- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരൂർക്കടയിൽ കത്തിക്കരിഞ്ഞ നിലയിൽ മുൻ വാർഡ് കൗൺസിലറുടെ മൃതദേഹം; തെങ്ങില്ലാത്ത പ്രദേശത്ത് കത്തിക്കരിഞ്ഞ ഓലയും; വഴയില സ്വദേശിയുടേതുകൊലപാതകമെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: പേരൂർക്കടയിൽ കത്തിക്കരിഞ്ഞ നിലയിൽ മുൻ വാർഡ് കൗൺസിലറുടെ മൃതദേഹം കണ്ടെത്തി. പേരൂർക്കട വഴയില സ്വദേശി അജയകുമാറിന്റെ (66) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളിൽ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂർണമായിട്ടും കത്തിക്കരിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്നു അജയകുമാർ. മടത്തുവിളാകം, മണികണ്ഠേശ്വരം വാർഡുകളിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടായിരുന്നു വിജയിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.
ശനിയാഴ്ച രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് പുഴുവരിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്ന സ്ഥലത്തിന്റെ സമീപത്തുള്ളയാൾ തന്റെ പറമ്പ് വൃത്തിയാക്കാൻ എത്തിയപ്പോളാണ് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് സമീപത്തെ സ്ഥലം പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിന് സമീപത്തായി തെങ്ങിന്റെ ഓല കത്തിക്കരിഞ്ഞ നിലയിൽ കിടപ്പുണ്ടായിരുന്നു. എന്നാൽ മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപത്തൊന്നും തെങ്ങുകൾ ഇല്ലായിരുന്നു. ഇതും ദുരൂഹത ഉയർത്തുന്നുണ്ട്. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു.
മറുനാടന് മലയാളി ബ്യൂറോ