കോതമംഗലം: ഇടമലയാർ ആനവേട്ടക്കേസിൽ ഈ മാസം 31-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ ദിവസം മലയാറ്റൂർ ഡി എഫ് ഒ യുടെ ആധ്യക്ഷതയിൽ ചേർന്ന അന്വേഷകസംഘത്തിന്റെ റിവ്യൂ മീറ്റിംഗിലാണ് ഇതുസംന്ധിച്ച തീരുമാനമുണ്ടായത്. ആദ്യഘട്ടത്തിൽ അന്വേഷണം പൂർത്തിയായ 10 കേസുകളിലും ബാക്കിയുള്ള കേസുകളിൽ അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്കും കുറ്റപത്രം സമർപ്പിക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിട്ടിട്ടുള്ളത്.

പതിനഞ്ചോളം കേസുകളിലായി 60-ൽപ്പരം പ്രതികളുള്ള കേസിൽ കുറ്റപത്രം നൽകാത്തത് പരക്കെ വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിൽ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിക്കുന്നതിന് അന്വേഷകസംഘം തയ്യാറായതെന്നാണ് സൂചന. കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ മലയാറ്റൂർ ഡി എഫ് ഒ ഉൾപ്പെടെയുള്ള അന്വേഷകസംഘത്തിന്റെ മുഖ്യചുമതലക്കാർക്കെതിരെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും കടുത്ത വിമർശനം ഉണ്ടായതായും അറിയുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതുസംന്ധിച്ച ആദ്യകേസ് ഇടമലയാർ തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസിൽ രജിസ്റ്റർ ചെയ്യുന്നത്.

കുട്ടംപുഴ ഐക്കരക്കുടി വാസുവിന്റെ നേതൃത്വത്തിൽ ഇടമലയാർ വനമേഖലയിൽ ആനവേട്ട നടത്തിയിരുന്നതായി മുൻ ഫോറസ്റ്റുവാച്ചറും ആനവേട്ട സംഘത്തിന്റെ സഹായിയുമായിരുന്ന വടാട്ടുപാറ സ്വദേശി കുഞ്ഞുമോന്റെ വെളിപ്പെടുത്തലിൽനിന്നാണ് കേസിന്റെ ഉൽഭവം. വാസുവിന്റെ നേതൃത്വത്തിലുള്ള ആനവേട്ട സംഘത്തിന് ഭക്ഷണം തയ്യാറാക്കുന്ന ജോലി ചെയ്തിരുന്ന താൻ ആനയെ വാസു വെടിവച്ചിടുന്നതു നേരിൽ കണ്ടിട്ടുണ്ടെന്നായിരുന്നു കുഞ്ഞുമോന്റെ വെളിപ്പെടുത്തൽ.

ഇതുപ്രകാരം വാസുവിനെ ഒന്നാം പ്രതിയാക്കിയും മുഖ്യസഹായി ആണ്ടിക്കുഞ്ഞ് ഉൾപ്പെടെയുള്ള ഏതാനുപേരെ കൂട്ടുപ്രതികളാക്കിയും കേസെടുത്ത് തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കേസ് അന്വേഷണം മുറുകിയ ഘട്ടത്തിൽ മഹാരാഷ്ട്ര ഡോഡ മർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കേസിലെ മറ്റൊരു പ്രതി പെരുമ്പാവൂർ സ്വദേശി മനോജിന്റെ ഫാം ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ വാസുവിന്റെ ജഡം കണ്ടെത്തിയിരുന്നു. വാസുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള ബന്ധുക്കളുടെ പരാതിയിൽ ഡോഡ മർഗ് പൊലീസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം കുട്ടമ്പുഴയിലെത്തി വാസുവിന്റെ ബന്ധുക്കളിൽ നിന്നും മഹാരാഷ്ട്രാ പൊലീസ് മൊഴിയെടുത്തിരുന്നു.

ഓപ്പറേഷൻ ശിക്കാർ എന്നപേരിലുള്ള ഈ കേസന്വേഷണം വഴി അന്താരാഷ്ട്ര കള്ളക്കടത്തുസംഘങ്ങളുമായും ഹവാല ഇടപാടുകാരുമായും ബന്ധമുള്ള ആനക്കൊമ്പ് കടത്തൽ സംഘത്തിലെ പ്രമുഖരായ, തിരുവനന്തപുരം സ്വദേശികളായ ഈഗിൾ രാജൻ, അജി ബ്രൈറ്റ്, ഡൽഹി സ്വദേശി ഉമേഷ് അഗർവാൾ എന്നിവർ ഇരുമ്പഴിക്കുള്ളിലായി. ഉമേഷ് അഗർവാൾ ഡൽഹിയിൽ രഹസ്യ കേന്ദത്തിൽ ഒളിപ്പിച്ചിരുന്ന 500-ൽപ്പരം കിലോ ആനക്കൊമ്പ് അന്വേഷകസംഘം കണ്ടെടുത്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെന്നാണ് ഇതേക്കുറിച്ച് ഉദ്യോഗസ്ഥസംഘം തന്നെ പുറത്തുവിട്ടവിവരം. ഇതിൽ മുന്തിയ പങ്കും കേരളത്തിൽ നിന്നും കടത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്.

ഉടമസ്ഥർ മുറിച്ചെടുത്ത് സൂക്ഷിച്ചിരുന്ന നാട്ടാനകളുടെ കൊമ്പും ഈ ശേഖരത്തിൽ ഉൾപ്പെട്ടതായിട്ടാണ് കണക്കെടുപ്പിൽ ഉദ്യോഗസ്ഥസംഘത്തിന് ലഭിച്ചവിവരം. ഈ സംഭവത്തിൽ സംസ്ഥാനത്തെ ഏതാനും ദേവസ്വങ്ങൾ ഉൾപ്പെടെയുള്ള ആന ഉടമസ്ഥർക്കെതിരെ വനംവകുപ്പ് കേസ് നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്തേത്തുടർന്ന് ഈ വഴിക്കുള്ള നീക്കം ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തി സർവ്വീസ് അവസാനിപ്പിച്ച കിങ് ഫിഷർ ഉടമ വിജയ് മല്യ ഉൾപ്പെടെ രാജ്യത്തെ നിരവധി പ്രമുഖർക്കും ഡാബർ ഉൾപ്പെടെയുള്ള നിരവധി കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കും ആനക്കൊമ്പുകൾ എത്തിച്ചുനൽകിയെന്നായിരുന്നു അറസ്റ്റിലായ പ്രതികളുടെ വെളിപ്പെടുത്തൽ. ഇത് അന്വേഷകസംഘത്തെ ഞെട്ടിച്ചു. കൊമ്പ് നൽകിയവർക്ക് കടത്തൽ സംഘം ഹവാല ഇടപാടിൽ ലഭിച്ച പണം നൽകിയിരുന്നെന്നും കേസിൽ അറസ്റ്റിലായ ഡൽഹി സ്വദേശി ഉമേഷ് അഗർവാളിന് ഹവാല ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും അന്വേഷകസംഘത്തിന് വിവരം ലഭിച്ചിരുന്നു.

നിരവധി വിദേശരാജ്യങ്ങളിൽ വരെ വ്യാപിച്ചുകിടക്കുന്ന ആനക്കൊമ്പ് കടത്ത് മാഫിയയുടെ തലപ്പത്ത് തിരുവനന്തപുരം സ്വദേശിനി കൽക്കട്ട തങ്കച്ചിയെന്നറിയപ്പെടുന്ന സിന്ധുവാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും വനംവകുപ്പിന് ലഭിച്ച വിവരം.വളരെ വർഷങ്ങളായി കൊൽക്കത്തയിൽ കരകൗശല ഉത്പ്പന്നങ്ങളുടെ വിൽപ്പനശാല നടത്തിവരുന്ന തങ്കച്ചിയുടെ കോർപ്പറേറ്റുകളുമായുള്ള ബന്ധമാണ് ആനക്കൊമ്പ് വ്യാപാരം വേഗത്തിൽ തഴച്ചുവളരാൻ കാരണമായതെന്നാണ് വനംവകുപ്പധികൃതരുടെ കണ്ടെത്തൽ. ഇവരെ കണ്ടത്തുന്നതിന് അധികൃതർ പലവഴിക്ക് നടത്തിയ നീക്കം വിഫലമാവുകയായിരുന്നു. ഉദ്യോഗസ്ഥസംഘത്തിന്റെ നീക്കം ചോർന്നതാണ് തങ്കച്ചിയെ കുടുക്കുന്നതിനുള്ള നീക്കം പരാജയപ്പെടാൻ കാരണമെന്നാണ് പുറത്തായ വിവരം.

പെരിയാർ ടൈഗർ റസർവ്വ് ഈസ്റ്റ് ഡിവിഷന്റെ മുഖ്യചുമതലക്കാരൻ അമിത് മല്ലിക്കായിരുന്നു അന്വേഷക സംഘത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചിരുന്നത്.എൻ ഐ എ യിൽ ഒന്നരദശാബ്ദത്തോളം പ്രവർത്തിച്ചുപരിചയമുള്ള അമിത് മല്ലിക്കിന്റെ ചടുലനീക്കത്തിലാണ് പ്രതികളിലേറെപ്പേരും കുടുങ്ങിയത്. ഇതുവരെ ഈ കേസിൽ 60-ൽ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ എണ്ണം ഇതുവരെ കൃത്യമായി പുറത്തുവന്നിട്ടില്ല.