- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വയം പ്രഖ്യാപിത മെത്രാന്റെ നീക്കമെങ്ങുമെത്തിയില്ല; ചെറുവള്ളി എസ്റ്റേറ്റ് ഈ മാസമവസാനം സർക്കാർ ഏറ്റെടുത്തേക്കും; ജാഗ്രതാസേന ബൂമാറാങ്ങാകുമോയെന്ന് പൊലീസിന് ഭയം
കോട്ടയം: പാട്ടത്തിനെടുത്ത് സർക്കാർഭൂമി ഹാരിസൺ ബിഷപ്പ് യോഹന്നാനു മറിച്ചു വിറ്റ 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് 27 ന് സർക്കാർ ഏറ്റെടുക്കും. രഹസ്യമായിട്ടായിരിക്കും ഏറ്റെടുപ്പ്. ഇതിനുള്ള നീക്കം അണിയറയിൽ തുടങ്ങി. തോട്ടം ഏറ്റെടുക്കുമ്പോൾ പുറമേനിന്നുള്ളവർ കൈയേറാൻ സാധ്യതയുണ്ടെന്നു പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുഖേന ലഭിച്ച റിപ്പോ
കോട്ടയം: പാട്ടത്തിനെടുത്ത് സർക്കാർഭൂമി ഹാരിസൺ ബിഷപ്പ് യോഹന്നാനു മറിച്ചു വിറ്റ 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് 27 ന് സർക്കാർ ഏറ്റെടുക്കും. രഹസ്യമായിട്ടായിരിക്കും ഏറ്റെടുപ്പ്. ഇതിനുള്ള നീക്കം അണിയറയിൽ തുടങ്ങി.
തോട്ടം ഏറ്റെടുക്കുമ്പോൾ പുറമേനിന്നുള്ളവർ കൈയേറാൻ സാധ്യതയുണ്ടെന്നു പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുഖേന ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോട്ടം തൊഴിലാളികളുടെ പിന്തുണ കൂടി ഏറ്റെടുപ്പിന് ലഭ്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഇതിനായി പൊലീസ് മുൻകൈയെടുത്ത്, തോട്ടം തൊഴിലാളികളെയും നാട്ടുകാരെയും ഉൾപ്പെടുത്തി ജാഗ്രതാ സേന രൂപീകരിച്ചു.
തോട്ടം സർക്കാർ ഏറ്റെടുത്താലും തൊഴിലാളികൾക്ക് മുൻപ് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളും തൊഴിലും തുടർന്നും ലഭിക്കുമെന്ന് പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഡി.ജി.പി സെൻകുമാർ കോട്ടയം എസ്‌പി മുഖേനെയാണ് ജാഗ്രതാ സമിതി രൂപീകരിച്ചിരിക്കുന്നത്. മണിമല പൊലീസ് സ്റ്റേഷനിൽ മൂന്നുദിവസം മുൻപ് സി.ഐയുടെ നേതൃത്വത്തിൽ ഇതിനുള്ള യോഗം വിളിച്ചിരുന്നു.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് തൊഴിലാളികൾ തടസമാകുമെന്ന് നേരത്തേ തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. തോട്ടം ഗോസ്പൽ ഫോർ ഏഷ്യ വാങ്ങിയ നാൾ മുതൽ വിവിധ സംഘടനകളുടെ കൈയേറ്റശ്രമം ഇവിടെ നടന്നു വരികയായിരുന്നു. ഇപ്പോഴും ആഴ്ചയിൽ ഒന്നു വീതം കൈയേറ്റക്കാർ ഇവിടെ എത്തുന്നുണ്ട്. പക്ഷേ, ഇവരെല്ലാം തോട്ടം തൊഴിലാളികളുടെ സംഘടിതശക്തിക്ക് മുന്നിൽ തോറ്റു തുന്നംപാടുകയായിരുന്നു. ഇക്കാര്യം മനസിലാക്കിയാണ് സർക്കാർ ഒരു മുഴം നീട്ടിയെറിഞ്ഞ് തൊഴിലാളികളെ കൈയിലെടുക്കാൻ ശ്രമിക്കുന്നത്.
കൈയേറ്റം ഒഴിവാക്കാൻ സർക്കാർ രൂപീകരിച്ച ജാഗ്രതാ സമിതി ഒടുവിൽ ബൂമറാങ് പോലെ തിരിച്ചടിക്കുമെന്ന ഭീതിയും പൊലീസിന് ഇല്ലാതില്ല. നിലവിൽ മികച്ച ആനുകൂല്യവും വേതനവുമാണ് ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ലഭിക്കുന്നത്. തൊഴിലാളികളെ ഉപയോഗിച്ച് തോട്ടം നിലനിർത്താനുള്ള മാനേജ്‌മെന്റിന്റെ തന്ത്രം കൂടിയാണിത്. ഇവിടത്തെ തൊഴിലാളികൾ പൂർണ തൃപ്തരാണ്. അങ്ങനെയുള്ള പാളയത്തിൽ വിള്ളലുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമം. ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. കാരണം മുൻപ് സർക്കാർ ഏറ്റെടുത്ത തോട്ടങ്ങളൊക്കെയും ഇന്ന് നാശത്തിന്റെ വക്കിലാണ് എന്നതു തന്നെ.
26, 27 തീയതികളിൽ ചെറുവള്ളി ഏറ്റെടുക്കുമെന്നാണ് ലാൻഡ് റവന്യൂ കമ്മിഷണറുടെ ഓഫീസിൽനിന്നുള്ള വിവരം. ഏറ്റെടുക്കുന്ന തീയതി പുറത്തുവരാതെ മിന്നൽ നീക്കത്തിലൂടെ പിടിച്ചെടുക്കാനുള്ള സർക്കാരിന്റെ നീക്കം ഇപ്പോൾ തന്നെ ചോർന്നു കഴിഞ്ഞു. ഇക്കാര്യം മനസിലാക്കിയാണ് കൈയേറ്റക്കാർ അണിയറയിൽ ഒരുങ്ങുന്നത്. ചെങ്ങറയിലേതു പോലെ കൈയേറ്റക്കാർ തോട്ടത്തിൽ കടന്നാൽ പിന്നെ അവിടെനിന്ന് ഇറക്കിവിടാൻ ബുദ്ധിമുട്ടാകും. ഇതാണ് മാനേജ്‌മെന്റിനും സർക്കാരിനും ഇപ്പോൾ തലവേദനയായിരിക്കുന്ന ഘടകം.
അതേസമയം, തോട്ടം ഏറ്റെടുക്കുന്നത് തടയാൻ ഗോസ്പൽ ഫോർ ഏഷ്യ വീണ്ടും കോടതിയെ സമീപിച്ചേക്കും. ഹാരിസൺ ഭൂമി തിരിച്ചു പിടിക്കുന്നതിനായി രാജമാണിക്യത്തെ സ്‌പെഷൽ ഓഫീസറാക്കിയാണ് സർക്കാർ ദൗത്യസേന രൂപീകരിച്ചിരിക്കുന്നത്. ഹാരിസണിൽ നിന്ന് 63 കോടി നൽകിയാണ് ഗോസ്പൽ ഫോർ ഏഷ്യ ചെറുവള്ളി എസ്റ്റേറ്റ് 10 വർഷം മുൻപ് സ്വന്തമാക്കിയത്.