കോഴിക്കോട്: ബാലുശ്ശേരി കോട്ടൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെങ്ങോടുമലയിൽ ഖനനം നടത്താനുള്ള വൻകിട കമ്പനിയായ ഡൽറ്റയുടെ നീക്കത്തിനെതിരെ പ്രദേശവാസികൾ ഒരുമിച്ച് പ്രക്ഷോഭത്തിലാണ്. ജൈവസമ്പന്നമായ ചെങ്ങോടുമലയെ തകർക്കാൻ പത്തനംതിട്ട ആസ്ഥാനമായുള്ള ഡെൽറ്റ റോക്ക്സ് പ്രോഡക്ട്സ് എന്ന കമ്പനിയെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നത്. ആദ്യഘട്ടത്തിൽ സി പി എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കമ്പനിക്കൊപ്പം നിലയുറപ്പിച്ചുവെങ്കിലും പിന്നീട് ജനരോഷം മനസ്സിലാക്കി അതിൽ നിന്ന് പിന്തിരിയുകയായിരുന്നു. എന്നാലിപ്പോൾ പല പാർട്ടി നേതാക്കളും കമ്പനി മുതലാളിയിൽ നിന്ന് അനർഹമായി പലതും നേടുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.

ഖനന വിരുദ്ധ സമരത്തെ തകർക്കാൻ വാർഡ് മെമ്പർ ക്വാറി മുതലാളിയിൽ നിന്നും കൈക്കൂലി വാങ്ങിയതായാണ് പുതിയ പരാതി ഉയർന്നിരിക്കുന്നത്. ഇതിനെത്തുടർന്ന് കോട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ടി കെ രഗിൻലാൽ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെച്ചു. ഡി വൈ എഫ് ഐ അവിടനല്ലൂർ മേഖലാ ട്രഷററും സി പി എം നരയംകുളം ബ്രാഞ്ച് അംഗവുമായ രഗിൻലാൽ പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് രാജിവെച്ചത്. ഇയാളെ ഡി വൈ എഫ് ഐയും സി പി എമ്മും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ക്വാറി മുതലാളിയുമായി അവിഹിത ബന്ധം പുലർത്തിയ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ പി സജീവൻ, ഇ ലിബിൻലാൽ എന്നിവരെയും പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.

നേരത്തെ ക്വാറി മുതലാളിയിൽ നിന്ന് പണം കൈപ്പറ്റിയ ഒരു യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഇവരെല്ലാവരും കമ്പനിക്കെതിരെ സമരം നയിക്കുന്ന ആക്ഷൻ കമ്മിറ്റിയുടെ സജീവ പ്രവർത്തകർ കൂടിയാണ്.
സമരത്തിൽ സജീവമായി പങ്കെടുത്തിരുന്ന രണ്ടുപേരെ കമ്പനി മുതലാളി സിനിമ സംവിധാനം ചെയ്യാനുള്ള അവസരം ഒരുക്കാമെന്ന് പറഞ്ഞ് മോഹിപ്പിച്ച് ഒപ്പം കൂട്ടിയതും പ്രദേശത്ത് ഏറെ ചർച്ചയായിരുന്നു. മൂന്നു കോടി രൂപ സിനിമയ്ക്കായി മുടക്കാമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡെൽറ്റ മുതലാളിയുടെ നിർദ്ദേശം. ഇതിൽ ആകർഷിക്കപ്പെട്ട് തിരുവനന്തപുരത്ത് പോയ ഇവർ പിന്നീട് തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ചുവരികയായിരുന്നു.

ചെങ്ങോട് മലയിൽ ക്വാറി ആരംഭിക്കാൻ ശ്രമിക്കുന്ന ഡെൽറ്റ കമ്പനിക്ക് ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കുടിവെള്ള ടാങ്ക് പൊളിക്കാൻ സൗകര്യം ഒരുക്കിയെന്ന് കണ്ടത്തിയതിനെത്തുടർന്ന് പി സജീവനെ നേര്തെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയതായിരുന്നു. രണ്ടാം വാർഡ് ആക്ഷൻ കമ്മിറ്റി കൺവീനറായ രഗിൻലാലിനെ ലിബിൻ ലാലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെത്തിച്ച് ക്വാറി മുതലാളിയുടെ വലയിലാക്കുകയായിരുന്നു. സമരം ശക്തമായ സമയത്ത് ഇതിന്റെ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും ക്വാറി മാഫിയ പ്രചരിപ്പിക്കുകയായിരുന്നു.

സമരസമിതിയിലെ ആളുകളെ ചതിയിൽ പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുകയാണ് ക്വാറി മാഫിയയെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. പത്ത് മാസത്തോളമായി നാട്ടുകാർ ചെങ്ങോടുമല ഖനനത്തിനെതിരെ പോരാട്ടം നടത്തിവരികയാണ്. സമരത്തെ തകർക്കാൻ ഡെൽറ്റാ ഗ്രൂപ്പ് പല തന്ത്രങ്ങളും പയറ്റി വരികയാണ്. പണം വേണ്ടവർക്ക് പണവും ജോലി വേണ്ടവർക്ക് ജോലിയുമെല്ലാം നൽകി ആളുകളെ വളച്ചെടുത്ത് സമരത്തെ പരാജയപ്പെടുത്താനാണ് കമ്പനിയുടെ നീക്കമെന്നും അതിന് പ്രമുഖ രാഷ്ട്രീയ നേതാക്കൾ കൂട്ടു നിൽക്കുകയാണെന്നും സമര സമിതി ഭാരവാഹികൾ പറയുന്നു. നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്ന സംരംഭത്തെ തകർക്കരുതെന്ന് പറഞ്ഞുകൊണ്ട് സി ഐ ടി യു ഉൾപ്പെടെ കമ്പനിക്ക് അനുകൂലമായി പരിപാടികൾ പ്രദേശത്ത് നേരത്തെ സംഘടിപ്പിച്ചിരുന്നു.

മലയിൽ നൂറ് ഏക്കറോളം സ്ഥലമാണ് കമ്പനി വാങ്ങിക്കൂട്ടിയത്. ജനങ്ങൾക്ക് സംശയം തോന്നാതിരിക്കാൻ മഞ്ഞൾ കൃഷിയുടെ ബോർഡ് സ്ഥാപിച്ചാണ് ഇവർ പ്രവർത്തനം തുടങ്ങിയത്. തുടർന്ന് വലിയതോതിൽ മണ്ണ് ഇടിച്ച് നിരത്താൻ തുടങ്ങിയതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിത്തുടങ്ങിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്ഥാലം വാങ്ങിയവരെയും അവരുടെ ഉദ്ദേശവും നാട്ടുകാർക്ക് മനസ്സിലായത്.
മലയെ തകർത്തുകൊണ്ടുള്ള ഖനനം കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഉണ്ടായപോലുള്ള വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും ഇത്തരമൊരു സാഹചര്യത്തിൽ ഖനനം പൂർണ്ണമായി ഇല്ലാതാക്കാൻ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മലയിലും താഴ്‌വാരത്തുമായി നിരവധി കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇവരെല്ലാം ഏറെ ആശങ്കയിലാണ് കഴിയുന്നത്. നേരത്തെ മലയുടെ കിഴക്ക് ഭാഗത്ത് ശക്തമായ ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. ഇവിടെ ഖനനം നടന്നാൽ ഒരു നാട് തന്നെ ഇല്ലാതാകുമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

അതീവ പരിസ്ഥിതി ദുർബല പ്രദേശമായ ചെങ്ങോട്ടുമലയിൽ ഡെൽറ്റാ ഗ്രൂപ്പിന് ഖനനാനുമതി നൽകിയത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന് കോഴിക്കോട് ഡി എഫ് ഒയുടെ റിപ്പോർട്ടുണ്ട്. ഖനനം ആരംഭിച്ചാൽ പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ഈ റിപ്പോർട്ടിലുള്ളത്. ഖനനാനുമതി നൽകിയ തീരുമാനം പുനപരിശോധിക്കണമെന്ന് കോട്ടൂർ വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ഉൾപ്പെടെ സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം അനുവദിക്കരുതെന്ന് കോട്ടൂർ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്.

ഡെൽറ്റാ ഗ്രൂപ്പിന്റെ അപേക്ഷയിൽ ഡിസ്ട്രിക്ട് എൻവയോൺമെന്റ് ഇംപാക്ട് അസസ്മെന്റ് അഥോറിറ്റിയാണ് ഖനത്തിന് അനുമതി നൽകിയത്. കർണ്ണാടക കേന്ദ്രീകരിച്ചുള്ള ഗ്ലോബൽ ഇൻവെസ്റ്രിഗേഷൻ ടീമിന്റെ പഠന റിപ്പോർട്ടാണ് ഖനനത്തിന് അനുമതി നൽകാൻ മാനദണ്ഡമാക്കിയത്. 750 കോടിയുടെ വാർഷിക പ്രൊജക്ടുള്ള വൻകിട ക്വാറിയാണ് ഇവിടെ വരുന്നതെന്നാണ് സമര സമിതി ചൂണ്ടിക്കാണിക്കുന്നത്. 25,000 കോടിയുടെ പദ്ധതിയാണ് ചെങ്ങോടുമലയിൽ വരുന്നതെന്നും ഇത്രയും വലിയ ഖനനം വന്നാൽ മല തന്നെ ഇല്ലാതാവുമെന്നും ഇവർ പറയുന്നു.

റിസോഴ്സ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റിന്റെയും സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെയും വിദഗ്ധരില്ലാതെയാണ് പരിശോധന നടത്തിയതെന്നും പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം ഉൾപ്പെടെ പരിഗണിച്ചില്ലെന്നും ഡി എഫ് ഒയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സമരം ചെയ്യുന്ന നാട്ടുകാരെ ഭിന്നിപ്പിക്കുന്ന എന്ന തന്ത്രമാണ് കമ്പനി നടത്തുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ പഞ്ചായത്ത് വിളിച്ചുചേർത്ത പ്രത്യേക ഗ്രാമസഭ വരെ ഖനന മാഫിയയുടെ ആൾക്കാർ കയ്യേറിയിരുന്നു. കോട്ടൂർ, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചെങ്ങോട്ടുമല നിരവധി സസ്യങ്ങളുടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷി ജന്തു വർഗങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്. നിരവധി ഔഷധ സസ്യങ്ങളും ഈ മലയിലുണ്ട്.