മാവേലിക്കര: ചരിത്ര പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി ഈ മാസം 24 നു നടക്കും. കുംഭമാസത്തിലെ ഭരണി നക്ഷത്രത്തിൽ നടക്കുന്ന പ്രധാന ചടങ്ങുകളായ കുത്തിയോട്ടത്തിന്റെയും കെട്ടുകാഴ്ചകളുടെയും ഒരുക്കങ്ങൾ ദേവീക്ഷേത്രത്തിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കുംഭഭരണി ആഘോഷങ്ങളിലെ പ്രധാന ചടങ്ങായ കുത്തിയോട്ടം 17 മുതൽ വഴിപാടുകാരുടെ ഗൃഹങ്ങളിൽ ആരംഭിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന അനുഷ്ഠാനമായിട്ടാണ് കുത്തിയോട്ടം നടക്കുന്നത്. എട്ടു വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുക. ഇത്തവണ പത്തു കുത്തിയോട്ടമാണുള്ളത്. ഫെബ്രുവരി 22 നു കുത്തിയോട്ടങ്ങൾ സമാപിക്കും. ഗൃഹങ്ങളിൽ നിന്നു ഘോഷയാത്രയായി കുത്തിയോട്ടങ്ങൾ പുറപ്പെട്ടു ഭരണി ദിവസം രാവിലെ 6.30 മുതൽ ക്ഷേത്രത്തിലെത്തിച്ചേരും.

വൈകിട്ട് 5.30 മുതൽ 13 കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് എത്തും. രാത്രി 8.30 ന് ദേവസ്വം ബോർഡിന്റെ ഗ്രാന്റ ് വിതരണസമ്മേളനത്തിൽ ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ കൺവൻഷൻ പ്രസിഡന്റ ബി. ഹരികൃഷ്ണൻ, സെക്രട്ടറി പി. രഘുനാഥ്, ജോയിന്റ് സെക്രട്ടറി രാജേഷ്, പത്മകുമാർ, കരനാഥന്മാർ തുടങ്ങിയവർ പങ്കെടുത്തു.