തിരുവനന്തപുരം: ഡൽഹിക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വഴിതെറ്റിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്റർനാഷണൽ ടെർമിനലിൽ നിന്ന് പുറപ്പെടേണ്ട വിമാനത്തിൽ പോകേണ്ട ആഭ്യന്തരമന്ത്രിയെ ഒപ്പമുണ്ടായിരുന്ന പൊലീസ് എത്തിച്ചത് ഡൊമസ്റ്റിക് ടെർമിനലിലാണ്. ആരുടെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് കണ്ടെത്തി നടപടിയെടുക്കാനാണ് ആഭ്യന്തര വകുപ്പ് പൊലീസിന് നൽകിയ നിർദ്ദേശം.

ഇന്നലെ രാവിലെയായിരുന്നു സംഭവം. രാവിലെ ആറുമണിക്ക് ഇന്റർനാഷണൽ ടെർമിനലിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലാണ് ആഭ്യന്തരമന്ത്രിക്ക് പോകേണ്ടിയിരുന്നത്. എന്നാൽ, ഡൽഹി യാത്രയായതിനാൽ ആഭ്യന്തര വിമാനത്താവളത്തിൽ നിന്നാകുമെന്ന് കരുതിയാണ് മന്ത്രിയുടെ പൈലറ്റ് വാഹനം അവിടേക്ക് പോയത്. തുടർന്നുണ്ടായ ആശയക്കുഴപ്പത്തിൽ മന്ത്രിക്ക് ആ വിമാനത്തിൽ പോകാനുമായില്ല. അദ്ദേഹത്തിന് യാത്ര ഒഴിവാക്കാൻ കഴിയാത്തതിനാൽ മറ്റൊരു വിമാനത്തിൽ പോകേണ്ടിവന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം സിറ്റി പൊലീസ് കമ്മിഷണർ സ്ഥിരീകരിച്ചു. എവിടെയാണ് വീഴ്ചപറ്റിയതെന്നും ഉത്തരവാദികൾ ആരാണ് എന്ന് കണ്ടുപിടിക്കുന്നതിന് വേണ്ടിയാണ് അന്വേഷണം. മന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് കമ്മിഷണർ ഓഫീസിൽ നിന്ന് നിൽകിയ വിവരങ്ങൾ കൃത്യമായിരുന്നു. ഇന്റർനാഷണൽ ടെർമിനലിലേക്ക് തന്നെയാണ് പോകേണ്ടിയിരുന്നത്. എന്നാൽ, വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വീഴ്ചയുണ്ടായത്. മന്ത്രിയുടെ ഗൺമാന്മാരിൽ ആരെങ്കിലുമാണോ എന്നത് കണ്ടുപിടിക്കാനാണ് അന്വേഷണം. വീഴ്ച കണ്ടെത്തിയാൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും.

ഇതുമൂലം ഇൻർനാഷണൽ ടെർമിനലിൽ അഞ്ച് മിനിറ്റ് വൈകിയത്തെിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് ബോർഡിങ് പാസ് നിഷേധിച്ചു. ചൊവ്വാഴ്ച രാവിലെ ആറിന് ചാക്കയിലെ രാജ്യാന്തര ടെർമിനലിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്ക് പോകേണ്ട ആഭ്യന്തരമന്ത്രിയെ ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിന് മുന്നിൽ എത്തിക്കുകയായിരുന്നു. വിമാനം രാജ്യാന്തര ടെർമിനലിൽ നിന്നാണെന്നറിഞ്ഞപ്പോൾ 5.35ഓടെ രാജ്യാന്തര ടെർമിനലിനുള്ളിൽ കടന്നെങ്കിലും 5.30ഓടെ ബോർഡിങ് കൗണ്ടർ ക്‌ളോസ് ചെയ്തിരുന്നു. ചെന്നൈയിലേക്ക് യാത്ര തിരിക്കുന്ന എ.ഐ 968ാം നമ്പർ വിമാനത്തിൽ മന്ത്രി ചെന്നൈയിലേക്ക് പുറപ്പെട്ടു.

മന്ത്രിമാർ വിമാനയാത്ര നടത്തുമ്പോൾ ബോർഡിങ് പാസ് ചുമതലയുള്ള പ്രോട്ടോക്കോൾ ഓഫിസർമാരോ എമിഗ്രേഷൻ ഉദ്യോഗസ്ഥരോ നേരത്തേ എടുത്തുവെക്കാറാണ് പതിവ്. എന്നാൽ, ചൊവ്വാഴ്ച മന്ത്രിയുടെ യാത്രക്കുള്ള ബോർഡിങ് പാസ് എടുത്തുവെക്കാനായി ചുമതല ഏൽപിച്ചയാൾ ടെർമിനലിൽ എത്താത്തതാണ് പ്രശ്‌നമായത്. അതിനൊപ്പം വഴി തെറ്റിയതും പ്രശ്‌നമായി. ഇതെല്ലാം പൊലീസ് അന്വേഷണത്തിന്റെ പരിധിയിൽ വരും.