കീവ്: റഷ്യ തീക്കളി തുടങ്ങിയിരിക്കുന്നു എന്ന് യുക്രെയിനിലെ സ്ലോവ്യുറ്റെക് നഗരത്തിലെ മേയർ മുന്നറിയിപ്പ് നൽകുന്നു.ചെർണോബിൽ ആണവനിലയത്തിലെ ജീവനക്കാരാണ് ഈ നഗരവാസികളിൽ ഏറെയും പേർ. ഇവരെ റഷ്യൻ പട്ടാളം ബന്ധികളാക്കിയതോടെ ആണവ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുകയാണ്.ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെ ജീവനക്കാർ വിഷമിക്കുകയാണ്. എന്നാൽ, ഏറെ ആശങ്കയുണർത്തുന്ന കാര്യം തീര്ന്നു വരുന്ന ഇന്ധന സ്റ്റോക്കാണ്.

പ്ലാന്റിന്റെ സുരക്ഷാ സംവിധാനങ്ങൾക്കും ജനറേറ്ററുകൾക്കും മറ്റും ആവശ്യമായ ഇന്ധനം പോലും ഇല്ലാതെയാകുന്ന സാഹചര്യമാണ് വന്നുകൊണ്ടിരിക്കുന്നത്. തോക്കിൻ മുനയിൽ നിർത്തിയാണ് ഇപ്പോൾ ജീവനക്കാരെകൊണ്ട് അവിടെ പണിയെടുപ്പിക്കുന്നത്. ജീവനക്കാരുടെ ദുരിതങ്ങൾക്കൊപ്പം ഏറുന്ന മാനസിക സമ്മർദ്ദവും കൂടിയാകുമ്പോൾ ഏതു നിമിഷവും ഒരു നാശം വിരുന്നിനെത്തിയേക്കാം എന്നാണ് മേയർ പറയുന്നത്.

ചെർണോബിൽ ആണവനിലയത്തിനു ചുറ്റുമുള്ള എക്സ്‌ക്ലൂഷൻ സോണിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും ഇത് ശരിവയ്ക്കുന്നു. ശാരീരികവും മാനസികവുമായി തളർന്ന ജീവനക്കാർ ഇപ്പോൾ ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന പരിമിതികളിൽ എത്തി നിൽക്കുകയാണെന്ന് ഈ ഉദ്യോഗസ്ഥൻ പറയുന്നു. പലരും 24 മണിക്കൂറും പ്രവർത്തിക്കുവാൻ നിർബന്ധിതരാവുകയാണ്.

1986- ലെ വൻ ആണവദുരന്തത്തിനു ശേഷം മാലിന്യം കൊണ്ടു മൂടീയ സമീപ പ്രദേശങ്ങളിൽ നിന്നും ആണവനിലയത്തിലെ ജീവനക്കാരെയും മറ്റുള്ളവരെയും മാറ്റിപ്പാർപ്പിക്കാനായി നിർമ്മിച്ച നഗരമാണ് സ്ലോവ്യുറ്റെക്. ഏകദേശം 20,000 പേരാണ് ഈ നഗരത്തിൽ താമസിക്കുന്നത്.അധിനിവേശത്തിന്റെ അദ്യ ദിനം തന്നെ ഈ നഗരം റഷ്യൻ സൈന്യം ഉഴുതുമറിച്ചിരുന്നു. നഗരത്തിലേക്കുള്ള വൈദ്യൂതി വിതരണവും കുടിവെള്ള വിതരണവുമൊക്കെ തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യൂതി വിതരണം ഏതാണ്ട് നിലച്ചതോടെ വീടുകൾക്ക് വെളിയിൽ അടുപ്പുകൾ കൂട്ടി വിറകു കത്തിച്ചാണ് പലവീടുകളിലും പാചകം ചെയ്യുന്നത്.

ഏതായാലും നീണ്ട അഞ്ചു ദിവസങ്ങൾക്ക് ശേഷം നഗരത്തിൽ വൈദ്യൂതി വിതരണം പുനഃസ്ഥാപിക്കാനായത് ഏറെ ആശ്വാസകരമായ കാര്യമാണ്. ഡീക്കമ്മീഷൻ ചെയ്ത ആണവകേന്ദ്രത്തിൽ 20 ടൺ അണവ മാലിന്യങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് തുടർച്ചയായി തണുപ്പിച്ചുകൊണ്ടിരുന്നില്ലെങ്കിൽ ബാഷ്പീകരണം വഴി പുറത്തേക്ക് വികിരണം ഉണ്ടാകും. അതുകൊണ്ടു തന്നെ തടസ്സമില്ലാതെ വൈദ്യൂതി ലഭിക്കേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. വൈദ്യൂതി വിതരണം അല്പനേരത്ത് നിലച്ചാൽ പോലും വൻ ദുരന്തമായിരിക്കും നഗരത്തെ കാത്തിരിക്കുന്നത്.