ചെന്നൈ: ;ചെന്നൈ നഗരം വീണ്ടും വെള്ളപ്പൊക്ക ഭീതിയിലാണ്. നിൽക്കാതെ പെയ്യുന്ന മഴയിൽ ചെന്നൈ മുങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂർ നേരം നിറുത്താതെ പെയ്ത മഴ, നഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാക്കിയിരിക്കുകയാണ്. ഇനി വരുന്ന ദിനങ്ങളിൽ മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തെ ഭയത്തോടെയാണ് ചെന്നൈ വാസികൾ നേരിട്ട് കാണുന്നത്. അതേസമയം, കനത്ത മഴമൂലം ഗൂഡല്ലൂരിൽ ഒരു സ്ത്രീ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

സംസ്ഥാനത്തിന്റെ തെക്കൻ തീരത്തെത്തിയ വടക്കുകിഴക്കൻ മൺസൂണാണ് കനത്ത മഴയ്ക്ക് കാരണം. തമിഴ്‌നാട്ടിൽ വരും ദിവസങ്ങളിലും മഴ തുടരുന്നതാണ് തമിഴ് നാടിനെ ഭയപ്പെടുക്കുന്നത്. ഈ പ്രതിഭാസം രണ്ട് മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടാൻ സർക്കാർ സജ്ജമാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ഡി.ജയകുമാർ പറഞ്ഞു.

ഇന്നലെ ഒന്നര മണിക്കൂർ തുടർച്ചയായി മഴ പെയ്തതോടെ ചെന്നൈയിലെ അണ്ടർ പാസുകൾ വെള്ളക്കെട്ടുകളാവുകയും നഗരത്തിലെ മിക്കയിടങ്ങഴിലും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും വെള്ളക്കെട്ട് രൂക്ഷമായതോടെ കടകൾ അടച്ചിടുകയും ചെയ്തു. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തമിഴ്‌നാട്ടിൽ കാര്യമായി മഴ ലഭിക്കുക. കനത്ത മഴയ്ക്കിടെ ഡെങ്കിപ്പനി പടരുന്നത് വളരെ വലിയ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്

ഓരോ പത്തു വർഷം കൂടുമ്പോഴും വലിയൊരു പ്രളയം ഈ നഗരത്തിൽ പതിവാണ്. മഴ കണക്കിലെടുത്ത് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്നവധി പ്രഖ്യാപിച്ചിരുന്നു.