തിരുവനന്തപുരം: വിശക്കുന്നവന് ഭക്ഷണമെത്തിച്ചും ആശ്രയമില്ലാത്തവരെ പുനരധിവസിപ്പിച്ചും ജീവിതത്തിന്റെ പാതിവഴിയിൽ പ്രതീക്ഷയറ്റ് നിൽക്കുന്നവർക്ക് സാന്ത്വനമായി മാറുകയാണ് തിരുവനന്തപുരത്തെ അജു കെ മധു എന്ന യുവാവ്. നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും കണ്ടെത്തിയ വൃദ്ധയെ ഒരാഴ്‌ച്ച മുമ്പ് ശാന്തിവിള അനാഥാലയത്തിൽ എത്തിച്ചതോടെ അജു പുനരധിവസിപ്പിച്ച ജീവിതങ്ങൾ 25 ആയി. അക്കൂട്ടത്തിൽ വീട്ടിൽ നിന്നും ഇറക്കിവിടപ്പെട്ടവരുണ്ട്, അനാഥരുണ്ട്, മാനസികനില തെറ്റിയവരുണ്ട്. ദാരിദ്ര്യം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ കുടുംബത്തെ പോലും രക്ഷിച്ച് പുനരധിവസിപ്പിച്ച കഥ പറയാനുണ്ട് അജുവിന്.

കഴിഞ്ഞ രണ്ട് വർഷക്കാലമായി തെരുവിന്റെ മക്കൾക്ക് ഒരുദിവസം പോലും വിടാതെ കൃത്യമായി ഭക്ഷണം എത്തിക്കാനും ഈ ഇരുപത്തിയേഴുകാരൻ ശ്രദ്ധിക്കുന്നുണ്ട്. മറ്റാരിൽ നിന്നും സഹായം സ്വീകരിക്കാതെ സ്വന്തം അധ്വാനത്തിൽ നിന്നും ഒരുപങ്ക് മാറ്റിവച്ചാണ് ആര്യനാട് മീനാങ്കൽ സ്വദേശി അജു ദിവസേനെ തലസ്ഥാനനഗരിയിലെ അമ്പതോളം തെരുവിന്റെ മക്കളെ അന്നമൂട്ടുന്നത്. ഭക്ഷണം എത്തിക്കുന്നതിന് പുറമെ രോഗികൾക്ക് കൃത്യമായി മരുന്നുകളെത്തിക്കാനും അവശരായവരെ ആശുപത്രികളിലെത്തിക്കാനുമൊക്കെ അജു മുന്നിൽ തന്നെയുണ്ട്.

കോവിഡിന്റെ രണ്ടാംവരവിൽ നാടാകെ പകച്ചുനിന്നപ്പോൾ കോവിഡ് രോഗികൾക്ക് കൃത്യമായി ഭക്ഷണവും മരുന്നുമെത്തിച്ച് അവർക്കൊരു കൈത്താങ്ങായി. നിലാരംബർക്ക് വേണ്ടി സമരരംഗത്തും അജു സജീവമാണ്. തെരുവിൽ കഴിയുന്നവരെ പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റാൻ മേയർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭയുടെ മുന്നിൽ പായവിരിച്ച് കിടന്ന് സമരം നടത്തിയ വ്യക്തിയാണ് അജു. ഏതാനും മാസങ്ങൾക്ക് മുമ്പ് തമ്പാനൂരിൽ ഡ്രയിനേജ് പൊട്ടി ദുർഗന്ധം വമിച്ചപ്പോൾ അജു ഒറ്റയ്ക്ക് നടുറോഡിൽ കിടന്നായിരുന്നു പ്രതിഷേധിച്ചത്.

ജീവകാരുണ്യപ്രവർത്തനം ആദായമാർഗമല്ല, ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതുന്നയാളാണ് അജു. പെയിന്റിങ് പണിക്കടക്കം പോകുന്ന അജു അതിൽ നിന്നൊരു ഭാഗം മാറ്റിവച്ചാണ് ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെ പേരിൽ പിരിവ് നടത്തി സ്വന്തം ആസ്തി വർദ്ധിപ്പിക്കാൻ അജു തയ്യാറല്ല. അത്തരം ആളുകളാണ് കാരുണ്യ പ്രവർത്തനങ്ങളെ മോശപ്പെടുത്തുന്നതെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ ആരുടെ മുന്നിലും കൈനീട്ടാതെ സ്വന്തം വിയർപ്പിന്റെ ഫലം കൊണ്ട് മറ്റുള്ളവർക്കും അപ്പം വാങ്ങി നൽകുകയാണ് ഈ നന്മമരം.