യുവാക്കളുടെ ഇഷ്ടപ്പെട്ട വാഹനമായി ബുള്ളറ്റ് തിരിച്ചുവരുകയാണെന്ന് നമ്മുടെ റോഡുകൾ തെളിയിക്കുന്നു. റോയൽ എൻഫീൽഡിന്റെ ഘനഗാംഭീര്യമാണ് ഇരുചക്രവിപണിയിൽ ഇപ്പോഴത്തെ ട്രെൻഡ്. നമ്മുടെ റോഡുകളിൽ മാത്രമല്ല, ലോകമെമ്പാടും മോട്ടോർ സൈക്കിൾ ഭ്രമം ഇപ്പോൾ കലശലാണ്. 700സിസിക്ക് മുകളിലുള്ള ആഡംബര മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഹാർലി ഡേവിസണും നമ്മുടെ സ്വന്തം റോയൽ എൻഫീൽഡുമായാണ് ഈ രംഗത്തെ കടുത്ത മത്സരം.

ഹാർലി ഡേവിസണുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും വിൽപനയിൽ എൻഫീൽഡ് മുന്നിൽക്കയറിക്കഴിഞ്ഞു. 2014-ൽ റോയൽ എൻഫീൽഡ് ആകെ വിറ്റത് മൂന്നുലക്ഷത്തോളം മോട്ടോർ സൈക്കിളുകളാണ്. ലോകമെമ്പാടുമായി ഹാർലി ഡേവിസണിന്റെ വിൽപന 2.67 ലക്ഷവും. വിലയുടെ കാര്യത്തിൽ ഇവതമ്മിലുള്ള അന്തരം കൊണ്ടുതന്നെ വിൽപനയുടെ എണ്ണത്തിന് വലിയ പ്രസക്തിയില്ല എന്നതും അംഗീകരിക്കണം.

ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഏറ്റവും വില കുറഞ്ഞ ഹാർലി ഡേവിസണിന് അഞ്ചുലക്ഷത്തോളം രൂപ നൽകണം. റോയൽ എൻഫീൽഡിന്റെ ഏറ്റവും മുന്തിയ വണ്ടിക്ക് രണ്ടുലക്ഷം രൂപയേ വരൂ. എന്നാൽ, ലോകത്തെ ഏറ്റവും പഴയ മോട്ടോർസൈക്കിൾ ബ്രാൻഡായ റോയൽ എൻഫീൽഡ് ഇപ്പോഴും അതിന്റെ പകിട്ട് നിലനിർത്തുന്നുവെന്ന വാസ്തവം അംഗീകരിക്കണം. 

സമീപകാലത്ത് വൻതോതിലുള്ള കുതിച്ചുകയറ്റമാണ് റോയൽ എൻഫീൽഡ് കൈവരിച്ചത്. പുതിയ തരം ബൈക്കുകൾ അരങ്ങുവാണതോടെ എൻഫീൽഡ് വിസ്മൃതിയിലേക്ക് കൂപ്പുകുത്തിയതാണ്. എന്നാൽ, അടുത്ത കാലത്ത് ശക്തമായി അവര് തിരിച്ചുവന്നു. 2012-ൽ 1,13,432 മോട്ടോർ സൈക്കിളുകൾ വിറ്റ എൻഫീൽഡ്, 2013-ൽ അത് 1.78 ലക്ഷമായി ഉയർത്തി. കഴിഞ്ഞവർഷം വൻതോതിൽ വിൽപന കൂടി 2.67 ലക്ഷമായി. ആഗോളവിപണിയിൽ 70 ശതമാനത്തോളം വിൽപനയാണ് റോയൽ എൻഫീൽഡ് കൈവരിച്ചത്.