- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ ചട്ടങ്ങളിൽ മാറ്റം വരുത്തി; ടിപിആർ അഞ്ചിൽ താഴെയുള്ള സ്ഥലങ്ങളിൽ സാധാരണ നിലയിൽ പ്രവർത്തനം; പതിനഞ്ചിന് മുകളിൽ ട്രിപ്പിൾ ലോക്ഡൗണും; എ, ബി വിഭാഗങ്ങളിൽ ഇൻഡോർ സ്റ്റേഡിയവും ജിംനേഷ്യവും ഹോട്ടലും പ്രവർത്തിക്കാനും അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ ചട്ടങ്ങളിൽ മാറ്റം വരുത്തി. രോഗ സ്ഥിരീകരണനിരക്ക് കൂടിയ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കുറഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. ടിപിആർ പതിനഞ്ചിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അഞ്ചിൽ കുറഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായി.
ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പൂർണമായി പുനഃക്രമീകരിച്ചു. ടിപിആർ അഞ്ചിൽ താഴെയുള്ള എ വിഭാഗം സ്ഥലങ്ങളിലാണ് ഇനി മുതൽ സാധാരണനിലയിലുള്ള പ്രവർത്തനം. നേരത്തെ ഇത് ആറായിരുന്നു. അഞ്ചുമുതൽ പത്തുവരെ സെമിലോക്ക്ഡൗൺ നിയന്ത്രണങ്ങളായിരിക്കും. ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ഇതിന്റെ പരിധിയിൽ വരിക. പത്തുമുതൽ പതിനഞ്ച് വരെ ലോക്ക്ഡൗൺ. നേരത്തെ ഇത് യഥാക്രമം ആറുമുതൽ 12 വരെയും 12 മുതൽ 18 വരെയുമായിരുന്നു. നേരത്തെ ടിപിആർ 18ന് മുകളിലുള്ള ഡി വിഭാഗം പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ഇത് 15ന് മുകളിലാക്കി. ജൂലൈ എഴ് ബുധനാഴ്ച മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.
എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങളാണ് എ വിഭാഗം.
എ വിഭാഗത്തിൽ 82, ബിയിൽ 415, സിയിൽ 362, ഡി യിൽ 175 എന്നിങ്ങനെയാണ് ടിപിആറിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ചത്.
എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മുകൾക്കും, ജിമ്മുകൾക്കും എ സി ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരിൽ കുടുതൽ അനുവദിക്കുന്നതല്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാർഗനിർദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം. വാക്സിൻ എടുത്തവർക്കും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും പ്രവേശനം.
കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കു. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല.എല്ലാവിഭാഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കാൻ നിർദ്ദേശം നൽകി. കാസർകോട്ടേ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാൻ പ്രത്യേക ഇടപെടലിന് നിർദ്ദേശിച്ചു.
താൽക്കാലിക ജീവനക്കാരെ ഈ ഘട്ടത്തിൽ പിരിച്ചു വിടാൻ പാടില്ല എന്ന നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കണം. പ്രവാസികൾക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും.
മെഡിക്കൽ കോളേജുകൾ തുറന്നിട്ടുണ്ട് അവിടങ്ങളിലെ ഭക്ഷണ ശാലകളടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇടപ്പെട്ട് പരിശോധന സംവിധാനം ഉറപ്പാക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ