തിരുവനന്തപുരം: :പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിനെ പൂട്ടാൻ വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ ഉത്തരവ്. നടപടിക്കു നിർദ്ദേശിച്ചുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുറിപ്പിന്റെ പകർപ്പു മറുനാടൻ മലയാളിക്കു ലഭിച്ചു. വി എ അരുൺകുമാറിനെതിരെയുള്ള മുഴുവൻ അഴിമതി ആരോപണങ്ങളെക്കുറിച്ച് അടിയന്തിര നടപടി സ്വീകരിക്കാനാണു മുഖ്യമന്ത്രി വിജിലൻസ് ഡയറക്ടർക്ക് ഉത്തരവ് നൽകിയത്. വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിക്കാണ് ഇതു സംബന്ധിച്ച നിർദ്ദേശം മുഖ്യമന്ത്രി നൽകിയത്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി സർക്കാർ രഹസ്യധാരണയും പരസ്പര സഹായ സഹകരണവും ഉള്ളതിനാലാണ് വി എസ് അച്യുതാനന്ദന്റെ മകനെതിരെയുള്ള മുഴുവൻ വിജിലൻസ് അന്വേഷണങ്ങൾ അട്ടിമറിക്കുകയും നാലര വർഷമായി അന്വേഷണം നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നതെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ പരാതി നൽകിയിരുന്നു. ഈ പരാതിയിേന്മലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. അതിവേഗം അന്വേഷണം പൂർത്തിയാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.

ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി എ അരുൺകുമാറിനെതിരെ അതീവ ഗുരുതരമായ 13 അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തുന്ന അന്വേഷണം അട്ടിമറിച്ചു. പരാതിക്കാരനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുക്കാതെയാണ് വിജിലൻസ് കഴിഞ്ഞ നാലര വർഷക്കാലമായി അന്വേഷണം നടത്തുന്നതെന്നും ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുറ്റപ്പെടുത്തി. വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരാതി.

ഐഎച്ച്ആർഡിയിൽ ജോലി ചെയ്ത് വരെവേ വി എ അരുൺകുമാർ പിഎച്ച്ഡി രജിസ്‌ട്രേഷനുവേണ്ടി വ്യാജരേഖ ചമച്ചതായ ആരോപണം, കെ പി പി നമ്പ്യാരോട് കണ്ണൂർ പവർ പ്രോജക്ടിന്റെ മൊത്തം തുകയായ 1500 കോടി രൂപയുടെ 5 ശതമാനമായ 75 കോടി രൂപ വിഎ അരുൺകുമാർ ആവശ്യപ്പെട്ടുവെന്ന ആരോപണം തുടങ്ങി നിരവധി ആരോപണങ്ങളെക്കുറിച്ചാണ് അന്വേഷണം.

കയർഫെഡ് മാനേജിങ് ഡയറക്ടറായിരിക്കെ വിഎ അരുൺകുമാറിനെതിരെ ഉയർന്ന അഴിമതി ആരോപണം, വിഎ അരുൺകുമാറിന്റെ കഴിഞ്ഞ 5 വർഷക്കാലത്തെ വിദേശയാത്രകളുടെ വിശദാംശം, വിഎ അരുൺകുമാറിന്റെ സ്വത്ത് എന്നിവ സംബന്ധിച്ച ആരോപണം, തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിലും, കോഴിക്കോട് കോസ്‌മോപോളിറ്റൻ ക്ലബ്ബിലും അംഗത്വം എടുക്കാനുള്ള വിഎ അരുൺകുമാറിന്റെ സാമ്പത്തിക ശ്രോതസ്സ് സംബന്ധിച്ച് ആരോപണം, ചെറി എന്റർപ്രൈസസ് എന്ന സ്ഥാപനവുമായി വിഎ അരുൺകുമാറിന്റെ ബിസിനസ്സ് ബന്ധങ്ങൾ സംബന്ധിച്ച് ആരോപണം,

വിഎ അരുൺകുമാർ, ദീപ്തി പ്രസേനൻ എന്നിവർ ചതുപ്പുനിലം നികത്താൻ ഒത്താശ ചെയ്യാമെന്ന് പറഞ്ഞ് പണം വാങ്ങി ചതിച്ചുവെന്ന് സന്തോഷ് മാധവന്റെ ആരോപണം, ചന്ദന ഫാക്ടറിയുടമ ഖാദർ പാലോത്ത്, വിഎ അരുൺകുമാറിന് 7 ലക്ഷം രൂപ നൽകിയെന്ന വെളിപ്പെടുത്തൽ സംബന്ധിച്ച് ആരോപണം, മറയൂർ ചന്ദനകേസിൽ സിബിഐ അന്വേഷണം നടത്തി മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന റിപ്പോർട്ടിൽ സമയോജിതമായ തുടർ നടപടി സ്വീകരിക്കാതെ കുറ്റാരോപിതനായ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് റിട്ടയർ ചെയ്യാൻ അവസരം നൽകിയത് സംബന്ധിച്ച് ആരോപണം ്എന്നിങ്ങനെ പട്ടിക നീളുന്നു.

പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ചന്ദന ഫാക്ടറിക്ക് 2004 ൽ വിഎ അരുൺകുമാർ ഇടപെട്ട് ലൈസൻസ് പുതുക്കി നൽകിയത് സംബന്ധിച്ച ആരോപണവും വി എ അരുൺകുമാറും ദല്ലാൾ നന്ദകുമാറുമായുള്ള അവിഹിതബന്ധം സംബന്ധിച്ച ആരോപണവും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണു സൂചന.

സംസ്ഥാന വിജിലൻസ് നടത്തുന്ന അന്വേഷണങ്ങൾ എത്രയും വേഗം പൂർത്തിയാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോമോൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അടിയന്തിര നടപടി സ്വീകരിക്കുമെന്നു മറുപടിക്കുറിപ്പിൽ മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.