തിരുവനന്തപുരം: നിസാം കേസിൽ പന്ത് ഇപ്പോൾ ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെ കോർട്ടിലാണ്. ഇതുവരെ കാര്യമായ ഇടപെടൽ നടത്താതെ സ്ഥിതിഗതികൾ നോക്കിയിരുന്ന ആഭ്യന്തര മന്ത്രി ഇനി രംഗത്ത് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. അത് എന്തിനാകുമെന്നതാണ് നിർണ്ണായകം. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഇറക്കാൻ കിട്ടിയ തുറുപ്പു ഗുലാനാണ് നിസാം. പക്ഷേ ഉമ്മൻ ചാണ്ടിയുടെ കൂർമ്മ ബുദ്ധി ചെന്നിത്തലയ്ക്ക് നന്നായി അറിയാം. തനിക്ക് നേരെ വരുന്ന ആയുധങ്ങളെ പോലും പൂമാലയാക്കുന്ന മുഖ്യമന്ത്രിക്ക് എതിരെയുള്ള ചെന്നിത്തലയുടെ നീക്കങ്ങൾ പലതും പൊളിഞ്ഞതാണ്.

വിജിലൻസിനെ ഉപയോഗിച്ച് ടിഒ സൂരജിനെതിരെ നടത്തിയ നീക്കങ്ങൾ, ബാർ കോഴയിലെ ഇടപെടലുകൾ അങ്ങനെ എല്ലാം ഉമ്മൻ ചാണ്ടി പൊളിച്ചു. അതുകൊണ്ട് തന്നെ നിസാം കേസിൽ കരുതലോടെ മാത്രമേ നീങ്ങാൻ കഴിയൂ. അഴിമതി വിരദ്ധ ഇമേജ് ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ ഫലം കണ്ടുവെന്നും ചെന്നിത്തലയ്ക്ക് അറിയാം. പക്ഷേ പാറ്റൂർ ഭൂമി ഇടപാടിൽ വിജിലൻസിനെ കൂട്ട് പിടിച്ച് നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. ഇവിടേയും ലോകായുക്ത ഇടപെടലുകൾ മുഖ്യമന്ത്രിയെ രക്ഷിച്ചു. മുഖ്യമന്ത്രിയെ കുടുക്കാൻ ഇറങ്ങി പല മുതലാളിമാരും രമേശ് ചെന്നിത്തലയ്ക്ക് എതിരുമായി. ഇനിയും മുഖ്യമന്ത്രിക്ക് പ്രതിസന്ധി സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ പ്രതികൂലമാകും. മുതലാളിമാരെല്ലാം പിണങ്ങും. അത് ഗ്രൂപ്പ് പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നതിനും പ്രതിസന്ധിയാകും. ഈ സാഹചര്യത്തിൽ നിസാമിനെ പിന്തുണയ്ക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും ചെന്നിത്തലയ്ക്ക് ചില കേന്ദ്രങ്ങൾ നൽകിയതായാണ് സൂചന.

യാദൃച്ഛികമായാണെങ്കിലും നിസ്സാം കേസ് അന്വേഷിക്കേണ്ടിയിരുന്ന തൃശ്ശൂർ കമ്മിഷൻ ജേക്കബ് ജോബിനെ മാറ്റി നിശാന്തിനിയെ നിയമിച്ചത് നൽകിയ മൈലേജ് ആഭ്യന്തര മന്ത്രിയുടെ മനസ്സിലുണ്ട്. മികച്ച ഉദ്യോഗസ്ഥരെവച്ച് കേസ് മുമ്പോട്ട് പോയാൽ വൻ കോളിളക്കം തന്നെ സൃഷ്ടിക്കാനാകുമെന്ന് മന്ത്രിക്കറിയാം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുക്കാൻ ചെന്നിത്തലയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിന് കാരണം നിസാമിന് വേണ്ടിയുള്ള സർമ്മർദ്ദമാണ്. നിസ്സാമിന്റെ സഹായികൾ എ ഗ്രൂപ്പും ലീഗും ആണെന്ന് ബോധ്യമായതോടെ ഈ നീക്കം ഇമേജ് വർദ്ധിപ്പിക്കാൻ മാത്രമല്ല ഉമ്മൻ ചാണ്ടിക്കെതെരെയുള്ള നിഴൽ യുദ്ധത്തിന് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ചിലർ നൽകിയ ഉപദേശം.

മുഖ്യമന്ത്രിയുടെ അടുത്ത ഉപദേശകനായ ഒരു വ്യവസായ പ്രമുഖന്റെ റോൾ കൂടി ഈ ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് സൂചന. എന്നാൽ ഇപ്പോൾ വമ്പൻ ഓഫറുമായി ചിലർ ചെന്നിത്തലയെ കണ്ടതായും റിപ്പോർട്ടുണ്ട്. ആ ഓഫറിന് മുമ്പിൽ വിട്ടുവീഴ്ച ചെയ്യുമോ അതോ കടുത്ത നടപടി എടുത്ത് ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിക്കുമോ എന്ന കാര്യത്തിൽ ചെന്നിത്തല ഇനിയും തീരുമാനമെടുത്തിട്ടില്ല. മുതലാളിമാർക്ക് ഒപ്പം നിന്നാൽ അതിന്റെ സാമ്പത്തിക ഗുണമുണ്ടാകുമെന്നാണ് ചെന്നിത്തലയെ ബോധിപ്പിക്കാൻ ശ്രമം നടക്കുന്നത്. നിസാമിന് ഉന്നത ബന്ധങ്ങളുണ്ട്. കേസിൽ നിസാമിനെതിരായി നടത്തുന്ന ഇടപെടലുകൾ വലിയ ശ്ത്രുക്കളെ ഉണ്ടാക്കുമെന്നാണ് രമേശിന് കിട്ടുന്ന ഉപദേശം. അതുകൊണ്ട് കൂടിയാണ് ചെന്നിത്തലയുടെ മൗനം. ഐ ഗ്രൂപ്പ് എംഎൽഎമാരെ സ്വാധീനിക്കാൻ പോലും ശക്തിയുള്ള നിസാമിന്റെ അടുത്ത സുഹൃത്തുക്കൾ ഉണ്ട്. പ്രവാസി മലയാളിയായ വ്യവസായ പ്രമുഖനും നിസാമിന്റെ അടുപ്പക്കാരൻ. ഈ വ്യവസായിയുമായി ഐ ഗ്രൂപ്പ് എംഎൽഎമാർക്കുള്ള അടുപ്പം പരസ്യമായ രഹസ്യമാണ്.

അന്വേഷണത്തിൽ പാളിച്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ചന്ദ്രബോസിന്റെ കൊലപാതകക്കേസ് പുതിയ അന്വേഷണ സംഘത്തിനു കൈമാറിയത് ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ചെന്നിത്തലയ്ക്കു നൽകിയ മൈലേജ് ചെറുതൊന്നുമല്ല. പല കാര്യങ്ങളിലും ധീരോദാത്ത നിലപാടു സ്വീകരിക്കാൻ താൻ തയ്യാറാണെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ചെന്നിത്തല നൽകിയത്. ചന്ദ്രബോസിന്റെ ചികിത്സാസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാക്കുപാലിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കെ, ചെന്നിത്തലയുടെ നീക്കങ്ങൾ മുഖ്യമന്ത്രിയെയും വെട്ടിമുന്നേറാൻ ആണെന്നു തന്നെയാണ് സൂചന. ഇതു തിരിച്ചറിഞ്ഞായിരുന്നു പ്രവാസി മലയാളിയുടെ പേരുയർത്തി ചെന്നിത്തലയെ സ്വാധീനിച്ചത്. പരിധി വിട്ട് പോയാൽ ഐ ഗ്രൂപ്പിലെ പ്രമുഖർ ചെന്നിത്തലയ്ക്ക് എതിരെ തിരിയുമെന്നാണ് ഭീഷണി. ഇതിന് കഴിയുന്ന വ്യക്തിതന്നെയാണ് നിസാമുമായി ബന്ധമുള്ള പ്രവാസി വ്യവസായി എന്ന് ചെന്നിത്തലയ്ക്കും അറിയാം.

ചന്ദ്രബോസ് വധക്കേസ് പുതിയ അന്വേഷണ സംഘത്തിനു കൈമാറാൻ എ.ഡി.ജി.പി. എൻ. ശങ്കർറെഡ്ഡിയാണ് ആഭ്യന്തരവകുപ്പിനു ശുപാർശചെയ്തത്. കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ചന്ദ്രബോസിന്റെ ബന്ധുക്കളുടെ അഭിപ്രായം ആരായാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻ സിറ്റി പൊലീസ് കമ്മിഷണർ ജേക്കബ് ജോബിനും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സിഐ പി.സി. ബിജുകുമാറിനും അന്വേഷണത്തിൽ പാളിച്ചകൾ സംഭവിച്ചതായി തൃശൂർ റേഞ്ച് ഐ.ജി. ടി.ജെ. ജോസാണ് എ.ഡി.ജി.പിക്കു റിപ്പോർട്ട് നൽകിയത്. നിലവിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി സിറ്റി പൊലീസ് കമ്മിഷണറെ അറിയിക്കുകയും ചെയ്തു.

സിബിഐയെയോ പുതിയ അന്വേഷണ സംഘത്തെയോ നിയമിക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യം ആലോചിച്ച് അറിയിക്കാമെന്ന് ജമന്തി ജില്ലാ പൊലീസ് മേധാവിയെ ധരിപ്പിച്ചിട്ടുണ്ട്.ചന്ദ്രബോസിന്റെ കൊലപാതക കേസ് അട്ടിമറിച്ച് നിസാമിനെ രക്ഷിക്കാൻ ഉന്നത ഗൂഢാലോചന നടന്നതായുള്ള ആരോപണം ശക്തമായിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടത്. നിസാമിന് സൗകര്യമൊരുക്കാൻ ചാവക്കാട്, വിയ്യൂർ ജയിലുകളിലെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയെന്നുള്ള ആരോപണവും അന്വേഷിക്കണമെന്നും ആഭ്യന്തരമന്ത്രി ഉന്നത ജയിൽവകുപ്പ് അധികാരികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

നിസാമിന്റെ ആഡംബര കാറിൽ ഇയാളുടെ അടുത്തബന്ധു കഴിഞ്ഞദിവസം ജയിലിൽ എത്തുകയും ഈ കാറിൽ വിയ്യൂർ ജയിലിലെ ഉദ്യോഗസ്ഥൻ കയറിപ്പോയതായും ചില ജീവനക്കാർതന്നെ പരാതിപ്പെട്ടിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നിസാമിനെ എംഎൽഎ. ഉൾപ്പെടെ രണ്ട് കോൺഗ്രസ് നേതാക്കൾ ജയിലിലെത്തി കണ്ടതായുള്ള ബാബു എം. പാലിശേരി എംഎ!ൽഎയുടെ ആരോപണത്തെപ്പറ്റിയും എ.ഡി.ജി.പിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതെക്കുറിച്ചെല്ലാം അന്വേഷിച്ചു ജനങ്ങൾക്കൊപ്പമാണു താനെന്ന ധാരണ ഊട്ടിയുറപ്പിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. അങ്ങനെ ശക്തമായ നിലപാടെടുത്താൽ വിട്ടുവീഴ്ചയ്‌ക്കൊന്നും തയ്യാറാകാത്ത നേതാവാണു താനെന്നു തെളിയിക്കാൻ ചെന്നിത്തലയ്ക്കാകും. ഇതു തന്നെയാണ് ഐഗ്രൂപ്പിന്റെ ലീഡർ ആഗ്രഹിക്കുന്നതും.

മുഖ്യമന്ത്രി പോലും അഴിമതിക്കാർക്കുവേണ്ടിയും മറ്റും വിട്ടുവീഴ്ച ചെയ്യുന്നു എന്ന് ആരോപണങ്ങൾ വരുമ്പോൾ കർശന നിലപാടുകൾ സ്വീകരിച്ചു മുന്നോട്ടു പോയാൽ കോൺഗ്രസിൽ ജനകീയ നേതാവെന്ന പ്രതിച്ഛായയാകും ചെന്നിത്തലയെ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയെയും വെട്ടി കോൺഗ്രസിൽ ഒന്നാമതാകാൻ ചെന്നിത്തലയെ ഇക്കാര്യം സഹായിക്കുമെന്നു തീർച്ചയാണ്. അതോ, വിവിധ കേന്ദ്രങ്ങളിൽ നിന്നു വരുന്ന ഓഫറുകൾ സ്വീകരിച്ചു ഒത്തുതീർപ്പുമായി മുന്നോട്ടു പോകാനാണോ ആഭ്യന്തര മന്ത്രിയുടെ തീരുമാനമെന്നു കാത്തിരുന്നു കാണേണ്ടി വരും. പക്ഷേ സമ്മർദ്ദങ്ങളുടെ ശക്തികാരണം രണ്ടാമത്തെ വഴി ആഭ്യന്തരമന്ത്രി തെരഞ്ഞെടുക്കുമെന്നാണ് സൂചന.