കാസർഗോഡ്: ചീമേനി പുലിയന്നൂരിലെ റിട്ടയേർഡ് അദ്ധ്യാപിക പി.വി. ജാനകിയെ കഴുത്തറുത്തുകൊലപ്പെടുത്തിയത് ബംഗാൾ -ആന്ഡ്ര ക്വട്ടേഷൻ സംഘമോ? അക്രമ സമയത്ത് ഹിന്ദി സംസാരിച്ചതും മൊബൈൽ സിം പരിശോധിച്ചതും ഇത്തരമൊരു സംഘത്തിലേക്കാണ് സൂചന നൽകുന്നത്. ചീമേനി പരിധിയിൽ കൊലപാതക ശേഷം സ്വിച്ച് ഓഫ് ചെയ്ത പത്ത് മൊബൈലുകളിൽ സംഭവ ദിവസം ഈ മൊബൈലുകൾ ചീമേനി ടവർ ലൊക്കേഷനിൽ പ്രവർത്തിച്ചതാണ് പൊലീസിനെ ഈ വഴിക്ക് അന്വേഷണത്തിന് പ്രേരിപ്പിച്ചത്. ഈ മൊബൈൽ നമ്പറുകൾ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് പ്രവർത്തിച്ചതായും വ്യക്തമായിട്ടുണ്ട്. പറശ്ശിനിക്കടവ് ക്ഷേത്ര സമീപത്തെ കടയിൽ നിന്നും മൂന്നംഗ സംഘം മുഖം മൂടി വാങ്ങിയിരുന്നു.

ഈ മൂന്നംഗ സംഘമാണ് ജാനകി ടീച്ചറെ കൊലപ്പെടുത്തിയതും ഭർത്താവ് കൃഷ്ണൻ മാസ്റ്ററെ ഗുരുതരമായി പരിക്കേൽപ്പിച്ച് കവർച്ച നടത്തിയതെന്നും പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഇവർക്ക് വഴികാട്ടിയായി തദ്ദേശിയനോ ബന്ധുവോ ആയ ഒരാൾ കൂടി ഉണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ജാനകിയേയും കൃഷ്ണൻ മാസ്റ്ററേയും മുഖം മൂടി സംഘം ആക്രമിക്കുമ്പോൾ മുഖം മൂടിയുടെ ഭാഗം അടർന്ന് വീണിരുന്നു. അതാണ് അന്വേഷണം മുഖം മൂടി വാങ്ങിച്ച സംഘത്തിലേക്ക് എത്തിയത്. ഇപ്പോഴത് നിർണ്ണായകമായിരിക്കയാണ്. കൊല നടന്ന ശേഷം അന്യ സംസ്ഥാനക്കാരാണ് ഈ കൃത്യം നടത്തിയതെന്ന നിലയിലേക്ക് തന്നെയാണ് അന്വേഷണം ആരംഭിച്ചത്. മഹാരാഷ്ട്ര സാങ്ക്ളിയിലെ പഴക്കച്ചവടക്കാരാണ് ഇതിന് പിന്നിലെന്നും സംശയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബംഗാൾ സംഘമാണ് പിറകിലെന്ന് ഉറപ്പിച്ചു കഴിഞ്ഞു.

ജാനകിയേയും ഭർത്താവ് കൃഷ്ണൻ മാസ്റ്ററേയും അടുത്തറിയുന്ന ഒരു വ്യക്തിയാണ് ഈ കൊലപാകത സംഘത്തെ നയിച്ചിരുന്നുവെന്നതിലേക്കാണ് അന്വേഷണ സംഘം എത്തി നിൽക്കുന്നത്. പൊലീസ് അന്വേഷണം മൊബൈൽ ഫോണിലേക്ക് എത്തുമെന്നറിയുന്ന ഇയാൾ മൊബൈൽ ഫോൺ ചീമേനിയിലെത്തിക്കാതെ കാര്യങ്ങൾ നടത്തുകയായിരുന്നു. പതിവായി ഫോൺ ഉപയോഗിച്ചിരുന്ന ഇയാൾ കൊലപാതകം നടന്ന ദിവസം ഫോൺ വിളിച്ചതേയില്ല. ഇതാണ് പൊലീസ് ഇങ്ങിനെയൊരാളെ ചുറ്റിപ്പറ്റി ്അന്വേഷണം വ്യാപിപ്പിച്ചത്. ചീമേനി ടവറിനു കീഴിലുള്ള ഫോൺ നമ്പറുകൾ ശേഖരിച്ച് ശാസ്ത്രീയ അന്വേഷണത്തിലൂടേയാണ് നിർണ്ണായക തെളിവുകളിലേക്ക് പൊലീസിന് എത്തിച്ചേരാൻ കഴിഞ്ഞത്. സംഭവത്തോടനവുബന്ധിച്ച് ജാനകിയുടെ മരുമകനെ പൊലീസ് രണ്ട് തവണ ചോദ്യം ചെയ്തു കഴിഞ്ഞു.

പറശ്ശിനിക്കടവിലെ സി.സി.ടി.വി ക്യാമറയിലെ ഹാർഡ് ഡിസ്‌ക്ക് വിദഗ്ധ പരിശോധനക്കായി ബംഗളൂരുവിലേക്ക് അയച്ചിരിക്കയാണ്. പറശ്ശിനിക്കടവിലെ കടയിൽ നിന്നും മുഖം മൂടി വാങ്ങിയവരുടെ ദൃശ്യങ്ങൾ അതിലുണ്ടെങ്കിലും അതിൽ വ്യക്തതയില്ല. ഇവരെ മിഴിവോടെ കാണുന്ന തരത്തിൽ വ്യക്തമാക്കാനാണ് ബംഗളൂരുവിലേക്ക് പരിശോധനക്ക് അയച്ചത്. ഡിസംബർ 13 ന് രാത്രി 9 മണിയോടെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന അക്രമികൾ ജാനകിയെ കെട്ടിയിട്ട് കഴുത്തിനിരുവശവും കുത്തി കൊലപ്പെടുത്തുകയായിരുന്നു.

അതിനുശേഷം മേശയുടെ താക്കോൽ വാങ്ങി ആഭരണങ്ങൾ കവർച്ച ചെയ്തു. ഭർത്താവ് കൃഷ്ണൻ മാസ്റ്ററേയും അവർ സമാന രീതിയിൽ പരിക്കേൽപ്പിച്ചു. ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. ഉം ബിജെപി.യും സിപിഐ.(എം). ഉം വെവ്വേറെ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് ബംഗാൾ ക്വട്ടേഷൻ സംഘത്തിന്റെ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.