ആലപ്പുഴ: ആലപ്പുഴയിലെ ചെറിയനാട് എ.ടി.എം. തകർത്ത് 3,69,000 രൂപ കവർന്ന കേസിൽ ഹരിയാനയിൽ പിടിയിലായ ഡൽഹി മലയാളി ചെങ്ങന്നൂർ സ്വദേശി സുരേഷ് കുമാറുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു. പത്തംഗ പൊലീസ് സംഘമാണ് കേരളത്തിലേക്ക് കുമാറിനെ എത്തിക്കുന്നത്.

മാവേലിക്കര - കോഴഞ്ചേരി എം കെ റോഡിൽ ചെറിയനാട് പടനിലം ജംഗ്ഷനിൽ കഴിഞ്ഞ ഏപ്രിൽ 24നാണ് മോഷണം നടന്നത്. ഡൽഹിയിൽ സ്ഥിരതാമസക്കാരനായ ചെങ്ങന്നൂർ സ്വദേശി സുരേഷ് കുമാർ ഹരിയാനയിലുള്ള സുഹൃത്തക്കളേയും കൂട്ടി വാഹനത്തിൽ ഇവിടെ എത്തിയാണ് കവർച്ച നടത്തിയത്.

ഡൽഹി, ഹരിയാന പൊലീസ് സേനകളുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലാണ് സംഘത്തിലെ പ്രധാനിയായ സുരേഷിനെ കുടുക്കുവാൻ കഴിഞ്ഞത്. പാട്യാല കോടതിയിൽ ഇന്നലെ പ്രതിയെ ഹാജരാക്കിയശേഷമാണ് ഇന്ന് സംഘം തിരിച്ചത്. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണവും ധ്രുതഗതിയിൽ നടക്കുന്നുണ്ട്. ചെങ്ങന്നൂരിൽ നിന്നും രണ്ടു പതിറ്റാണ്ടു മുൻപാണ് ഡൽഹിയിലേക്കു സുരേഷ് കുമാർ ചേക്കേറിയത്.

ഇലക്ട്രോണിക്ക്സ് വ്യാപാരമേഖലയിൽ പ്രാവീണ്യം നേടിയ സുരേഷ് കുമാർ ഡൽഹിയിൽ കുമാർ ഇൻവെർട്ടർ കമ്പനിയുണ്ടാക്കി വ്യാപാരം കൊഴുപിച്ചു. ഇലക്ട്രോണിക്ക് മേഖലയുമായുള്ള പരിചയമാണ് എ ടി എം കവർച്ചയ്ക്ക് സഹായകമായതെന്ന് പൊലീസ് പറഞ്ഞു.

പൊതുവെ വാചാലനായ സുരേഷ് സുഹൃത്തു വലയം സൃഷ്ടിക്കുന്നതിൽ കേമനായിരുന്നു. വിവിധ ഇടങ്ങളിൽ പരിചയപ്പെട്ട സുഹൃത്തുക്കളുമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെത്തി കവർച്ച നടത്തി പരിചയം സിദ്ധിച്ചതിനുശേഷമാണ് കേരളത്തിലേക്ക് കവർച്ചയ്ക്കെത്തിയത്. ഉത്തംനഗറിലെ ആര്യസമാജം റോഡിലെ ഫ്ലാറ്റിലായിരുന്നു സുരേഷിന്റെ താമസം.

കവർച്ച നടത്തി കിട്ടിയ പണം കൊണ്ട് ആഡംബര കാർവാങ്ങി കറങ്ങി നടന്ന് കവർച്ച നടത്തുകയായിരുന്നു സുരേഷും സംഘവും. അയൽവാസിയായ സംഘാംഗം ഷക്കീർ വഴിയാണ് സുരേഷ് മറ്റ് സുഹൃത്തുക്കളെ പരിചയപ്പെടുന്നത്.

ജില്ലാ പൊലീസ് മേധാവി വി എം മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ സിഐമാരായ കെ.സദൻ (കായംകുളം), ജെ, ഉമേഷ് കുമാർ (മാരാരിക്കുളം) ചെങ്ങന്നൂർ എസ്.ഐ.എ ഛ.സുധി ലാൽ ഉൾപ്പടെയുള്ളവരാണ് സംഘത്തിലുള്ളത്. ഒട്ടനവധി തെളിയിക്കപ്പെടാതെ കിടക്കുന്ന വലിയ കവർച്ചകൾക്ക് തുമ്പുണ്ടാക്കാമെന്നുള്ള പ്രതിക്ഷയാണ് പൊലീസിനുള്ളത്.