്നതിനായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

2009-ൽ ബാങ്കിങ് ഇതര സ്ഥാപനമായി രജിസ്റ്റർ ചെയ്ത ബന്ധൻ, 2014-ൽ ബാങ്കിങ് ലൈസൻസ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മൈക്രോഫിനാൻസ് സ്ഥാപനമായി മാറി. അവിടെനിന്ന് ഇന്നുകാണുന്ന വലിയ ബാങ്കായി ബന്ധനെ വളർത്തിയതിന്റെ കഥയാണ് തമൽ ബന്ദോബാധ്യായയുടെ ബന്ധൻ: മേക്കിങ് ഓഫ് എ ബാങ്ക് എന്ന പുസ്തകത്തിലുള്ളത്. അദ്ദേഹത്തിന്റെ ജീവിതം വളർന്നുവരുന്ന വ്യവസായ സംരംഭകർക്കാകെ മാതൃകയാണെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു.