തൃശൂർ: കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങളിലൊന്നായ ചന്ദ്രബോസ് കൊലക്കേസിലെ അന്വേഷണം പൂർത്തിയായി. കുറ്റപത്രത്തിന്റെ കരടും തയാർ. സ്‌പെഷൽ പ്രോസിക്യൂട്ടർ ചുമതലയേറ്റാലുടൻ ചർച്ച ചെയ്ത് ആവശ്യമെങ്കിൽ മാറ്റം വരുത്തി കുറ്റപത്രം സമർപ്പിക്കും. അതിനിടെ നിസാമിന്റെ ഭാര്യ അമലയെ കേസിൽ സാക്ഷിയായി മാത്രമേ ചേർത്തിട്ടുള്ളൂ എന്നത് വിചാരണ സമയത്ത് തിരിച്ചടിയാകുമെന്ന് കരുതുന്നവരുണ്ട്. ചന്ദ്രബോസിനെ നിസാം കാറിടിച്ച് കൊല്ലുമ്പോൾ ഒപ്പമുണ്ടായിരുന്ന അമല അത് തടഞ്ഞില്ല. അതുകൊണ്ട് തന്നെ അവരേയും കേസിൽ പ്രതിചേർക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.

കേരളത്തിലെ പ്രധാന വ്യവസായികളിൽ ഒരാളാണ് അമലയുടെ അച്ഛൻ. കേസിൽ മകളെ പ്രതിയാക്കാതിരിക്കാൻ വ്യവസായി ആയ അച്ഛൻ ആവുന്നത് ശ്രമിച്ചു. അതിന്റെ പ്രതിഫലനമാണ് സാക്ഷിപ്പട്ടികയിലെ അമലയുടെ സാന്നിധ്യമെന്നാണ് വിമർശനം. എന്നാൽ അമല സാക്ഷിയാകുന്നത് നിസാമിന് ശിക്ഷ ഉറപ്പാക്കുമെന്നാണ് പൊലീസ് വാദം. എന്നാൽ സാക്ഷിക്കൂട്ടിൽ അമല മൊഴിമാറ്റിയാൽ എന്തു സംഭവിക്കുമെന്നതിന് മറുപടിയും പൊലീസിന് നൽകാനില്ല. ഇക്കാര്യത്തിൽ ചന്ദ്രബോസിന്റെ കുടുംബത്തിന് ആശങ്കയുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം നൽകിയതിനാൽ നിസാമിനെ ജാമ്യത്തിൽ വിടേണ്ട സാഹചര്യവും ഒഴിവാകും.

കേസെടുത്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പാതി ദിവസങ്ങൾകൊണ്ട് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് തയാറാക്കി. ശോഭാസിറ്റിയുടെ കവാടത്തിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ചന്ദ്രബോസിനെ കാറുകൊണ്ട് ഇടിച്ചു വീഴ്‌ത്തിയും ക്രൂരമായി മർദിച്ചും കൊലപ്പെടുത്തി എന്ന കുറ്റമാണു നിസാമിൽ ചുമത്തിയിരിക്കുന്നത്. സാക്ഷിമൊഴികളെല്ലാം പൊലീസ് ശേഖരിച്ചു. പതിനഞ്ചോളം പേരുടെ മൊഴി മജിസ്‌ട്രേട്ട് നേരിട്ടു രേഖപ്പെടുത്തി. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ വൈകിയെന്ന് ആരോപണമുണ്ടായെങ്കിലും കിട്ടിയിരിക്കുന്നവതന്നെ അതിശക്തമായ തെളിവുകളാണെന്നാണു പൊലീസ് നൽകുന്ന സൂചന.

കാർ ചന്ദ്രബോസിനെ ഇടിച്ചുവീഴ്‌ത്തിയത് എത്ര ശക്തിയിലായിരുന്നു എന്നതിനു വരെ റിപ്പോർട്ട് എടുത്തിട്ടുണ്ട്. ചന്ദ്രബോസിനെ ചേർത്തിടിച്ച ഫൗണ്ടന്റെ തകർന്ന തറ പിഡബ്ല്യുഡി എൻജിനീയറെ കൊണ്ടുവന്നു പരിശോധിപ്പിച്ചാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.സംഭവസമയത്ത് സെക്യൂരിറ്റി ചുമതലയിൽ ചന്ദ്രബോസ് ജോലി ചെയ്യുന്നതു മുതൽ നിസാം റോഡിലൂടെ കാറിൽ അമിതവേഗത്തിൽ വന്നതു വരെ ദൃക്‌സാക്ഷിമൊഴികളിലുണ്ട്. സാക്ഷികളിൽ സഹസെക്യൂരിറ്റി ജീവനക്കാർ മുതൽ സമീപവാസികളും വരെയുണ്ട്. സംഭവസ്ഥലത്തുനിന്നു ലഭിച്ച രക്തം, ഇടിച്ചു വീഴ്‌ത്തി എടുത്തിട്ടു കൊണ്ടുപോയ ഹമ്മർ കാറിനുള്ളിലെ രക്തം, നിഷാം ധരിച്ചിരുന്ന ഷൂസിലെ രക്തം എന്നിവ ശാസ്ത്രീയ തെളിവുകളാണ്.

കുറ്റപത്രം സ്‌പെഷൽ പ്രോസിക്യൂട്ടർ വായിച്ചശേഷം പഴുതുകളുണ്ടെങ്കിൽ അടച്ചു സമഗ്രമാക്കാനാണു തീരുമാനമെന്നു കമ്മിഷണർ ആർ. നിശാന്തിനി പറഞ്ഞു. സ്‌പെഷൽ പ്രോസിക്യൂട്ടറുടെ നിയമനം വൈകിയില്ലെങ്കിൽ പത്തു ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. ജനുവരി 29നു പുലർച്ചെയാണു ചന്ദ്രബോസിനെ കാറിടിപ്പിച്ചും ക്രൂരമായി മർദിച്ചും മാരകമായി പരുക്കേൽപ്പിച്ചത്. ആശുപത്രിയിൽ മരണത്തോടു മല്ലിട്ടു ഫെബ്രുവരി 16നു ചന്ദ്രബോസ് യാത്രയായി. സംഭവദിവസംതന്നെ കസ്റ്റഡിയിലായ പ്രതി മുഹമ്മദ് നിഷാമിനുമേൽ കാപ്പ നിയമംകൂടി ചുമത്തിയിട്ടുണ്ട്. ഇപ്പോൾ വിയ്യൂർ ജയിലിൽ റിമാൻഡിലാണു പ്രതി.

എന്നാൽ ചന്ദ്രബോസിന്റെ മരണമൊഴി എടുക്കാത്തതും വസ്ത്രം നശിച്ചതും അടക്കം നിർണ്ണായക തെളിവുകൾ പലതും പൊലീസ് നഷ്ടമാക്കി. മരണമൊഴിയുണ്ടായിരുന്നുവെങ്കിൽ സാക്ഷികൾ മൊഴി മാറ്റിയാൽ പോലും നിസാമിന് ശിക്ഷ ഉറപ്പായിരുന്നു.