ഹില്ലാരി ക്ലിന്റനെ തറപറ്റിച്ച് ചൊവ്വാഴ്ച ട്രംപ് ഉജ്വലമായ തെരഞ്ഞെടുപ്പ് വിജയം നേടിയിരിക്കുകയാണല്ലോ. ഇതോടെ ക്ലിൻൺ കുടുംബം യുഎസ് രാഷ്ട്രീയത്തിൽ നിന്നും ഇല്ലാതാകുന്നുവെന്ന പ്രചരണം ശക്തമാകുന്നുണ്ട്. എന്നാൽ അതിനെ നിഷ്പ്രഭമാക്കിക്കൊണ്ട് ക്ലിന്റൺ ഹില്ലാരി ദമ്പതികളുടെ മകൾ ചെൽസിയ യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കാൻ ഇറങ്ങുന്നുവെന്ന് റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതിലൂടെ അമ്മയ്ക്ക് ലഭിക്കാതെ പോയ പ്രസിഡന്റ് പദവി നേടിയെടുക്കാനാണ് മകൾ ശ്രമിക്കുന്നതെന്നും സൂചനയുമണ്ട്.

ന്യൂയോർക്കിലെ 17ാമത് കോൺഗ്രഷനൽ ഡിസ്ട്രിക്ടിന്റെ റെപ്രസെന്റേറ്റീവായ നിറ്റ ലോവെയിൽ റിട്ടയർ ചെയ്യുമ്പോൾ ആ സ്ഥാനത്ത് നിന്ന് ചെൽസിയ മത്സരിക്കുകയെന്നും ചില ഉറവിടങ്ങൾ ന്യൂയോർക്ക് പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. 1989 മുതൽ ലോവെ യുഎസ് ഹൗസ് റപ്രസെന്റേറ്റീവ്സിലെ പ്രതിനിധിയാണ്. ഇത്തരത്തിൽ ചെൽസിയയെ രാഷ്ട്രീയത്തിൽ ഇറക്കുന്നതിലൂടെ രാഷ്ട്രീയത്തിലെ തങ്ങളുടെ കുടുംബ പാരമ്പര്യം തുടരാൻ തന്നെയാണ് ബിൽ ക്ലിന്റണനും ഹില്ലാരിയും തീരുമാനിച്ചിരിക്കുന്നതെന്നും പ്രസ്തുത ഉറവിടം വെളിപ്പെടുത്തുന്നു.

ഇതിലൂടെ ട്രംപിനോട് ഏറ്റുമുട്ടി ദയനീയമായി പരാജയപ്പെട്ട ഹില്ലാരിക്കുണ്ടായ നാണക്കേടിനെ മറികടക്കാൻ ചെൽസിയയിലൂടെ ഈ കുടുംബം ശ്രമിക്കുന്നുവെന്നും സൂചനയുണ്ട്. സമീപനാളുകളിലായി ചെൽസിയ ക്ലിന്റൺ ഫൗണ്ടേഷനിലും ഹില്ലാരിയുടെ പ്രചാരണങ്ങളിലും മുൻപന്തിയിൽ നിന്നത് അവരുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായിട്ടാണ് ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. ചെൽസിയ വോട്ട് ചെയ്യുന്നതും ജീവിക്കുന്നതും മാൻഹാട്ടനിലാണ്. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹില്ലാരിയും ബിൽ ക്ലിന്റണും തങ്ങളുടെ ചാപാക്വായിലെ വീടിന് സമീപത്ത് ചെൽസിയക്കായി 1.6 മില്യൺ ഡോളറിന്റെ വീട് വാങ്ങിയിരുന്നു. ഇതിൽ ചെൽസിയയും ഭർത്താവ് മാർക് മെസ് വിൻസ്‌കിയും അവരുടെ രണ്ട് മക്കളായ ചാർലറ്റും ഏയ്ഡെനും താമസിക്കാനെത്തുകയും ചെയ്തിരുന്നു. കോൺഗ്രസ് സീറ്റ് തനിക്ക് ലഭിച്ചാൽ ചെൽസിയ തന്റെ ലീഗൽ റെസിഡൻസാക്കി ചാപാക്വായിലെ വീടിന്റെ വിലാസം മാറ്റുമെന്നാണ് സൂചന.

ലോവെ കോൺഗ്രസിൽ തന്റെ 14ാമത്തെ ടേമാണ് പൂർത്തിയാക്കുന്നത്. ചെൽസിയെ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ തന്റെ അച്ഛനമമ്മമാരുടെ പാരമ്പര്യം പിന്തുടരുന്നതിന് പുറമെ ഭർത്താവിന്റെ മാതാപിതാക്കളുടെ പാരമ്പര്യം കൂടിയായിരിക്കും ഇവർ പിന്തുടരുന്നത്. ചെൽസിയയുടെ ഭർത്താവിന്റെ അച്ഛനായ എഡ്വാർഡ് മെസ് വിൻസ്‌കി 1973 മുതൽ 1977 വരെ യും അദ്ദേഹത്തിന്റെ ഭാര്യ മർജോറി മാർഗോലി 1993 മുതൽ 1995 വരെയും കോൺഗ്രസിലുണ്ടായിരുന്നു. എന്നാൽ ഒരു കേസിൽ അകപ്പെട്ട് എഡ്വാർഡ് 2001ൽ ജയിലിൽ ആയതിനെ തുടർന്ന് ഇരുവരുടെയും കരിയർ അവസാനിക്കുകയായിരുന്നു. ഹില്ലാരിയുടെ കാംപയിൻ ചെയറായ ജോൺ പോഡെസ്റ്റയുടെ അക്കൗണ്ടിൽ നിന്നും ഇമെയിൽ ചോർന്നതിനെ തുടർന്ന് ചെൽസിയയുടെ സാമ്പത്തിക ഉറവിടങ്ങളും ചോദ്യം ചെയ്യപ്പെട്ടിരുന്നു.