പാലാ:'ഞാൻ ഒരു കുട്ടിയേയും കടത്തിക്കൊണ്ടുപോയിട്ടില്ല. അവരാരും കോതമംഗലത്തുകാരുമല്ല. കുട്ടികളുടെ കായിക ഭാവി നശിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. താരങ്ങളിലേറെയും പരിക്കുകളുടെ പിടിയിലാണ്. അമിതമായ പരിശീനം മൂലം അവരുടെ ആരോഗ്യസ്ഥിതിയും മോശമാണ്. സ്‌കൂളിൽ തുടരണമല്ലോ എന്ന് കരുതി അവരാരും ഒന്നും പറയുന്നില്ല എന്ന് മാത്രം. ആ കുട്ടികൾ അവിടം വിട്ടത് മനം മടുത്തിട്ടാണ്.' ചാമ്പ്യൻ സ്‌കൂളുകളിൽ നിന്നും കായികതാരങ്ങളെ കടത്തിക്കൊണ്ടുപോയ സംഭവത്തിലെ 'വില്ലൻ' ആയി ചിത്രീകരിക്കപ്പെടുന്ന ചാൾസ് സി ഇടപ്പാട്ട് മറുനാടനോട് വ്യക്തമാക്കുന്നത് ഇങ്ങനെ.

കായിക കേരളത്തിന്റെ തലവര മാറ്റിയെഴുതിയ കോതമംഗലം മാർബേസിൽ, സെന്റ് ജോർജ്ജ് സ്‌കൂളുകളിലെ കായികതാരങ്ങളുടെ കൂടുമാറ്റം പാല സ്‌കൂൾ മീറ്റിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഈ രണ്ട് സ്്കൂളുകളിലും പരിശീലകനായിരുന്ന ചാൾസ്് കോതമംഗലം സ്‌കൂളുകളുടെ അഭിമാനമായ കായികതാരങ്ങളെ മോഹനവാഗ്ദാനങ്ങൾ നൽകി കടത്തിക്കൊണ്ട് പോയി എന്ന് ഇരു സ്‌കൂളുകളുടെ അഭ്യൂദയകാംക്ഷികളും മാനേജ്മെന്റ് പ്രതിനിധികളും മറുനാടനോട് വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറപിടിയായിട്ടാണ് ചാൾസ് മറുനാടനോട് പ്രതികരിച്ചത്.

പിറവം മണീട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ കായിക അദ്ധ്യാപകനാണിപ്പോൾ ചാൾസ് ഇടപ്പാട്ട്. മിഠായി നൽകി കടത്തിക്കൊണ്ടുപോകാവുന്ന പ്രായത്തിലുള്ള കുട്ടികളല്ല കോതതംഗലത്തെ സ്‌കൂളുകളിൽ നിന്നും എന്റെ കീഴിൽ പരിശിലനത്തിനെത്തിയതെന്ന് ചാൾസ് മാഷ് വ്യക്തമാക്കുന്നു. അവർ അനുഭവിക്കുന്ന പെടാപ്പാട് കണ്ടറിഞ്ഞവനാണ് ഞാൻ. രാവിലെയും ഉച്ചക്കും വൈകിട്ടുമുള്ള പരിശീലനം മൂലം ഈ സ്‌കൂളുകളിലെ ഭൂരിപക്ഷം താരങ്ങളുടെയും ആരോഗ്യസ്ഥിതി മോശമായിരുന്നു. പലരും പരുക്കുകളുടെ പിടിയിൽപ്പെടുന്നത് വേദനയോടെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്.

സ്‌കൂൾ മാനേജ്മെന്റുകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തരത്തിൽ താരങ്ങൾക്ക് പരിശീലനം നൽകാൻ ഞാൻ തയ്യാറായത്.സ്‌കൂൾ മീറ്റുകൾ മാത്രമായിരുന്നു സ്‌കൂൾ മാനേജ്മെന്റുകളുടെ ലക്ഷ്യം. ഇതുകൊണ്ട് താരങ്ങൾക്ക് ആകെയുള്ള ലാഭം പ്രൈസ് മണി മാത്രമാണ്. ഇത് ലഭിച്ചിട്ട് വർഷങ്ങളായി. ദേശീയ -അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിക്കാൻ കഴിഞ്ഞാലേ കായികതാരങ്ങൾക്ക് ഭാവിയുള്ളു. ഓരോ സ്‌കൂൾ മീറ്റ് കഴിയുമ്പോഴും മറ്റു സ്‌കൂളുകളിലെ മികച്ച കായികതാരങ്ങളെ വലവീശിപ്പിടിച്ച പാരമ്പര്യമാണ് ഈ രണ്ട് സ്‌കൂളുകൾക്കും ഉള്ളത്. സ്വന്തമായി ഇവരാരും ഒന്നും നേടിയിട്ടില്ല- ചാൾസ് തുറന്നടിച്ചു.

മാർബേസിൽ സ്‌കൂൾ മാനേജ്മെന്റിന്റെ വിഭാഗനീക്കത്തിൽ ഒപ്പം നിൽക്കേണ്ട ഇവിടുത്തെ കായിക അദ്ധ്യാപിക കളംമാറ്റിച്ചവിട്ടി. ഇതോടെയാണ് എനിക്ക് മാർബേസിലിനോട് വിടപറയേണ്ടിവന്നത്-ചാൾസ് വ്യക്തമാക്കി. കോതമംഗലത്തെ ചരിത്ര പ്രസിദ്ധമായ മർത്തോമൻ ചെറിപള്ളിയുടെ ഉടമസ്ഥതിലുള്ളതാണ് മാർ ബേസിൽ സ്‌കൂൾ. കോതമംഗലം രൂപതയുടെ കീഴിലാണ് സെന്റ് ജോർജ്ജ് സ്‌കൂൾ പ്രവർത്തിക്കുന്നത്. സ്‌കൂളുകളുടെ പേരും പെരുമയും കാത്ത് സൂക്ഷിക്കാൻ സ്‌കൂൾ ഭരണസമിതികൾ കായികതാരങ്ങളെ പരിധിവിട്ട് ഉപയോഗിക്കുകയായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ചാമ്പ്യൻസ് സ്‌കൂളുകളുടെ വിജയ രഹസ്യം തന്ത്രമല്ല, കുതന്ത്രമാണ് -ചാൾസ് പറയുന്നു.

ഇക്കുറി മീറ്റിൽ മണീട് സ്‌കൂളിന് ചരിത്രത്തിൽ ആദ്യ സ്വർണം നേടിക്കൊടുത്തുകൊണ്ട് ചാൾസ് മാഷ് അവിടെയും മികച്ചൊരു പരിശീലകന്റെ റോ്ൾ ഏറ്റെടുത്തിട്ടുണ്ട്. ജൂനിയർ വിഭാഗം ലോംഗ്ജമ്പിൽ മൂന്നാമത്തെ ശ്രമത്തിൽ ശ്രീകാന്ത് 7.05 ചാടി മീറ്റ് റെക്കോഡ് സ്ഥാപിക്കുമ്പോൾ കണ്ടു നിന്ന് കൈയടിച്ചവർക്ക് അതൊരു ഒന്നാം സ്ഥാനം മാത്രമായിരുന്നു. എന്നാൽ മണീട് എന്ന കർഷക ഗ്രാമത്തിന് അതൊരു സ്വപ്നനേട്ടമായി മാറുകയായിരുന്നു. കായിക കേരളത്തിന്റെ ചരിത്രത്തിൽ മണീട് ഗ്രാമത്തിന്റെ പേരും ഒപ്പം അവിടെ ഒതുങ്ങിയ മണീട് ഗവൺമെന്റ് വോക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളെന്ന വിദ്യാലയത്തിന്റെ പേരും അങ്ങനെ കുറിക്കപ്പെട്ടു.

സ്‌കൂൾ കായികമേളയിൽ മണീട് നേടുന്ന ആദ്യത്തെ സ്വർണമാണിത്. ചാൾസ് ഇടപ്പാട് എന്ന കായിക അദ്ധ്യാപകൻ മണീട് എത്തിയതോടെയാണ് സ്‌കൂളിന്റെ തലവര മാറിമറിഞ്ഞത്. കായിക മേളിയിൽ മുന്നിട്ടു നിന്നിരുന്ന കോതമംഗലം സ്‌കൂളുകലെ സഹ പരിശീലകൻ ആയിരുന്ന ചാൾസ് മാഷ് മണീട് എത്തിയതോടെയാണ് ഇവിടെ കായികം പ്രധാന പാഠ്യവിഷയമായി മാറുന്നതും ഇപ്പോൾ കായിക മേളയിൽ സ്‌കൂൾ ചരിത്രം കുറിക്കുന്നതും.