- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയാളി നിസാമിന് ജീവപര്യന്തം ശിക്ഷ വിധിച്ച ദിവസം തന്നെ സർക്കാർ ജോലി നൽകി ഉത്തരവ്; കാലത്തിന്റെ കാവ്യനീതിയെങ്കിലും ഭർത്താവിന്റെ ഓർമ്മകളിൽ വിതുമ്പി ജമന്തി
തൃശൂർ: സ്വന്തം ഭർത്താവിനെ ആഡംബര വാഹനം ഇടിപ്പിച്ചും മർദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ച ദിവസം തന്നെ കുടുംബത്തിന്റെ അത്താണിക്ക് സർക്കാർ ജോലി. നിസാമിന്റെ വധശിക്ഷയാണ് പ്രതീക്ഷിച്ചതെങ്കിലും അത് ലഭിച്ചില്ല. അതിൽ ചന്ദ്രബോസിന്റെ കുടുംബം ദുഃഖിതരാണെങ്കിലും ആത്യാഢംബരത്തിൽ ജീവിച്ച വ്യക്തി അഴിക്
തൃശൂർ: സ്വന്തം ഭർത്താവിനെ ആഡംബര വാഹനം ഇടിപ്പിച്ചും മർദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ച ദിവസം തന്നെ കുടുംബത്തിന്റെ അത്താണിക്ക് സർക്കാർ ജോലി. നിസാമിന്റെ വധശിക്ഷയാണ് പ്രതീക്ഷിച്ചതെങ്കിലും അത് ലഭിച്ചില്ല. അതിൽ ചന്ദ്രബോസിന്റെ കുടുംബം ദുഃഖിതരാണെങ്കിലും ആത്യാഢംബരത്തിൽ ജീവിച്ച വ്യക്തി അഴിക്കുള്ളിലേക്ക് പോകുന്ന വേളയിലാണ് ഭാര്യ ജമന്തിക്ക് സർക്കാർ ജോലി ലഭിക്കുന്നത്. എന്നാൽ, ചന്ദ്രബോസിന്റെ വിയോഗത്തിന്റെ വേദന കണ്ണീർചാലായി ഒഴുകുന്നത് വറ്റിയിട്ടില്ല ഇനിയും.
ഭർത്താവിന് കൊലയാളിക്ക് ശിക്ഷകിട്ടിയ ദിവസം തന്നെ ജമന്തിക്ക് സർക്കാർ ജോലി നൽകിയുള്ള ഉത്തരവും പുറത്തിറങ്ങിയത് കാലത്തിന്റെ കാവ്യനീതി ആയെങ്കിലും ജമന്തിക്ക് കണ്ണീർ തോരുന്നില്ല. കോടീശ്വരനായ വ്യക്തിക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാതെ നിലപാട് സ്വീകരിച്ചാണ് ഒടുവിൽ പ്രതിക്ക് ശിക്ഷ നേടിക്കൊടുക്കാൻ ജമന്തിക്ക് സാധിച്ചത്. ഒരു ഘട്ടത്തിലും തന്റെ നിലപാടിൽ നിന്നും പിന്നോട്ടു പോയിരുന്നില്ല ജമന്തിയും കുടുംബവും.
പൊതുമേഖലാ സ്ഥാപനമായ ഔഷധിയിൽ എൽഡി ടൈപ്പിസ്റ്റായാണ് നിയമനം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ചന്ദ്രബോസ് വധക്കേസിൽ നിസാം കുറ്റക്കാരനെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ഇന്ന് ശിക്ഷ വിധിക്കുന്നതിന് മുമ്പാണ് ജമന്തിക്ക് ജോലി ലഭിച്ചത്. ചന്ദ്രബോസ് മരണമടഞ്ഞയുടൻ, അദ്ദേഹത്തിന്റൈ ഭാര്യക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. തൃശൂരിലെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നൽകുമെന്ന് മുഖ്യമന്ത്രി തന്നെ അറിയിക്കുകയും ചെയ്തു. ഇതിനിടെ കെ.എസ്.എഫ്.ഇയിൽ ജോലിക്ക് ശ്രമിച്ചെങ്കിലും വിദ്യാഭ്യാസ യോഗ്യത തടസ്സമായി.
തൃശൂരിലെ ഔഷധിയിൽ ജോലി നൽകുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചിരുന്നു. ജോലി കിട്ടാതായപ്പോൾ ബാബു എം. പാലിശേരി എംഎൽഎ ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. ഔഷധിയുടെ ജില്ലാ ഓഫീസിൽ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിൽ നിയമനം നൽകാനും തസ്തിക സൂപ്പർ ന്യൂമററിയായി സൃഷ്ടിക്കാനും ബോർഡ് തീരുമാനിച്ചതായി മുഖ്യമന്ത്രി അന്ന് അറിയിച്ചിരുന്നു.
ചന്ദ്രബോസിന്റെ മരണത്തോടെ നിരാലംബരായ കുടുംബം ജമന്തി വീടുകളിൽ പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് കഴിഞ്ഞിരുന്നത്. നിസാമിന് ശിക്ഷ വിധിക്കുന്നത് കേൾക്കാൻ കുടുംബത്തോടെ ഇവർ എത്തിയിരുന്നു. നിറഞ്ഞ കണ്ണുകളോടെയാണ് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം കോടതി വിധി കേട്ടത്്. ചന്ദ്രബോസിന്റെ ഭാര്യയും അമ്മയും കോടതി നടപടികൾ തുടങ്ങുന്നതിന് ഏറെ മുമ്പേ കോടതിയിലെത്തി കാത്തിരുന്നു.
നിസാം കുറ്റക്കാരനാണെന്ന് വിധിച്ച ദിവസം നിഷാമിന് വധശിക്ഷ നൽകണമെന്നായിരുന്നു ചന്ദ്രബോസിന്റെ അമ്മ പ്രതികരിച്ചത്. എന്നാൽ അത് ലഭിക്കാത്തതിൽ കുടുംബം ദുഃഖത്തിലാണ് താനും. കുടുംബനാഥനെ ഇല്ലാതാക്കിയ നിഷാം പരമാവധി ശിക്ഷയിൽ കുറഞ്ഞ് ഒന്നും അർഹിക്കുന്നില്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയും പ്രതികരിച്ചിരുന്നു. നിരവധി കടമ്പകൾ കടന്നാണ് കോടതി ഇന്ന് ശിക്ഷാവിധി പ്രഖ്യാപിച്ചത്. വിവിധ ആവശ്യങ്ങളുമായി പ്രതി മുഹമ്മദ് നിസാം നിരന്തരം ഉന്നത കോടതികളെ സമീപിച്ചു. വിചാരണ വൈകിപ്പിക്കുക, വാദം തടസ്സപ്പെടുത്തുക ഇതൊക്കെയായിരുന്നു ലക്ഷ്യങ്ങൾ. അന്തിമവാദത്തിന്റെ അവസാന നാളിൽ മറ്റൊരു കേസിന്റെ പേരിൽ നാടുകടക്കാനും ശ്രമമുണ്ടായി.
വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണം, മാദ്ധ്യമപ്രവർത്തകരെ സാക്ഷികളാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഒന്നും ഫലം കണ്ടില്ല. ജാമ്യം തേടിയും കുറ്റപത്രം റദ്ദാക്കണമെന്നും വാദം തടയണമെന്നും ആവശ്യപ്പെട്ടും ഏഴുതവണ നിസാം സുപ്രീംകോടതിയുടെ മുന്നിലത്തെി. 12 തവണയായി കേസ് പരിഗണിച്ച പരമോന്നത നീതിപീഠം നിശിത വിമർശത്തോടെ ആവശ്യങ്ങൾ തള്ളി.
13 തവണ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് ബി. കെമാൽ പാഷയുടെ അവധിയിൽ കേസ് പരിഗണിച്ച ബെഞ്ച് വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും അടുത്ത ദിവസം കെമാൽ പാഷ സ്റ്റേ നീക്കുകയും ആവശ്യത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ആഡംബര വാഹനമായ ഹമ്മർ കാർ, ചവിട്ടാനുപയോഗിച്ച വിലകൂടിയ ഷൂസ്, മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയവ ഉൾപ്പെടെ സാക്ഷിമൊഴികൾ എന്നിവയാണ് നിസാമിനെതിരെ പ്രധാന തെളിവായത്. 43 തൊണ്ടിമുതലുകളും 124 അനുബന്ധ രേഖകളും ഇവയിലുണ്ട്. 111 പ്രോസിക്യൂഷൻ സാക്ഷികളിൽ 22 പേരെ വിസ്തരിച്ചു. എന്നാൽ, മാദ്ധ്യമപ്രവർത്തകരെ ഒഴിവാക്കി നാലുപേരെയാണ് കോടതി അനുവദിച്ചത്. 1500 പേജുള്ളതായിരുന്നു കുറ്റപത്രം.