- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങോട്ടുമലയിൽ നൂറേക്കർ സ്ഥലം വിലക്ക് വാങ്ങിയത് മഞ്ഞൾ കൃഷിക്കെന്ന പേരു പറഞ്ഞ്; കൃഷിക്ക് വന്നവർ മൈനിങ്ങിന് അപേക്ഷ നൽകിയപ്പോൾ ചതി മനസിലാക്കി നാട്ടുകാർ; പ്രദേശത്ത് 41 ലക്ഷം ടൺ പാറ ഉണ്ടെന്നും അതിൽ അഞ്ചു കൊല്ലം കൊണ്ട് 12 ലക്ഷം ടൺ പൊട്ടിച്ചെടുക്കുമെന്നും കമ്പനിയുടെ വാദം; മനുഷ്യമതിൽ തീർത്ത് പ്രതിഷേധിക്കാൻ നാട്ടുകാർ
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി താലൂക്കിലെ കോട്ടൂർ പഞ്ചായത്തിലുൾപെട്ട ചെങ്ങോട്ട് മലയിലെ 110 ഏക്കർ സ്ഥലം ഡെൽറ്റാ തോമസ് ഇൻഫ്രാസ്ട്രെക്ചർ ആൻഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിക്കൂട്ടിയത് മഞ്ഞൾക്കൃഷിക്കെന്ന വ്യാജേന. എന്നാൽ മഞ്ഞൾ കൃഷിക്ക് വന്നവർ എന്തിനാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിക്ക് അപേക്ഷ നൽകിയതെന്നും, കമ്പനിയുടെ പൂർവ്വകാല ചരിത്രവും അന്വേഷിച്ച നാട്ടുകാർക്ക് മനസ്സിലായത് ഡെൽറ്റാകമ്പനി മഞ്ഞൾകൃഷി നടത്താനല്ല, മറിച്ച് തങ്ങളുടെ നാടിന്റെ നിലനിൽപിന്റെ പ്രധാന ഘടകമായ ചെങ്ങോട്ട്മലയെ അപ്പാടെതന്നെ ലോറിയിലാക്കി കൊണ്ട് പോകാനാണെന്നാണ്. കൂടുതൽ അന്വോഷണങ്ങൾ നടത്തിയതോടെ സംഗതി സത്യംതന്നെയാണ്. വിഴിഞ്ഞം പദ്ധതിക്കുള്ള കല്ലിറക്കിയ കമ്പനി കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്തെ ചെങ്ങോട്ട് മല വാങ്ങിയത് വൻ സന്നാഹത്തോടെയുള്ള ക്വാറിയും ക്രഷറും തുടങ്ങാൻ തന്നെയാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ ഇപ്പോൾ തങ്ങളുടെ നാടിന്റെ നിലനിൽപിനാധാരമായ നൂറേക്കറിലധികം വരുന്ന ചെങ്ങോട്ട് മലയെയും അതിലൂടെ തങ്ങളുടെയും തന്നെ നിലനിൽന
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി താലൂക്കിലെ കോട്ടൂർ പഞ്ചായത്തിലുൾപെട്ട ചെങ്ങോട്ട് മലയിലെ 110 ഏക്കർ സ്ഥലം ഡെൽറ്റാ തോമസ് ഇൻഫ്രാസ്ട്രെക്ചർ ആൻഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിക്കൂട്ടിയത് മഞ്ഞൾക്കൃഷിക്കെന്ന വ്യാജേന. എന്നാൽ മഞ്ഞൾ കൃഷിക്ക് വന്നവർ എന്തിനാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിക്ക് അപേക്ഷ നൽകിയതെന്നും, കമ്പനിയുടെ പൂർവ്വകാല ചരിത്രവും അന്വേഷിച്ച നാട്ടുകാർക്ക് മനസ്സിലായത് ഡെൽറ്റാകമ്പനി മഞ്ഞൾകൃഷി നടത്താനല്ല, മറിച്ച് തങ്ങളുടെ നാടിന്റെ നിലനിൽപിന്റെ പ്രധാന ഘടകമായ ചെങ്ങോട്ട്മലയെ അപ്പാടെതന്നെ ലോറിയിലാക്കി കൊണ്ട് പോകാനാണെന്നാണ്. കൂടുതൽ അന്വോഷണങ്ങൾ നടത്തിയതോടെ സംഗതി സത്യംതന്നെയാണ്.
വിഴിഞ്ഞം പദ്ധതിക്കുള്ള കല്ലിറക്കിയ കമ്പനി കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്തെ ചെങ്ങോട്ട് മല വാങ്ങിയത് വൻ സന്നാഹത്തോടെയുള്ള ക്വാറിയും ക്രഷറും തുടങ്ങാൻ തന്നെയാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ ഇപ്പോൾ തങ്ങളുടെ നാടിന്റെ നിലനിൽപിനാധാരമായ നൂറേക്കറിലധികം വരുന്ന ചെങ്ങോട്ട് മലയെയും അതിലൂടെ തങ്ങളുടെയും തന്നെ നിലനിൽനിൽപിന് വേണ്ടിയുള്ള പോരാട്ടത്തിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനവുമാരംഭിച്ചിട്ടുണ്ട്. നരയംകുളത്തുകാർക്ക് ചെങ്ങോട്ട് മല കേവലമൊരും കുന്നിൻപ്രദേശമല്ല. അവർക്കതൊരു വികാരമാണ്.
ഒരു പക്ഷേ ശബരിമലയിലേക്ക് പോകുന്നതിനേക്കാളേറെ ഭയഭക്തി ബഹുമാനത്തോടെയാണ് നരയംകുളത്തുകാർ ചെങ്ങോട്ട് മലകയറാറുള്ളത്. അത് പക്ഷെ മതത്തിന്റെയോ, ദൈവ ഭയത്തിന്റേയോ പേരിലല്ല. മറിച്ച് ഈ മലയുടെ ചുറ്റുപാടുമുള്ള തങ്ങളുടെ ജീവനും ജീവിതവും ഈ മലയെ ആശ്രയിച്ചുള്ളതാണെന്ന് ഇന്നാട്ടുകാർക്ക് നന്നായറിയാം. മുൻ തലമുറകളൊക്കെയും അത് തങ്ങളുടെ പുതിയ തലമുറക്ക് പറഞ്ഞ് കൊടുത്തിട്ടുമുണ്ടെന്നതിനാൽ തന്നെയാണ് തങ്ങളുടെ ജീവനാപത്താകുന്ന രീതിയിൽ ഈ മലയെ തകർക്കാനുള്ള ഭീമന്മാരുടെ നീക്കങ്ങൾക്കെതിരെ അവരൊറ്റക്കെട്ടായി സമരത്തിനിറങ്ങിയതും. ഒരു വർഷത്തിലധികമായി പല സമയത്തായി കമ്പനി വാങ്ങിക്കൂട്ടിയതാണ് ചെങ്ങോട്ട് മല മുഴുവനായും.
അതിന് എല്ലാവിധ രാഷ്ട്രീയ പാർട്ടികളുടെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടായിട്ടുണ്ടെന്നതിന് തെളിവാണ് ചെങ്ങോട്ട് മലയിൽ 2006ൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചിരുന്ന ജലനിധിയുടെ കുടിവെള്ളട്ടാങ്കിപ്പോൾ ഡെൽറ്റാകമ്പനിയുടെ കൊപ്രക്കളമായി മാറിയത്. ഈ ടാങ്കിനെ കുറിച്ചുള്ള വിവരങ്ങളറിയാനായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലും കോട്ടൂർ ഗ്രാമപഞ്ചായത്തിലും നൽകിയ വിവരാവകാശത്തിന് ലഭിച്ച മറുപടിയിലെ പൊരുത്തക്കേടുകൾ മാത്രം മതി ഇതിനാരുടെയൊക്കെ പിന്തുണയുണ്ടെന്ന് മനസ്സിലാക്കാൻ. ടാങ്ക് നിർമ്മിച്ചത് ബ്ലോക്ക് പഞ്ചായത്താണന്നും കൂടുതൽ വിവരങ്ങൾ അവർക്കേ അറിയുകയൊള്ളൂ എന്നും കോട്ടൂർ ഗ്രാമപഞ്ചായത്തും, അതല്ല തങ്ങൾ നിർമ്മിക്കുക മാത്രമേ ചെയ്തിട്ടൊള്ളൂ എന്നും അതിന് ശേഷം കോട്ടൂർ ഗ്രാമപഞ്ചായത്തിനത് കൈമാറുകയാണ് ചെയ്തതെന്നുമാണ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും മറുപടി തന്നത്.
പക്ഷെ രണ്ട മറപടികളിലും ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. മേൽപരാമർശിച്ച കുടിവെള്ളടാങ്ക് പൊതുഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും സ്വകാര്യസ്ഥലത്ത് പൊതുഫണ്ട് ചിലവഴിക്കാൻ കഴിയില്ല എന്നും. അപ്പോൾ പിന്നെ പൊതുഫണ്ടുപയോഗിച്ച് നിർമ്മിച്ച വാട്ടർ ടാങ്ക് എങ്ങനെ ഡെൽറ്റാകമ്പനിയുടെ കൊപ്രക്കളമായി എന്നതിന് ആർക്കും മറപടിയില്ല. ഇത് ഡെൽറ്റാകമ്പനിയുടെ നടപടികളിലെ ഒരുപാട് ദുരൂഹതകളിൽ ഒന്ന് മാത്രം. ഇത്തരത്തിൽ നിരവധി ദുരൂഹതകൾ നിറഞ്ഞതാണ് ചെങ്ങോട്ട് മലയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ. നേരത്തെ 2017 ഡിസംബർ 20ന് കോഴിക്കോട്് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം അസിസ്റ്റന്റ്് കളക്ടർ തയ്യാറാക്കിയ റിപ്പോർട്ടിൽ ചെങ്ങോട്ടുമല ഒരു പരിസ്ഥിതി ദുർബല പ്രദേശമാണെന്നും ഇവിടെ നടത്തുന്ന ഏതൊരു ഖനനവും സ്വാഭാവിക പ്രകൃതി സന്തുലനാവസ്ഥയെ ബാധിക്കുമെന്നും അതിനാൽ ഖനന അനുമതി നൽകുന്നതിനു മുമ്പ് വളരെ വിശദവും ശാസ്ത്രീയവുമായ പരിസ്ഥിതി ആഘാത പത്രിക തയ്യാറാക്കണമെന്നും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാകലക്ടറുടെ നിർദ്ദേശമനുസരിച്ച് സ്ഥലം സന്ദർശിച്ചശേഷമാണ് അസിസ്റ്റന്റ് കലക്ടർ റിപ്പോർട്ടു തയ്യാറാക്കിയത്. അതേ സമയം ഈ റിപ്പോർട്ടിനെയടക്കം തള്ളിക്കളഞ്ഞ് നാട്ടുകാർ ഉയർത്തുന്ന ജനകീയ പോരാട്ടങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമവുമായാണ് കമ്പനി മുന്നോട്ട് പോകുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണമാണ് ഈ നാട്ടിൽ തന്നെയുള്ള മുന്നൂറിലധികം ആളുകളെ വൻപ്രതിഫലം ഓഫർ ചെയ്ത് കമ്പനി വാങ്ങിക്കൂട്ടിയ സ്ഥലത്ത് ജോലിക്കെടുത്തിരിക്കുന്നത്. മഞ്ഞൾ കൃഷി നടത്താനെന്ന് പറഞ്ഞാണ് ഇവരെയൊക്കെ മറ്റെവിടെയും ലഭിക്കുന്നതിനേക്കാളേറെ പ്രതിഫലം നൽകി ഇവിടെ ജോലിക്കെടുത്തതെങ്കിലും അതിനകത്ത് ഇതുവരെ യാതൊരു കൃഷിയും തുടങ്ങിയിട്ടില്ലെന്നതാണ് വാസ്തവം.
ഒരു ജോലിയും ചെയ്യുന്നില്ലെങ്കിലും മാസങ്ങളായി ഇത്രയും ആളുകൾ കൃത്യമായി പ്രതിഫലം ലഭിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇവരിൽ പലരും ഇപ്പോൾ കമ്പനിക്കൊപ്പം നിൽക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ സമരങ്ങലെ പ്രതിരോധിക്കാനും നാട്ടുകാരെ ഭിന്നിപ്പിക്കാനുമായി പാറമടക്കമ്പനി ഒരുപത്രിക തയ്യാറാക്കി വീടുകളിൽ വിതരണം ചെയ്തിരുന്നു. അശാസ്ത്രീയ വാദങ്ങൾ സമൂഹത്തോടുള്ള വെല്ലുവിളി എന്ന തലക്കെട്ടിൽ കമ്പനി പുറത്തിറക്കിയ പത്രികയിൽ പറയുന്നത് തങ്ങളുടെ ഡെൽറ്റ കമ്പനി സാമൂഹ്യസേവനം മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണെന്നും, തങ്ങളുടെ കമ്പനി രൂപീകരിച്ചത് തന്നെ കേരളത്തിലുള്ള ജനങ്ങൾ തൊഴിൽ തേടി പുറത്ത് പോകുന്ന അവസ്ഥപരിഹരിക്കാനുമാണെന്നൊക്കെയാണ്. നിരവധി സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന കമ്പനി കോട്ടൂരിനെ ഒരു ടൗൺഷിപ്പാക്കി മാറ്റുമെന്നാണ് പറയുന്നത്. ഇതിനായി തങ്ങൾക്ക് ചെങ്ങോട്ട് മലയുടെ തങ്ങൾ വാങ്ങിക്കൂട്ടിയ സ്ഥലത്തന്റെ പത്ത് ശതമാനം സ്ഥലത്ത് നിന്ന് ഖനനം നടത്തേണ്ടതുണ്ടെന്നും പറയുന്നും.
ഇവിടെയും നാട്ടുകാർ ഒറ്റക്കെട്ടായി പറയുന്നത് തങ്ങളുടെ കുന്നിടിച്ചും, പാറപൊട്ടിച്ചും വിറ്റുണ്ടാക്കുന്ന പണംകൊണ്ടുള്ള ടൗൺഷിപ്പ്്് തങ്ങൾക്ക് വേണ്ട എന്നാണ്. അല്ലെങ്കിൽ തന്നെ പാറമടകൊണ്ട് സമഗ്രവികസനവും ടൗൺഷിപ്പും ഉയർന്ന് വന്നിട്ടുള്ള ഏതെങ്കിലുമൊരു പ്രദേശമുണ്ടോ.ചെങ്ങോടുമലയിൽ 41 ലക്ഷം ടൺ പാറ ഉണ്ടെന്നും അതിൽ അഞ്ചു കൊല്ലം കൊണ്ട് 12 ലക്ഷം ടൺ പൊട്ടിച്ചെടുക്കാമെന്നും ഇതുവഴി 45 പേർക്ക് തൊഴിൽ നൽകാമെന്നും ഇവർ പറയുന്നു. ഒപ്പം തന്നെ 2 എസ്‌കലേറ്റർ, 7 ടിപ്പർ, 5 പാറപൊളിക്കൽയന്ത്രം എന്നിവ തുടക്കത്തിലും പിന്നീട് വർധിപ്പിക്കുമെന്നും കമ്പനി സർക്കാരിൽ അനുമതിക്കായി നൽകിയ രേഖയിൽ പറയുന്നു. വർഷത്തിൽ 2.89 ലക്ഷം ടൺ ആണത്രേ പാറ പൊട്ടിക്കാൻ ഉദ്ദേശിക്കുന്നത്. പാറ പൊട്ടിച്ചെടുക്കാനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നുള്ള അനുമതി ഒരൊറ്റ ദിവസം കൊണ്ടാണ് കമ്പനി നേടിയെടുത്തത്.
2017 സപ്തംബർ 25 നു നൽകിയ അപേക്ഷയിൽ പിറ്റേന്നു തന്നെ അനുമതി കിട്ടി. അനുമതിപത്രത്തിൽ പറഞ്ഞ നിബന്ധനകൾ ഒന്നുപോലും നടപ്പാക്കിയില്ലെങ്കിലും കമ്പനിക്കെതിരെ നിയമപരമായി യാതൊന്നും ചെയ്യാൻ കഴിയാത്ത പാകത്തിലാണ് ജില്ലാ ഓഫീസറുടെ ഉത്തരവ്. സപ്തംബർ മാസത്തിൽ ഖനന അനുമതി ലഭിച്ച കാര്യം മറച്ചുവെച്ചുകൊണ്ട് കമ്പനി ഡിസംബർ മാസത്തിൽ പുറത്തിറക്കിയ ആദ്യ നോട്ടീസിൽ പറയുന്നത് മഞ്ഞൾ കൃഷിയല്ലാതെ ഞങ്ങൾക്ക് ഇവിടെ മറ്റൊരുദ്ദേശ്യവും ഇല്ലെന്നും യാതൊരുവിധ ഖനന അനുമതിക്കും അപേക്ഷിക്കുകപോലും ചെയ്തിട്ടില്ല എന്നുമാണ്.
ഏതായാലും തങ്ങലുടെ ജീവന്റെ നിലനിൽപിനാധാരമായ ചെങ്ങോട്ട് മലയെ വിറ്റ്കിട്ടുന്ന ഒരുവികസനവും വേണ്ടന്ന നിലപാടിലാണ് നരയംകുളത്തെ ജനങ്ങൾ. 24ന് സമരസമിതിയുടെ നേതൃത്വത്തിൽ കമ്പനി സ്ഥാപിച്ച ഗേറ്റിന് മുന്നിൽ മനുഷ്യമതിൽ തീർക്കുന്നുണ്ട്. നേരത്തെ സമരത്തോട് വിമുഖത കാണിച്ചിരുന്ന രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിട്ടുണ്ട്. സ്‌കൂളുകളും വായനാശാലകളും ക്ലബുകളെല്ലാം സമരക്കാർക്കൊപ്പമുണ്ടാകുമെന്ന നിലപാടെടുത്തതോടെ എന്ത് വിലകൊടുത്തും തങ്ങളുടെ ജീവൻ ലോറികയറ്റി കടത്തുന്നത് തടയുമെന്ന തീരുമാനത്തിലാണ് നാട്ടുകാർ.