ന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനത്തിന് എത്തിയതാണ് നർഗീസ് അസ്താരി എന്ന 28-കാരി ബ്രിട്ടീഷ് യുവതി. ഒഡിഷയിൽ അനാഥാലയം നടത്തിക്കൊണ്ടിരുന്ന ഈ ഇറാൻ വംശജ ഇപ്പോൾ രണ്ടുവർഷമായി തടവുശിക്ഷ ഭയന്ന് കഴിയുകയാണ്. അനാഥാലയത്തിൽനിന്ന് വിനോദയാത്ര പോയതിനിടെ കാണാതായ കുട്ടിയുടെ പേരിൽ അവർ ജയിൽ ശിക്ഷ നേരിട്ടേക്കും.

ലോകത്തെ അനാഥക്കുട്ടികളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുകയെന്ന ലക്ഷ്യത്തോടെ 2010-ൽ സ്ഥാപിച്ച പ്രിഷാൻ ഫൗണ്ടേഷന്റെ ഭാഗമായാണ് നർഗീസ് ഇന്ത്യയിലെത്തിയത്. കുട്ടിക്കാലത്തെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട നർഗീസിന്റെ ജീവിതം മാറ്റിമറിച്ചത് ശ്രീലങ്കയിൽനിന്നുള്ള ഒരു അനാഥബാലനാണ്. അതോടെയാണ് ഇത്തരമൊരു ഫൗണ്ടേഷൻ സ്ഥാപിക്കാൻ അവർക്ക് തോന്നിയത്.

അനാഥരായ പെൺകുട്ടികൾക്കും കാഴ്ച വൈകല്യമുള്ള കുട്ടികൾക്കും വേണ്ടിയാണ് ഒഡിഷയിൽ നർഗീസ് അനാഥാലയം തുടങ്ങിയത്. എന്നാൽ, 2014-ൽ ഒരു കുട്ടിയെ കാണാതായതോടെ സ്ഥിതിഗതികൾ ആകെ മാറി. വിനോദയാത്രയ്ക്കിടെ മുങ്ങിമരിച്ചുവെന്ന് കരുതുന്ന ഈ കുട്ടിയുടെ തിരോധാനം നർഗീസിനെതിരെ കേസ്സെടുക്കാൻ പൊലീസിനെ നിർബന്ധിതരാക്കി.

നർഗീസിനെതിരെ നാട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് പുരോഗമിക്കന്നത്. അനാഥാലയത്തിനെതിരെ പ്രവർത്തിച്ചിരുന്ന ചിലരും ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു. കുട്ടിയെ കാണാതായതിന് പുറമെ, അഴിമതിയുൾപ്പെടെയുള്ള ആരോപണങ്ങളും ഇവർക്കെതിരെ ഉയർന്നിട്ടുണ്ട്.

തന്നെ കേസ്സിൽനിന്ന് രക്ഷപ്പെടുത്താനും ഇംഗ്ലണ്ടിലേക്ക് മടങ്ങാനും സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പഴയ സുഹൃത്തുക്കളുടെ സഹായം തേടിയിരിക്കുകയാണ് നർഗീസ് ഇപ്പോൾ. ഈ കേസിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കാൻ ഓൺലൈൻ നിവേദനം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കൾ.