ചെങ്ങന്നൂരിൽ എട്ടുവയസുകാരി ഗായികെയും അച്ഛനെയും ബിജെപി പ്രവർത്തകർ അക്രമിച്ചെന്ന ആരോപണം. എൽഡിഎഫ് പ്രചരണത്തിനെത്തിയ ഗായികയായ എട്ടു വയസുകാരിയെയും പിതാവിനെയുമാണ് ബിജെപി പ്രവർത്തകർ മർദ്ദിച്ചെന്നും ഇവർ സഞ്ചരിച്ചിരുന്ന വാഹനം തകർത്തെന്നുമാണ് ആക്ഷേപം.

ഇന്നലെ രാത്രി 7.30നായിരുന്നു അക്രമം നടന്നതെന്നാണ് വിവരം. സിപിഎം സ്ഥാനാർത്ഥി സജി ചെറിയാന്റെ പ്രചരണത്തിന് എത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയും ഗായികയുമായ പ്രാർത്ഥനയും പിതാവും. പുത്തൻകാവിലെ പ്രചരണ പരിപാടി കഴിഞ്ഞ് ടൗണിലേക്ക് ഇവർ വാഹനത്തിൽ എത്തുമ്പോൾ ബിജെപി പ്രവർത്തകർ തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നുവെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.

അതേസമയം പ്രചാരണം അന്തിമഘട്ടത്തിലേക്ക് നടക്കുന്ന വേളയിൽ തങ്ങൾക്കെതിരെ കെട്ടിച്ചമച്ച നുണക്കഥകൾ പ്രചരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നയപടി സ്വീകരിക്കുമെന്നും ബിജെപി പ്രാദേശിക നേതൃത്വം അറിയിച്ചു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ റോഡ് ഷോയ്ക്കെത്തിയവരാണ് അക്രമം അഴിച്ചുവിട്ടത്. അക്രമികൾ വാഹനം തല്ലിത്തകർക്കുകയും പ്രചാരണ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു.
ഡ്രൈവർ ഈരാറ്റുപേട്ട സ്വദേശി നഹാസിനെ തല്ലിയശേഷം പ്രാർത്ഥനയെയും കൂടെയുണ്ടായിരുന്നവരെയും ഇവർ ഭീഷണിപ്പെടുത്തി. പ്രാർത്ഥനയെയും പിതാവ് രതീഷിനെയും ഡ്രൈവർ നഹാസിനെയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെങ്ങന്നൂർ പുത്തൻകാവിലെ പ്രചരണ പരിപാടി കഴിഞ്ഞ് ടൗണിലേക്കെത്തവെയായിരുന്നു അക്രമം. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പങ്കെടുത്ത പരിപാടിക്കെത്തിയ ബിജെപിക്കാരാണ് അക്രമം നടത്തിയത്. ഇവരുടെ ഇടയിൽ പെട്ടു പോയ വാഹനത്തിലേക്ക് അക്രമികൾ ഇരച്ചുകയറുകയായിരുന്നു. ബിജെപിയുടെ നിരവധി പ്രാദേശിക നേതാക്കളും അക്രമിസംഘത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു.

പ്രാർത്ഥനയുടെ അച്ഛൻ രതീഷ്, ഗായകൻ ഓച്ചിറ സ്വദേശി റെജി സദാനന്ദനും എന്നിവരും കൂടെയുണ്ടായിരുന്നു.തീരുവനന്തപുരം പേരൂർക്കട സ്വദേശിയായ പ്രാർത്ഥന ചെറു പ്രായത്തിലെ വിപ്ലവ ഗാനങ്ങൾ ആലപിച്ച് പേരെടുത്തതാണ്. ദിവസങ്ങളായി ചെങ്ങന്നൂർ മണ്ഡലത്തിൽ എല്ലാ മേഖലകളിലുമെത്തി എൽഡിഎഫ് വേദികളിൽ ഗാനങ്ങൾ ആലപിച്ച് രാഷ്ട്രീയ ഭേദമെന്യേ സർവരുടെയും പ്രശംസ പ്രാർത്ഥന നേടിയിരുന്നു.

ഗാനങ്ങൾ ആലപിച്ച് എല്ലാവരുടേയും പ്രിയങ്കരിയായി പ്രാർത്ഥന മാറിയ രോഷത്തിലാണ് സംഘപരിവാർ ആക്രമണമെന്നാണ് സിപിഎം പറയുന്നത്.എന്നാൽ ബിജെപി ഇത് നിഷേധിച്ചു. . സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ ആശുപത്രിയിലെത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുരുന്നു ഗായികയ്ക്കും പാട്ടുവണ്ടിക്കും നേരെയുണ്ടായ ആക്രമണത്തെ അദ്ദേഹം അപലപിച്ചു. ജനാധിപത്യവിശ്വാസികൾ ഈ കാട്ടാളത്തത്തിനെതിരെ രംഗത്തുവരണമെന്നും എൽഡിഎഫ് പ്രവർത്തകർ സംയമനം പാലിക്കണമെന്നും എം വി ഗോവിന്ദൻ അഭ്യർഥിച്ചു.